2022 August 20 Saturday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ബിഷപ്പിന്റെ പരാമര്‍ശത്തില്‍ അരമന കയറിയിറങ്ങിയ സര്‍ക്കാരും രാഷ്ട്രീയ നേതൃത്വവും പാതിരിയുടെ ഈഴവ വിരുദ്ധ പരാമര്‍ശത്തില്‍ വെട്ടിലാകുന്നു. വെള്ളാപ്പള്ളിയുടേത് ശക്തമായ മറുപടി

 

എം.ഷഹീര്‍

കോഴിക്കോട് : പാലാ ബിഷപ്പിന്റെ വര്‍ഗീയ പ്രസംഗത്തില്‍ സ്വീകരിച്ച അനുകൂല നിലപാട് പിണറായി സര്‍ക്കാരിനെ തിരിഞ്ഞു കുത്തുന്നു.ഈഴവ യുവാക്കള്‍ ക്രിസ്ത്യന്‍ യുവതികളെ പ്രണയവലയിലാക്കി തട്ടിക്കൊണ്ടു പോകുന്നുവെന്ന കത്തോലിക്കാ വൈദികന്‍ റോയി കണ്ണന്‍ചിറയുടെ പരാമര്‍ശത്തിനെതിരെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍ രംഗത്ത് വന്നതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. പച്ചയായ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ പാലാ ബിഷപ്പിനെ അരമനയില്‍ ചെന്ന് കണ്ട് പിന്തുണച്ച മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പുതിയ വിവാദത്തോടെ പുലിവാല് പിടിച്ച അവസ്ഥയിലാണ്.

ബി.ജെ.പിയെ പോലും കവച്ച് വച്ച് പാര്‍ട്ടി സമ്മേളന രേഖയിലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ സി.പി.എമ്മാണ് കൂടുതല്‍ വെട്ടിലായത്. സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ കോണ്‍ഗ്രസും യു.ഡി.എഫും വിഷയത്തില്‍ കയ്യടി നേടുകയാണ്.

ലവ് ജിഹാദും മതപരിവര്‍ത്തനവും ഏറ്റവും കൂടുതല്‍ നടത്തുന്നത് ക്രിസ്ത്യന്‍ സമുദായമാണെന്നായിരുന്നു എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചത്. മുസ് ലിംകള്‍ക്കിടയില്‍ ഒരു മതപരിവര്‍ത്തനം നടത്തുമ്പോള്‍ മറുഭാഗത്ത് ഡസന്‍ കണക്കിനാണ് നടക്കുന്നതെന്നും എന്തുകൊണ്ട് ഇതാരും പറയുന്നില്ലെന്നും വെള്ളാപ്പള്ളി ചോദിച്ചു. ഈ സത്യങ്ങള്‍ തുറന്നുപറയുമ്പോഴെല്ലാം അവരെല്ലാം ദേശീയവാദികളും ഞങ്ങളെല്ലാം വര്‍ഗീയവാദികളുമാണ്. ദീപികയുടെ തലപ്പത്തിരുന്ന് ഫാദര്‍ റോയി കണ്ണന്‍ചിറ പറഞ്ഞത് സംസ്‌ക്കാരത്തിന് നിരക്കാത്തതാണ്. വര്‍ഗീയ വിഷം വമിക്കുന്ന പരാമര്‍ശം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് ശരിയല്ല.സീനിയറായ വൈദികന്റെ ഭാഗത്ത് നിന്നുമാണ് ഈഴവര്‍ക്കെതിരെ പരാമര്‍ശം ഉണ്ടായത്.

വൈദികപട്ടം കിട്ടുന്നത് ആരെക്കുറിച്ചും എന്തും പറയാനുള്ള ലൈസന്‍സ് അല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്താവനയെയും വെള്ളാപ്പള്ളി തള്ളി. മയക്കുമരുന്നിന്റെ പേരില്‍ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല. നാട്ടിലെ സ്‌കൂള്‍ കോളേജ് പരിസരങ്ങളില്‍ എല്ലാം മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ട്. ഇതെല്ലാം തടയേണ്ടത് സര്‍ക്കാരാണ്. മുസ്‌ലിം സമുദായത്തെ മാത്രം അതിന്റെ പേരില്‍ കുറ്റം പറഞ്ഞത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

ഈഴവ യുവാക്കള്‍ കത്തോലിക്കാ വിഭാഗത്തിലെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നുവെന്നും ഇതിനായി അവര്‍ക്ക് പ്രത്യേക പരിശീലനം ലഭിക്കുന്നുവെന്നുമായിരുന്നു ദീപിക ചീഫ് എഡിറ്റര്‍ കൂടിയായ ഫാദര്‍ റോയി കണ്ണന്‍ചിറയുടെ വിവാദ പരാമര്‍ശം. കത്തോലിക്കാ സഭയുടെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകരുടെ പരിശീലന പരിപാടിയില്‍ പരാമര്‍ശം യൂട്യൂബില്‍ പ്രചരിച്ചതോടെ ഏറെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

ഇതോടെ പരാമര്‍ശം പിന്‍വലിച്ച് വൈദികന്‍ ഖേദം പ്രകടിപ്പിച്ചുവെങ്കിലും ഇന്ന് വെള്ളാപ്പള്ളി നടേശന്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചതോടെ കത്തോലിക്കാ സഭയുടെ നിലപാടുകള്‍ വീണ്ടും ചര്‍ച്ചാ വിഷയമാകുകയാണ്. കത്തോലിക്കാ ബിഷപ്പുമാരുടെയും വൈദികരുടെയും വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ മുസ്‌ലിം സംഘടനകള്‍ക്ക് പുറമേ വിവിധ ക്രിസ്ത്യന്‍ സഭകളും രംഗത്തെത്തിയിരുന്നു. എന്‍.എസ്.എസ് പാലാ ബിഷപ്പിനെ പരോക്ഷമായി പിന്തുണച്ചെങ്കിലും എസ്.എന്‍.ഡി.പി യോഗം വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ലായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.