2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സാദിഖലി തങ്ങളുടെ രാഷ്ട്രീയ പരീക്ഷണങ്ങൾ

പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കേരള രാഷ്ട്രീയത്തിന്റെ നടുത്തളത്തിലേക്ക് വരികയാണ്. മുസ്ലിം ലീഗിന്റെ അധ്യക്ഷ പദവിയിലിരുന്നിട്ടുള്ള തങ്ങന്മാരാരും ഇതുവരെ പരീക്ഷണത്തിനെടുക്കാത്ത സാഹസത്തിലൂടെ. ലീഗ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തയുടനെ കേരളത്തിന്റെ 14 ജില്ലകളിലും പര്യടനം നടത്തുകയും ഓരോ ജില്ലയിലും വിവിധ സമുദായനേതാക്കളുമായും മുസ്ലിം സംഘടനകൾക്കകത്തെ വിവിധ നേതാക്കളുമായും മാധ്യമപ്രവർത്തകരുമായുമൊക്കെ ആശയവിനിമയം നടത്തുകയും ചെയ്തു. ലീഗ് രാഷ്ട്രീയത്തിന് പുതിയൊരു വഴി വെട്ടിത്തുറക്കുകയാണ് അദ്ദേഹം. ഇതുവരെ പാർട്ടിയുടെ തലപ്പത്തിരുന്ന അധ്യക്ഷന്മാരെ പോലെയാവില്ല താൻ പ്രവർത്തിക്കുക എന്ന വ്യക്തമായ സന്ദേശം നൽകിക്കൊണ്ട്.

ഓരോ ജില്ലയിലും പര്യടനത്തിനോടനുബന്ധിച്ച് കക്ഷി രാഷ്ട്രീയ വ്യത്യാസ ലേശമെന്യേ, സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ക്ഷണിച്ചുവരുത്തി മനസ്സു തുറപ്പിച്ച സാദിഖലി തങ്ങൾ കേരള സമൂഹത്തെ സ്വന്തം രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ പഠിക്കുകയായിരുന്നു. ഒപ്പം രാഷ്ട്രീയത്തെയും മതേതരത്വത്തെയും ജനാധിപത്യത്തെയും കുറിച്ച് സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ വിശദീകരിക്കുകയും ചെയ്തു അദ്ദേഹം.

മുസ്ലിം ലീഗ് അധ്യക്ഷസ്ഥാനം കുറേക്കാലമായി കൈകാര്യം ചെയ്തുവരുന്നത് തങ്ങൾ കുടുംബമാണ്. തങ്ങൾ കുടുംബാംഗങ്ങൾക്ക് എക്കാലത്തുമുള്ള ആത്മീയ പരിവേഷവുമായിക്കൂടി ബന്ധപ്പെട്ടു കിടക്കുന്നതാണത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും പിന്നീട് പ്രസിഡന്റായ ഹൈദരലി ശിഹാബ് തങ്ങളുമെല്ലാം ഈ ആത്മീയതയുടെ ധാരയിലൂടെ കടന്നുവന്നവരാണ്. സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കിറങ്ങിക്കളിക്കാൻ പൊതുവെ തങ്ങന്മാർ തയാറാകാറില്ല. ബാഫഖി തങ്ങൾ ഒഴികെ. 1992ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ട കാലത്ത്, കേരളത്തിൽ മുസ്‌ലിം ലീഗ് ഗുരുതരമായ രാഷ്ട്രീയ കോളിളക്കങ്ങളെയാണ് നേർക്കുനേരെ നേരിടേണ്ടിവന്നത്. അന്ന് അധ്യക്ഷനായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അങ്ങേയറ്റം സംയമനത്തോടു കൂടിത്തന്നെ പാർട്ടിയെ നയിച്ചു. ദേശീയാധ്യക്ഷൻ ഇബ്രാഹിം സുലൈമാൻ സേട്ട്, കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തിയതാവട്ടെ പാർട്ടിക്കുള്ളിൽ വലിയ സംഘർഷത്തിന് വഴിയൊരുക്കുകയും ചെയ്തു. ലീഗ് രാഷ്ട്രീയം ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ഘട്ടം. സേട്ട് ലീഗിൽ നിന്ന് വേർപെട്ട് ഐ.എൻ.എൽ രൂപീകരിച്ചു. എങ്കിലും ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് വെല്ലുവിളികൾ നേരിട്ടു. ബാബരി മസ്ജിദ് വിഷയത്തിൽ ഉത്തരേന്ത്യയിൽ പലേടത്തും സംഘർഷം പൊട്ടിപ്പുറപ്പെട്ടുവെങ്കിലും കേരളത്തിൽ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ലെന്നത് ലീഗ് നേതൃത്വത്തിന്റെ മികവിലേക്ക് വിരൽ ചൂണ്ടുന്ന വലിയ ഉദാഹരണമായി.
കേരള രാഷ്ട്രീയത്തിൽ ഐക്യജനാധിപത്യ മുന്നണി സങ്കീർണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്‌ലിം ലീഗിന്റെ തലപ്പത്ത് പുതിയ അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ കടന്നുവരുന്നത്. മുൻനിര രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞിട്ടില്ലാത്ത ചെറുപ്പക്കാരൻ. തുടർച്ചയായി രണ്ടാം തവണയും പരാജയം ഏറ്റുവാങ്ങി യു.ഡി.എഫ് ദുർബലമായിരിക്കുന്ന ഘട്ടം. ഒന്നിടവിട്ട ഇടവേളകളിൽ ഭരണം കൈയാളിയിട്ടുള്ള ലീഗിന് തുടർച്ചയായി രണ്ടു പ്രാവശ്യം ഭരണം കൈവിട്ടുപോയതിന്റ ദുഃഖം പേറി നിൽക്കുന്ന സാഹചര്യത്തിൽ, കൈവന്ന അധ്യക്ഷ പദവി അങ്ങേയറ്റം ഫലപ്രദമായി ഉപയോഗിക്കാൻ തന്നെയാണ് സാദിഖലി തങ്ങൾ തീരുമാനിച്ചത്. മുൻനിരയിലും മധ്യനിരയിലുമെല്ലാം ഓടി നടന്നു കളിക്കുന്ന പരിചയ സമ്പന്നരായ നേതാക്കൾ പറയുന്നതൊക്കെയും അനുസരിക്കുന്ന പതിവു പ്രസിഡന്റല്ല താനെന്നു തെളിയിക്കാനും ശ്രമിക്കുകയാണ് അദ്ദേഹം. പാർട്ടി ജനറൽ സെക്രട്ടറിയും നേതൃസമിതിയുമൊക്കെ ചർച്ച ചെയ്തും ചെയ്യാതെയും എടുക്കുന്ന തീരുമാനങ്ങൾ അതേപടി പരസ്യമായി പ്രസ്താവിക്കുന്ന പതിവുരീതിയിൽനിന്നു മാറി സഞ്ചരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തം.

ശരിക്കും ഗൃഹപാഠം ചെയ്തുതന്നെയാണ് തങ്ങൾ ഓരോ ജില്ലയിലും സംഗമത്തിൽ പങ്കെടുത്തത്. മുസ്‌ലിം സംഘടനകളെയും വിവിധ സമുദായ സംഘടനകളെയും വ്യാപാരി-വ്യവസായ പ്രമുഖരെയും സാംസ്‌കാരിക പ്രവർത്തകരെയുമൊക്കെ ലീഗ് നേതൃത്വം സംഗമങ്ങളിലേക്കു ക്ഷണിച്ചു. മതേതരത്വത്തെയും ജനാധിപത്യത്തെയും പൗരാവകാശത്തെയുമൊക്കെ കുറിച്ച് അദ്ദേഹം അവരോടു സംസാരിച്ചു. അവർക്കു പറയാനുള്ളത് ശ്രദ്ധയോടെ കേട്ടു. അങ്ങനെ 20 ദിവസം നീണ്ടുനിന്ന പര്യടനം. അവസാന ദിവസം കോഴിക്കോട്ട് സമാപന സമ്മേളനത്തിനു മുമ്പു ചേർന്ന സംഗമത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ് രി മുത്തുക്കോയ തങ്ങളെയും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെയും ഇടത്തും വലത്തുമിരുത്തി സൗഹൃദത്തിന്റെ പുതിയ പാലം പണിയാനും അദ്ദേഹത്തിന് സാധിച്ചു. ആത്മീയപരിവേഷം വിട്ട് മുഴുവൻ സമയ രാഷ്ട്രീയത്തിലേക്കിറങ്ങാനാണോ സാദിഖലി തങ്ങളുടെ പരിപാടി! യു.ഡി.എഫ് രാഷ്ട്രീയത്തിന് പുതിയൊരു നിര നേതാക്കൾ അത്യാവശ്യമായ ഘട്ടത്തിലാണ് സാദിഖലി തങ്ങളുടെ പരീക്ഷണങ്ങളെന്ന കാര്യം ശ്രദ്ധേയമാണ്.

കെ. കരുണാകരൻ, എ.കെ ആന്റണി, ഉമ്മൻ ചാണ്ടി, സി.എച്ച് മുഹമ്മദ് കോയ, കെ.എം മാണി, പി.ജെ ജോസഫ്, എം.വി രാഘവൻ, കെ.ആർ ഗൗരിയമ്മ, ഇ.ടി മുഹമ്മദ് ബഷീർ, എം.കെ മുനീർ എന്നിങ്ങനെ പ്രഗത്ഭരായ നേതാക്കളിലൂടെയാണ് യു.ഡി.എഫ് ദശകങ്ങളിലൂടെ വളർന്നുവന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തോടൊപ്പം കെ.എം മാണിയും പി.കെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പെട്ട നേതൃത്വമായിരുന്നു മുന്നണിയുടെ അടിത്തറക്ക് ശക്തി പകർന്നത്. തുടർന്ന് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്. മാണിയുടെ നിര്യാണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് കേരളാ കോൺഗ്രസ് മാണി വിഭാഗത്തെ ഒഴിവാക്കിയതോടെ യു.ഡി.എഫ് നേതൃത്വത്തിന്റെ അടിത്തറയിൽ വിടവുണ്ടാവുകയും ചെയ്തു. ആ വിടവ് നികത്തുക ഇനി വി.ഡി സതീശന്റെ ചുമതലയാണ്. സതീശനോടൊപ്പം മുന്നണിയുടെ ആണിക്കല്ലാവാൻ സാദിഖലി തങ്ങളുണ്ടാവുമോ? അങ്ങനെയെങ്കിൽ കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലിറങ്ങേണ്ടിവരും തങ്ങൾ.

എക്കാലത്തും ലീഗ് അധ്യക്ഷനായിരിക്കുന്ന തങ്ങൾ കുടുംബാംഗത്തിന് ആത്മീയപരിവേഷം ഒരു രക്ഷാകവചമാണ്. രാഷ്ട്രീയകക്ഷികൾ തമ്മിലും മുന്നണികൾ തമ്മിലും എപ്പോഴും നടക്കുന്ന അക്രമങ്ങളുടെയും ആരോപണങ്ങളുടെയും ആക്രോശങ്ങളുടെയും മുന ഒരിക്കലും ലീഗ് അധ്യക്ഷനു നേരേ നീളുക പതിവില്ല. എല്ലാതരം വിമർശനങ്ങൾക്കും ചോദ്യം ചെയ്യലുകൾക്കും കുറ്റാരോപണങ്ങൾക്കും അതീതനായി നിലകൊള്ളുന്ന ഒരു സ്ഥാനമാണ് ലീഗ് അധ്യക്ഷപദം. സമൂഹത്തിലെ വിവിധ മതക്കാരും സമുദായാംഗങ്ങളും ആത്മീയ കാര്യങ്ങൾക്കു സമീപിക്കുന്ന വ്യക്തിത്വം കൂടിയാണ് പാണക്കാട്ടെ ലീഗധ്യക്ഷൻ എന്നതും പ്രധാനം തന്നെ. ജനങ്ങളുടെ വിവിധ പ്രശ്‌നങ്ങളിൽ ഇടപെടുന്നതും മധ്യസ്ഥത വഹിക്കുന്നതും സാധാരണം. അതുകൊണ്ടുതന്നെ സമൂഹത്തിൽ വലിയ വിശ്വാസ്യതയും ബഹുമാനവും അദ്ദേഹത്തിന് സ്വന്തം സ്ഥാനംകൊണ്ടുതന്നെ കിട്ടുകയും ചെയ്യുന്നു. എപ്പോഴും കലുഷിതമായ കേരള രാഷ്ട്രീയത്തിന്റെ മുൻ നിരയിലേക്കിറങ്ങിയാൽ ഈ പരിവേഷമെല്ലാം സാദിഖലി തങ്ങൾക്കു നഷ്ടമാവില്ലേ?
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ച് ഒരു വാക്കു പറയാൻ പറ്റിയ സാഹചര്യം കൂടിയാണിത്. തികഞ്ഞ മൃദുഭാഷിയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴും അഭിമുഖത്തിൽ പങ്കെടുക്കുമ്പോഴുമെല്ലാം പി.കെ കുഞ്ഞാലിക്കുട്ടിയോ എം.കെ മുനീറോ ഒപ്പമുണ്ടാവുക പതിവായിരുന്നു. അദ്ദേഹത്തിന്റെ കൈകൾക്കുമുണ്ടായിരുന്നു ഈ മൃദുത്വം. ശിഹാബ് തങ്ങളുടെ ഹസ്തദാനം സ്വീകരിക്കുന്ന ആർക്കും സൗഹൃദത്തിന്റെ കുളിർമ പകരുന്ന ഹൃദ്യമായ മൃദുത്വം ആ കൈകളുടെ വലിയ പ്രത്യേകതയായിരുന്നു.

കേരള രാഷ്ട്രീയം സംഭവബഹുലം എന്ന പോലെ സംഘർഷഭരിതവുമാണ് എപ്പോഴും. അതുകൊണ്ടുതന്നെ വെല്ലുവിളികൾ നിറഞ്ഞതും. ഈ വെല്ലുവിളികൾ ഒരു നേതാവിനു നൽകുന്ന ഊർജം ഒന്നു വേറെത്തന്നെയാണ്. കനത്ത വെല്ലുവിളികളുടെ ലഹരി നുണയണോ, അതോ പരമ്പരാഗതമായി കൈവന്ന ആത്മീയതയുടെ സംരക്ഷണയിൽ കഴിയണോ? ഏതു വഴിയായിരിക്കും ഈ സാഹചര്യത്തിൽ സാദിഖലി തങ്ങൾ തെരഞ്ഞെടുക്കുക? ഇതിൽ ഏതു തെരഞ്ഞെടുത്താലും കേരള രാഷ്ട്രീയത്തിൽ അതിന്റെ പ്രാസവും പ്രസക്തിയും ഒട്ടും ചെറുതായിരിക്കില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.