2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നിന്ദ്യവും നീചവുമായ രാഷ്ട്രീയ നാടകം

കേരളത്തില്‍ എന്തും രാഷ്ട്രീയായുധമാണ്. സ്വാഭാവികമായും കൊവിഡ് എന്ന മഹാമാരിയും ഇവിടെ രാഷ്ട്രീയായുധം ആയിട്ടുണ്ടെന്നതില്‍ സംശയമില്ല. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ അതില്‍ പങ്കുണ്ട്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കൊറോണ വൈറസ് പോലും രാഷ്ട്രീയപ്പോരാട്ടത്തിന് ഉപയോഗിക്കപ്പെട്ടതില്‍ അത്ഭുതമില്ല. അതു കൗതുകകരമെങ്കിലും അസാധാരണമായ കാര്യമല്ല.

എന്നാല്‍, കോട്ടയം ജില്ലയിലെ മുട്ടമ്പലത്തു കൊവിഡ് വര്‍ഗീയരാഷ്ട്രീയത്തിന് ആയുധമാക്കപ്പെട്ട സംഭവത്തെ ആ നിലയില്‍ കാണാന്‍ കഴിയില്ല. അതിനെ നിന്ദ്യമെന്നു വിളിച്ചാല്‍പ്പോലും പോരാ, അതിനീചമാണ് ആ പ്രവൃത്തി. പ്രബുദ്ധമെന്നു നാം അഹങ്കരിക്കുന്ന കേരളത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തത്, മനുഷ്യത്വമുള്ളവര്‍ നാണിച്ചു തലതാഴ്‌ത്തേണ്ടത്.
കൊവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം ദഹിപ്പിക്കുന്നതിനെ തദ്ദേശവാസികള്‍ തടഞ്ഞതാണ് മുട്ടമ്പലത്തു നടന്ന സംഭവമെന്നു പറഞ്ഞാല്‍ അതിനുപിന്നിലെ ദുഷ്ടത വ്യക്തമാകില്ല. കൊവിഡ് ലോകമാകെ ഭീതിയും മരണവും വിതച്ച് വ്യാപിച്ചുകൊണ്ടിരിക്കെ സാധാരണമനുഷ്യര്‍ ഭയക്കുകയും തങ്ങളുടെ താമസസ്ഥലത്തിനടുത്ത് കൊവിഡ് രോഗിയുടെ മൃതശരീരം അടക്കം ചെയ്യുന്നതില്‍ പ്രതിഷേധിക്കുകയും ചെയ്യുന്നതു സ്വാഭാവികം. മൃതദേഹം ശ്വസിക്കുകയും തുമ്മുകയും തുപ്പുകയും വിയര്‍ക്കുകയും ചെയ്യില്ലെന്നതിനാല്‍ കൊറോണ വൈറസ് മൃതദേഹത്തില്‍നിന്നു പുറത്തെത്തില്ലെന്നും കത്തുന്ന ചിതയില്‍നിന്നു മണ്ണിലൂടെ അരിച്ചുനീങ്ങി സമീപപ്രദേശങ്ങളില്‍ വ്യാപിക്കില്ലെന്നുമുള്ള സത്യമറിയാതെ അജ്ഞത മൂലമാണ് അവിടെ പ്രതിഷേധവുമായി എത്തിയവരില്‍ നല്ലപങ്കും ബഹളം വച്ചതെന്നു തന്നെ വിശ്വസിക്കാം. അങ്ങനെ ചെയ്തവരുടെ പ്രവൃത്തിയെ നിന്ദ്യമെന്നും നീചമെന്നും അധിക്ഷേപിക്കുന്നില്ല.
എന്നാല്‍, അവരെ ഈ പ്രക്ഷോഭത്തിലേക്കു കുത്തിയിളക്കി വിട്ടവര്‍ ഇക്കാര്യത്തില്‍ അജ്ഞരാണെന്നു വിശ്വസിക്കാനാവില്ല. ജനങ്ങളുടെ അജ്ഞത മുതലെടുത്ത് അവര്‍ അതിസമര്‍ഥമായി വര്‍ഗീയരാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നു തന്നെ വിശ്വസിക്കണം. കാരണം, അതിനു നേതൃത്വം കൊടുത്തത് നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെടെ ഒരു പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാക്കളാണ്. പാര്‍ട്ടി മറ്റൊന്നുമല്ല, ബി.ജെ.പിയാണ്.

ഇവിടെയാണ് മരിച്ചയാളുടെ പേരും മതവും പ്രസക്തമാകുന്നത്. മരിച്ചത് 83കാരനായ നഗരസഭാ മുന്‍ ജീവനക്കാരന്‍. പേര് ഔസേഫ് ജോര്‍ജ്. ക്രിസ്ത്യാനി. ക്രിസ്ത്യാനി മരിച്ചാല്‍ അടക്കേണ്ടത് സെമിത്തേരിയിലാണല്ലോ. അതിനു പകരം പൊതുശ്മശാനത്തില്‍ ദഹിപ്പിക്കാന്‍ കൊണ്ടുവന്നത് എന്തിനെന്ന ചോദ്യം പ്രതിഷേധത്തിനു നേതൃത്വം കൊടുത്തവര്‍ ഉന്നയിച്ചോ ഇല്ലയോ എന്നറിയില്ല. ചോദിച്ചാലും ഇല്ലെങ്കിലും അവര്‍ കൊവിഡിനെ മറയാക്കി. കൊവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം നഗരസഭയുടെ കീഴിലുള്ള പൊതുശ്മശാനത്തില്‍ ദഹിപ്പിക്കുന്നതിനെ ചോദ്യം ചെയ്തു. കുട്ടികളും വൃദ്ധരുമൊക്കെയുള്ള ആ പ്രദേശത്തു കൊവിഡ് വ്യാപിപ്പിക്കാന്‍ ബോധപൂര്‍വം നടത്തുന്ന പണിയാണ് അതെന്നു നാട്ടുകാരെ ബോധ്യപ്പെടുത്തി. അങ്ങനെ അവരെ കുത്തിയിളക്കി തെരുവിലെത്തിച്ചു.

അവിടെ പ്രതിഷേധക്കാരുടെ നേതാക്കള്‍ പറയാതെ പരത്തിയ ഒരു സന്ദേശമുണ്ട്. ആ നാട്ടില്‍ ക്രിസ്ത്യന്‍ സെമിത്തേരിയുണ്ടായിട്ടും എന്തിന് ഔസേഫ് ജോര്‍ജിന്റെ മൃതദേഹം ഹിന്ദുക്കളുടെ ശ്മശാനത്തില്‍ ദഹിപ്പിക്കാന്‍ കൊണ്ടുവന്നു. വര്‍ഗീയനിറമുള്ള കഥകള്‍ മനുഷ്യമനസില്‍ പെട്ടെന്ന് വിഷമായി പരക്കും. മുട്ടമ്പലത്തും അതുതന്നെ സംഭവിച്ചു. കൊറോണഭീതി അതിരൂക്ഷമായ ഗുരുതരാവസ്ഥയിലും, പരമാവധി സാമൂഹിക അകലം പാലിക്കണമെന്ന അഭ്യര്‍ഥന അധികാരികള്‍ ഇടതടവില്ലാതെ നടത്തിക്കൊണ്ടിരിക്കുന്ന വേളയിലും, ഒരു തരത്തിലുള്ള അച്ചടക്കവുമില്ലാതെ സ്ത്രീകളുള്‍പ്പെടെ നിരവധി പേരാണ് കൊവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം വഴിയില്‍ തടയാന്‍ ഓടിക്കൂടിയത്.
പൊലിസും ആരോഗ്യപ്രവര്‍ത്തകരും ജില്ലാ ഭരണാധികാരിയുമെല്ലാം താണുകേണ് അപേക്ഷിച്ചിട്ടും കൊവിഡ് രോഗിയുടെ മൃതദേഹം ദഹിപ്പിക്കുന്നത് അപകടകരമല്ലെന്നു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും വര്‍ഗീയരാഷ്ട്രീയക്കാരും സില്‍ബന്ദികളും വഴങ്ങിയില്ല. മണിക്കൂറുകളോളം നീണ്ട പ്രതിഷേധസമരം മൂലം അധികാരികള്‍ക്ക് ആദ്യം പിന്‍വാങ്ങേണ്ടിവന്നു.
എങ്കിലും, ആ വര്‍ഗീയരാഷ്ട്രീയ ഭ്രാന്തിനു മുന്നില്‍ മുട്ടുമടക്കിയാല്‍ അതു ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്നു തിരിച്ചറിഞ്ഞ ജില്ലാ ഭരണകൂടം ശക്തമായ പൊലിസ് കാവലില്‍ അതേ പൊതുശ്മശാനത്തില്‍ തന്നെ മൃതദേഹം ദഹിപ്പിച്ചു. പൊലിസ് ആ വര്‍ഗീയരാഷ്ട്രീയ സമരത്തിനു നേതൃത്വം നല്‍കിയ കൗണ്‍സിലര്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.
പൊലിസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത് അനധികൃതമായി കൂട്ടംകൂടുക, മാര്‍ഗതടസം സൃഷ്ടിക്കുക, കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കുക എന്നീ കുറ്റങ്ങള്‍ക്കാണ്. പൊലിസിനു നിയമപരമായി അങ്ങനെയേ കേസെടുക്കാന്‍ കഴിയൂ എന്നതുകൊണ്ടായിരിക്കാം. എന്നാല്‍, മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവരുടെ കണ്ണില്‍, ഈ അനാവശ്യ സമരക്കാര്‍ നടത്തിയ പ്രധാന കുറ്റം സാധാരണ ജനങ്ങളുടെ മനസില്‍ വര്‍ഗീയതയുടെ വിഷവിത്ത് പാകി എന്നതു തന്നെയാണ്. കൊവിഡ് പ്രോട്ടോകോള്‍ ലംഘനം നടത്തുമ്പോള്‍ സംഭവിക്കുന്നതിനേക്കാള്‍ മാരകമാണത്.

കൊവിഡ് ജാതിമതഭേദം നോക്കിയല്ല മനുഷ്യശരീരത്തില്‍ കയറിക്കൂടുന്നത്. അതു മാരകമായി മാറുന്നതും ഏതെങ്കിലും ജാതിയിലും മതത്തിലുംപെട്ടവരെ നോക്കിയല്ല. കൊവിഡ് മാരകമാകുന്നതിനു പ്രായംപോലും മാനദണ്ഡമല്ലെന്നാണു ലോകത്തെങ്ങും സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ വ്യക്തമാക്കുന്നത്. മനുഷ്യന്‍ നിസ്സഹായനായി പോകുന്ന അത്തരമൊരു ഘട്ടത്തിലും കൊവിഡിനെ ഇത്തരത്തില്‍ നിന്ദ്യമായ വര്‍ഗീയരാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുന്നത് അതിക്രൂരം തന്നെയാണ്.
കോട്ടയം ജില്ലാ ഭരണകൂടം വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തില്ലായിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുമായിരുന്നു എന്നതില്‍ സംശയമില്ല. ഇതിനു സമാനമായ വര്‍ഗീയരാഷ്ട്രീയ മുതലെടുപ്പുകളിലൂടെയാണല്ലോ ഉത്തരേന്ത്യ ഇത്രമാത്രം വിഷലിപ്തമായി മാറിയത്. ഇത്തരം ഹീനശ്രമങ്ങള്‍ക്കു വഴങ്ങുന്ന മനസ് കേരളത്തിലും പാകപ്പെട്ടു വരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ്, ഒരു ആഹ്വാനത്തിലൂടെ വീണ്ടുവിചാരമില്ലാതെ തെരുവിലേക്കിറങ്ങിയ സ്ത്രീകളുള്‍പ്പെടെയുള്ള മുട്ടമ്പലത്തെ ചിത്രം വ്യക്തമാക്കുന്നത്.
ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു വാര്‍ത്ത കൂടിയുണ്ട്. അത് ആലപ്പുഴയില്‍ നിന്നുള്ളതാണ്. അവിടെ രണ്ട് ഇടവകകളിലായി കൊവിഡ് ബാധിച്ചു മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ സാധാരണ ക്രൈസ്തവാചാരത്തില്‍നിന്ന് വിഭിന്നമായി സെമിത്തേരിയില്‍ തന്നെ ദഹിപ്പിക്കാനുള്ള ചരിത്രപരമായ തീരുമാനം ആലപ്പുഴയിലെ ലത്തീന്‍ കത്തോലിക്ക രൂപത കൈക്കൊണ്ടു. ചിതാഭസ്മം മതച്ചടങ്ങുകളോടെ കുഴിമാടത്തില്‍ സംസ്‌കരിക്കുകയും ചെയ്തു.

ക്രിസ്ത്യാനികളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനു വിലക്കില്ലെന്ന 2016ലെ വത്തിക്കാന്‍ ഉത്തരവാണ് അത്തരമൊരു തീരുമാനമെടുക്കാന്‍ അവര്‍ക്കു ബലമായതെന്നതു സത്യം. എങ്കിലും, അത്തരമൊരു ചരിത്രപ്രധാനമായ തീരുമാനം എടുത്തിട്ടുണ്ടാവുക ഒരുപക്ഷേ, മുട്ടമ്പലത്തു സംഭവിച്ചപോലെ വര്‍ഗീയമനസുകള്‍ കൊവിഡ് മരണവും ആയുധമാക്കരുത് എന്ന തോന്നല്‍ കൊണ്ടുകൂടിയായിരിക്കാം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.