2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മദ്യപിച്ച് നിലതെറ്റിയ ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തില്ല; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മദ്യപിച്ച് നിലതെറ്റിയ ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തില്ല

തൃശൂര്‍: അമിതമായി മദ്യപിച്ച് നിലയില്ലാതായ യുവാവിനെ കസ്റ്റഡിയില്‍ എടുക്കാതിരുന്ന സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ഡിഐജിയാണ് എസ്‌ഐമാരായ എന്‍ പ്രദീപ്, എം അഫ്‌സല്‍ എന്നിവരേയും സിവില്‍ പൊലീസ് ഓഫീസര്‍ ജോസ് പോളിനേയും സസ്‌പെന്റ് ചെയ്തത്.

മദ്യപിച്ച് ലക്കുകെട്ട് നിലയില്‍ ബൈക്കില്‍ കയറാന്‍ ശ്രമിക്കുകയായിരുന്ന യുവാവിനെ തൃശ്ശൂരിലെ ബാര്‍ പരിസരത്ത് വച്ചാണ് പൊലീസ് കണ്ടത്. എന്നാല്‍ ഇയാള്‍ക്ക് ബൈക്കില്‍ കയറാന്‍ കഴിയുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനോട് തൊട്ടടുത്ത ദിവസം സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലിസ് വിട്ടയച്ചു.

എന്നാല്‍ യുവാവ് തിരികെ ബാറില്‍ കയറി മറ്റൊരാള്‍ക്കൊപ്പം മദ്യപിച്ചു.പിന്നീട് പണം നല്‍കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. ഒപ്പം മദ്യപിച്ചയാള്‍ യുവാവിന്റെ ഫോണും പേഴ്‌സും തട്ടിയെടുത്തു. പിന്നീട് ഓട്ടോറിക്ഷയില്‍ യുവാവ് വീട്ടിലേക്ക് പോയി. വാഹനത്തില്‍ ബാഗ് മറന്നുവച്ചു. ബന്ധുവിനൊപ്പം പിറ്റേന്ന് സ്റ്റേഷനില്‍ ഹാജരായ യുവാവ് ബാഗ് നഷ്ടപ്പെട്ടതില്‍ പരാതി നല്‍കിയിരുന്നു. ബാഗ് രാവിലെ തന്നെ ഓട്ടോറിക്ഷാ ഡ്രൈവര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. ഈ സമയത്ത് മദ്യപിച്ച് വാഹനമോടിച്ചതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ താന്‍ വാഹനമോടിച്ചിരുന്നില്ലെന്ന് യുവാവ് പറഞ്ഞു.

തുടര്‍ന്ന് യുവാവ് എസിപിയെ നേരില്‍ക്കണ്ട് പരാതി നല്‍കി. സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തി. പ്രാഥമിക ചട്ടങ്ങള്‍ പാലിക്കാതെയാണ് യുവാവിന്റെ ബൈക്ക് കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമായതോടെയാണ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.