2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മൂകാംബികയില്‍ നിന്നും മുങ്ങിയ സനു മോഹനു വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലിസ്; അന്വേഷണം ഗോവയിലേക്കും

കാക്കനാട്: എറണാകുളം മുട്ടാര്‍ പുഴയില്‍ 13കാരി വൈഗയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവ് സനുമോഹനായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലിസ്. കര്‍ണാടകയ്ക്ക് പുറമെ ഗോവയിലേക്കും തെരച്ചില്‍ വ്യാപിച്ചിട്ടുണ്ട്.

സനു മോഹന്റെ യാത്ര പൊതുഗതാഗതം മാത്രം ഉപയോഗിച്ചെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസിലുള്‍പ്പെടെ പൊലീസ് പരിശോധന നടത്തുന്നുണ്ട്. കര്‍ണാടകയിലെ വിമാനത്താവളങ്ങളിലും അതിര്‍ത്തിപ്രദേശങ്ങളിലും പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്.

സനു മോഹന്‍ സ്വന്തം ഫോണോ എടിഎം സൗകര്യങ്ങളോ ഉപയോഗിക്കുന്നില്ലെന്നും പൊലിസ് പറയുന്നു.

കൊല്ലൂരിലെ ഹോട്ടലില്‍ നിന്ന് സനുമോഹന്‍ പത്രം വായിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പൊലിസ് പുറത്തുവിട്ടു. ഏപ്രില്‍ 10 മുതല്‍ 16ന് രാവിലെ 8.45 വരെ സനുമോഹന്‍ ഹോട്ടല്‍ മുറിയില്‍ താമസിച്ചിരുന്നതായാണ് ജീവനക്കാര്‍ നല്‍കിയ വിവരം. ഏപ്രില്‍ 16ന് ഉച്ചയ്ക്ക് രണ്ടിന് വിമാനത്താവളത്തില്‍ പോകാന്‍ സനുമോഹന്‍ ടാക്‌സി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഹോട്ടല്‍ മാനേജര്‍ ടാക്‌സി ഏര്‍പ്പാടാക്കുകയും ചെയ്തു. എന്നാല്‍, രാവിലെ പുറത്തുപോയ സനു ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും ലോഡ്ജില്‍ തിരികെവന്നില്ല. ഇയാള്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് സനു താമസിച്ചിരുന്ന മുറി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാള്‍ മുങ്ങിയതാണെന്ന് വ്യക്തമായത്. മുറിയില്‍ ലഗേജുകളോ മറ്റോ ഉണ്ടായിരുന്നില്ലെന്നും ജീവനക്കാര്‍ അന്വേഷണസംഘത്തോട് പറഞ്ഞു.

ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയിലെ വിലാസത്തില്‍ മലയാളിയായ മാനേജര്‍ അന്വേഷിച്ചപ്പോഴാണ് വൈഗയുടെ മരണത്തില്‍ പൊലിസ് തിരയുന്ന സനുമോഹനാണ് മുറിയെടുത്ത് വാടക നല്‍കാതെ മുങ്ങിയതെന്ന് മനസിലായത്.

മാര്‍ച്ച് 21നാണ് സനുമോഹനെയും മകള്‍ വൈഗയെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. പിറ്റേദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍നിന്ന് കണ്ടെത്തി. ഇതിനിടെ സനു സഞ്ചരിച്ച കാര്‍ കണ്ടെത്താന്‍ കഴിയാത്തത് ദുരൂഹത വര്‍ധിപ്പിച്ചു. തുടര്‍ന്നാണ് സനു മോഹന്‍ കടന്നുകളഞ്ഞതാണെന്ന് സ്ഥിരീകരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.