
റിയാദ്: സഊദിയിൽ എടിഎം മെഷീൻ തകർത്ത് കവർച്ച നടത്താൻ ശ്രമിച്ച സഊദി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. തലസ്ഥാന നഗരിയായ റിയാദിലെ നസീമിൽ എടിഎം മെഷീൻ മോഷ്ടിക്കാനും നശിപ്പിക്കാനും ശ്രമം നടത്തിയ നാൽപതുകാരൻ പ്രതിയെയാണ് സുരക്ഷാ സേന പിടികൂടിയതെന്ന് റിയാദ് പ്രവിശ്യ പോലീസ് വക്താവ് മേജർ ഖാലിദ് അൽ കരീദീസ് പറഞ്ഞു. എടിഎം തകർത്ത ശേഷം ഇത് കുത്തി തുറക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു.
നമ്പർ പ്ളേറ്റില്ലാത്ത വാഹനത്തിൽ രക്ഷപ്പെട്ട ഇദ്ദേഹത്തെ പിന്നീടാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഉപയോഗിച്ച വാഹനവും പോലീസ് കണ്ടെടുത്തു. പ്രതിയെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.