
തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ പദ്ധതിക്കെതിരേ വൈദികരുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിനെതിരേ മാര്‍ച്ചുമായി ഹിന്ദു ഐക്യവേദി രംഗത്ത്. ഇന്ന് വൈകുന്നേരമാണ് മാര്‍ച്ച്. മാര്‍ച്ചിനെതിരെ പൊലീസ് നോട്ടീസ് നല്കി. മാര്‍ച്ച് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരവാദികള്‍ സംഘടനയായിരിക്കുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്.
വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി ശശികലയുടെ നേതൃത്വത്തിലാണ് ഹിന്ദു ഐക്യവേദി മാര്‍ച്ച്. വൈകീട്ട് നാല് മണിക്ക് മുക്കോല ജംങ്ഷനില്‍ നിന്ന് മാര്‍ച്ച് തുടങ്ങും.പ്രകോപന പ്രസംഗം, മുദ്രാവാക്യം എന്നിവ പാടില്ലെന്നും ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലിസിന്റെ അനുമതിയില്ലാതെ മാര്‍ച്ച് നടത്താനാണ് വിഎച്ച്പി ശ്രമം. സമരത്തെ അനുകൂലിച്ചും എതിര്‍ത്തും സംഘടനകള്‍ മാര്‍ച്ച് നടത്തുന്നത് സംഘര്‍ഷം വര്‍ധിപ്പിച്ചേക്കുമെന്ന് ആശങ്കയുള്ളതിനാല്‍ സ്ഥലത്ത് കൂടുതല്‍ പൊലിസുകാരെ വിന്യസിക്കും.
അതിനിടെ, വിഴിഞ്ഞത്തെ സ്പെഷ്യല്‍ ഓഫിസറായി നിയമിതയായ ഡി.ഐ.ജി ആര്. നിശാന്തിനി ഇന്ന് സ്ഥലത്തെത്തും. പൊലിസ് സ്റ്റേഷന് വരെ ആക്രമിച്ച ഗുരുതരസാഹചര്യം മുന്‍നിര്‍ത്തി ക്രമസമാധാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. പ്രദേശത്ത് മദ്യ നിരോധനവും പൊലിസിനുള്ള ജാഗ്രതാ നിര്‍ദേശവും തുടരുകയാണ്. പൊലിസ് സ്റ്റേഷന് അടിച്ചുതകര്‍ത്തതിന് 3000 പേര്‍ക്കെതിരേ കേസെടുത്തിരുന്നു. എന്നാല്‍ സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ തല്ക്കാലം ആരെയും അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് പൊലിസ്.
Comments are closed for this post.