
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളും എസ്.എഫ്.ഐ നേതാക്കളുമായിരുന്ന വിദ്യാര്‍ഥികളെ പരീക്ഷാ തട്ടിപ്പ് നടത്താന്‍ സഹായിച്ചവരില്‍ പൊലിസുകാരനും. പ്രതികള്‍ക്ക് ഉത്തരം അയച്ചുകൊടുത്തത് പൊലിസുകാരനാണെന്നാണ് കണ്ടെത്തല്‍.
റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടാം റാങ്കുകാരന് പ്രണവിന് ഫോണ്‍ സന്ദേശം അയച്ചത് പൊലിസുകാരനായ ഗോകുല്‍ വി.എം ആണെന്ന് കണ്ടെത്തി. പ്രണവിന്റെ അയല്ക്കാരന് കൂടിയാണ് ഈ ഉദ്യോഗസ്ഥന്.
യൂനിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത് രണ്ടാംപ്രതി നസീം, പ്രണവ് എന്നിവര്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത് വിവാദമായിരുന്നു. പട്ടികയിലെ ഒന്നാം റാങ്കുകാരനായിരുന്നു ശിവരഞ്ജിത്. പ്രണവിന് രണ്ടും നസീമിന് 28ഉം റാങ്കായിരുന്നു ലഭിച്ചത്. ആറര ലക്ഷത്തോളം ഉദ്യോഗാര്‍ഥികളായിരുന്നു പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷ എഴുതിയത്. പരീക്ഷയ്ക്കിടെ ശിവരഞ്ജിത്, പ്രണവ് എന്നിവരുടെ ഫോണില്‍ പരീക്ഷ ആരംഭിച്ച രണ്ടുമണി മുതല്‍ 3.15 വരെ സന്ദേശങ്ങളെത്തിയെന്നാണ് പി.എസ്.സിയുടെ വിജിലന്‍സ് വിഭാഗം സൈബര്‍ പൊലിസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഫോണിലേക്ക് സന്ദേശം എത്തിയ മൂന്ന് നമ്പറുകളില്‍ ഒരെണ്ണം ഗോകുലിന്റെ ആണ്. എസ്.എപി ക്യാംപിലെ ഉദ്യോഗസ്ഥനാണ് ഗോകുല്‍. പ്രണവിനെ സഹായിക്കാന്‍ വേണ്ടി പുതിയ മൊബൈല്‍ കണക്ഷന് എടുക്കാനായി ഗോകുല്‍ കടയില്‍ നല്‍കിയത് പൊലിസിന്റെ ഔദ്യോഗിക നമ്പര്‍ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കിടെ പ്രതികളുടെ ഫോണില്‍ രണ്ട് മണി മുതല്‍ മൂന്നേകാല്‍ മണി വരെ സന്ദേശങ്ങളെത്തിയെന്നാണ് പി.എസ്.സി വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
ശിവരഞ്ജിത്തിന്റെ നമ്പറിലേക്ക് രണ്ടു നമ്പറുകളില്‍ നിന്നായി എസ്.എം.എസുകള്‍ വന്നുവെന്നും പ്രണവിന്റെ നമ്പറിലേക്ക് മൂന്നു നമ്പറുകളില്‍ നിന്നും എസ്.എം.എസുകള്‍ വന്നുവെന്നും പരീക്ഷ തീര്‍ന്നതിനു ശേഷം ഒരു നമ്പറിലേയ്ക്ക് പ്രണവ് വിളിച്ചെന്നുമാണ് കണ്ടെത്തിയത്. ശിവരഞ്ജിത്തിന് 96 ഉം പ്രണവിന് 78ഉം സന്ദേശങ്ങളാണ് വന്നത്.
എന്നാല്‍, നസീമിന്റെ പി.എസ്.സിയില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറിലേയ്ക്ക് മെസേജുകളൊന്നും വന്നതുമില്ല. പരീക്ഷാസമയത്ത് ഇവര്‍ മൂന്ന് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായാണ് സൂചന. ഇതേ തുടര്‍ന്നാണ് മൂന്നു പേരെ അയോഗ്യരാക്കുകയും വിശദമായ അന്വേഷണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ പൊലിസിന് കൈമാറുകയും ചെയ്തത്.
പരീക്ഷ നടത്തിപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് പി.എസ്.സി വിജിലന്‍സ് അന്വേഷണം നടത്തിയത്. മൂന്നുപേരുടെ ഫോണ്‍ വിവരങ്ങള്‍ കിട്ടുന്നതിന് മുമ്പ് മൂന്ന് കേന്ദ്രങ്ങളില്‍ ഇന്വിജിലേറ്റര്മാരായിരുന്നവരില് നിന്ന് പി.എസ്.സി വിജിലന്‍സ് മൊഴിയെടുത്തിരുന്നു. ഇവര്‍ പരീക്ഷാഹാളില്‍ ഫോണ്‍ ഉപയോഗിച്ചതായി തെളിഞ്ഞു. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത് ആറ്റിങ്ങലിനടുത്ത ആലങ്കോട് വഞ്ചിയൂര്‍ ഗവ. യു.പി സ്കൂളിലും പ്രണവ് മാമത്തെ ഗ്ലോബല്‍ പബ്ലിക് സ്കൂളിലും നസീം തൈയ്ക്കാട് ഗവ. ട്രെയിനിങ് കോളജിലുമാണ് പരീക്ഷ എഴുതിയത്.
അതേസമയം, കൂടുതല്‍ പേര് തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ 22ന് നടന്ന കാറ്റഗറി നമ്പര്‍ 6572017 പരീക്ഷയില്‍ പ്രസിദ്ധീകരിച്ച ഏഴു തസ്തികകളുടെ റാങ്ക് പട്ടികയിലെ ആദ്യ നൂറ് റാങ്കുകാരുടെ മൊബൈല്‍ വിവരങ്ങള്‍ പരിശോധിക്കും. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായം തേടി.
പൊലിസിന്റെ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കിട്ടുന്നതുവരെയാണ് വനിതാ ബറ്റാലിയന് ഉള്‍പ്പെടെ എട്ടു കോണ്‍സ്റ്റബിള്‍ ബറ്റാലിയന് തസ്തികകളുടെ റാങ്ക് ലിസ്റ്റ് മരവിപ്പിച്ചത്. അതിനിടെ പി.എസ്.സി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറിയ പരാതി ഡി.ജി.പി ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും.