ചങ്ങനാശ്ശേരി: കെ.റെയില്‍ വിരുദ്ധ സമരക്കാര്‍ക്കുനേരെ പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ ഹര്‍ത്താല്‍. കെ.റെയില്‍ വിരുദ്ധ സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് കോണ്‍ഗ്രസും ബി.ജെ.പിയും പിന്തുണ അറിയിച്ചിട്ടുണ്ട്. ഇന്നു രാവിലെ തുടങ്ങിയ കെ.റെയില്‍ വിരുദ്ധ സമരം ഇപ്പോഴും തുടരുകയാണ്. ഇപ്പോഴും തൃക്കൊടിത്താനം പൊലിസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധ സമരം സംഘര്‍ഷാവസ്ഥയിലാണുള്ളത്.
കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫിന്റെ നേതൃത്വത്തിലാണ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. സ്ത്രീകളടക്കം 23 പേരെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. ജോസഫ് എം. പുതുശ്ശേരി, മിനി കെ. ഫിലിപ്പ് എന്നിവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ വിട്ടയക്കണമെന്നതാണ് സമരക്കാരുടെ ആവശ്യം. അതേ സമയം പൊലിസിനുനേരെ മണ്ണണ്ണയൊഴിച്ചതിനാണ് ചില പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നാണ് പൊലിസ് പറയുന്നത്. പൊലിസ് സമരക്കാരായ സ്ത്രീകളെ വലിച്ചിഴതായും പരാതിയുണ്ട്.
ചങ്ങനാശേരി മാടപ്പള്ളിയില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിനിടെയാണ് പൊലിസും സമരക്കാരും ഏറ്റുമുട്ടിയത്. ചങ്ങനാശേരിയിലെ 16 കുടുംബങ്ങളാണ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാല്‍ തടയുമെന്നും സമരക്കാര്‍ വ്യക്തമാക്കിയിരുന്നു.
രാവിലെ ഒന്‍പത് മണി മുതല്‍ സംയുക്തസമര സമിതിയും നാട്ടുകാരും ചേര്‍ന്ന് സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായെത്തിയത്.പ്രതിഷേധങ്ങള്‍ക്കിടയിലും കല്ലിടല്‍ തുടരുകയാണ്.
Comments are closed for this post.