തിരുവല്ല: പൊലിസ് സംഘത്തെ അക്രമിച്ച പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോയിപ്രം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം കാഞ്ഞിരത്തറ കിഴക്ക് തോമസ് ഡാനിയലിന്റെ മകന്‍ സാബു ഡാനിയലാണ് (45) മരിച്ചത്.
ചൊവ്വാഴ്ച രാത്രി അയല്‍പക്കത്തെ വീട് അടിച്ചു തകര്‍ത്ത കേസില്‍ ഇയാളെ അന്വേഷിച്ച് പൊലിസ് എത്തിയിരുന്നു. എന്നാല്‍ പൊലിസ് സംഘത്തെ ഇയാള്‍ എറിഞ്ഞു പരുക്കേല്‍പ്പിക്കുകയായിരുന്നു. ഓട് കഷണങ്ങള്‍ക്കൊണ്ടുള്ള അക്രമണത്തില്‍ എസ്.എച്ച്.ഒ വി ജോഷ്വയുടെയും എ.എസ്.ഐ മോഹന്റെയും കാലിനു പരുക്കേറ്റു. സബ് ഇന്‍സ്‌പെക്ടര്‍ ഹുമയൂണിന്റെ ഇടതു പുരികത്തിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായതിനാല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി.
പകല്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിന് വീട്ടിലെത്തിയ പൊലിസ് സംഘം പരിശോധനയിലാണ് സാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കോയിപ്രം പൊലിസ് സ്റ്റേഷനില്‍ത്തന്നെ 26 കേസുകളില്‍ പ്രതിയായിരുന്നു ഇയാള്‍. തിരുവല്ല സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരും പൊലിസ് ഫോറന്‍സിക് വിഭാഗവും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൂന്ന് മണിയോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.അവിവാഹിതനായ സാബു ഡാനിയല്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്. കൊവിഡ്-19 ഫലം വന്ന ശേഷം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി സംസ്‌കാരം നടത്തും.
Comments are closed for this post.