2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജാമിഅയില്‍ പൊലിസിന്റെ നരനായാട്ട്, വനിതാ ഹോസ്റ്റലിലേക്ക് പൊലിസ് അതിക്രമിച്ചുകയറി

 

ന്യൂഡല്‍ഹി: പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ജാമിഅ നഗറില്‍ ക്രൂരമായ പൊലിസ് അതിക്രമം. ജാമിഅ കാംപസിനുള്ളില്‍ അതിക്രമിച്ചു കയറിയ ഡല്‍ഹി പൊലിസ് വിദ്യാര്‍ഥികളെയും ജീവനക്കാരെയും ക്രൂരമായി മര്‍ദിച്ചു. കാംപസിനുള്ളിലെ ലൈബ്രറി പൊലിസ് അടിച്ചു തകര്‍ത്തു.
അതിനുള്ളിലേക്ക് കണ്ണീര്‍വാതക ഷെല്ലുകളും പ്രയോഗിച്ചു. വനിതാ ഹോസ്റ്റലിലേക്കും പുരുഷ പൊലിസുകാര്‍ അതിക്രമിച്ചു കയറി. പ്രതിഷേധത്തിനിടെ ഡല്‍ഹി സര്‍ക്കാരിന്റെ നാലു ബസുകള്‍ കത്തിച്ചു. പൊലിസ് തന്നെ ബസുകള്‍ കത്തിക്കുന്ന വിഡിയോ വിദ്യാര്‍ഥികള്‍ പുറത്തുവിട്ടു. റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകരെയും പൊലിസ് മര്‍ദിച്ചു. പൊലിസ് കാംപസിലാകെ ഓടി നടന്ന് വിദ്യാര്‍ഥികളെ മര്‍ദിക്കുകയായിരുന്നു.
ബി.ബി.സിയുടെ ബുഷ്‌റ ശെയ്ഖിയുടെ ഫോണുകള്‍ പിടിച്ചു വാങ്ങി പോലിസ് തകര്‍ത്തു. നിരവധി വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയിലെടുത്തു. കാംപസിനുള്ളിലെ ലൈബ്രറിയിലിരുന്നവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാര്‍ഥികളെ കൈകള്‍ മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ച് പോലിസ് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പൊലിസ് അകത്തു കയറി അക്രമം നടത്തുകയായിരുന്നുവെന്ന് ജാമിഅ സര്‍വകലാശാല ചീഫ് പ്രോക്ടര്‍ വസീം അഹമ്മദ് ഖാന്‍ ആരോപിച്ചു. ലൈറ്റ് അണച്ച ശേഷമാണ് പൊലിസ് കാംപസിനുള്ളില്‍ കയറിയത്.
ജാമിഅ സര്‍വകലാശാലക്ക് സമീപമുള്ള ബട്ട്‌ലാഹൗസ്, ജാമിഅ നഗര്‍, ഒഖ്‌ല, ഒഖ്‌ല മോഡ്, സുഖ്‌ദേവ് വിഹാര്‍, ന്യൂഫ്രന്റ്‌സ് കോളനി പ്രദേശങ്ങളിലാണ് ഇന്നലെ പ്രതിഷേധവും സംഘര്‍ഷവുമുണ്ടായത്. പ്രതിഷേധത്തെത്തുടര്‍ന്ന് ജാമിഅ മില്ലിയ സര്‍വകലാശാല അടച്ചതിനാല്‍ വിദ്യാര്‍ഥികള്‍ പ്രദേശവാസികള്‍ നടത്തിയ സമരത്തിനൊപ്പം ചേരുകയായിരുന്നു. ആയിരക്കണക്കിന് പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. മുന്നോട്ടു നീങ്ങിയ പ്രതിഷേധക്കാരെ ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നിന്നു രണ്ട് കിലോമീറ്റര്‍ അകലെ മഥുര-ഡല്‍ഹി ദേശീയ പാതക്കടുത്തുവച്ച് പൊലിസ് ബാരിക്കേഡുകള്‍ ഉപയോഗിച്ചു തടഞ്ഞു. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ലാത്തി ച്ചാര്‍ജും കണ്ണീര്‍വാതകവും പ്രായോഗിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ വാഹനങ്ങളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു.
രണ്ട് അഗ്‌നിശമനസേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായി പൊലിസ് പറഞ്ഞു. എന്നാല്‍ ഡല്‍ഹി പൊലിസ് മഫ്തിയില്‍ നിയോഗിച്ചവരാണ് അക്രമമുണ്ടാക്കിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇതിന്റെ ചിത്രങ്ങളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്.
സംഘര്‍ഷത്തെത്തുടര്‍ന്ന് ജാമിഅ നഗര്‍ പരിസരത്തുള്ള സുഖ്‌ദേവ് വിഹാര്‍, ജാമിഅ മില്ലിയ ഇസ്‌ലാമിയ, ഒഖ്‌ല വിഹാര്‍, ജസോല വിഹാര്‍, ഷാഹിന്‍ ബാഗ് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു. ബസുകള്‍ കത്തിച്ചതിലും പ്രതിഷേധം അക്രമാസക്തമാക്കിയതിലും തങ്ങള്‍ക്കു പങ്കില്ലെന്നു ജാമിഅ സ്റ്റഡന്റ് കമ്മ്യൂണിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് ഇന്നലെ നടന്ന അക്രമത്തില്‍ പങ്കില്ലെന്നും തങ്ങളുടെ പ്രതിഷേധം സമാധാനപരവും അഹിംസാത്മകവുമാണെന്നും അക്രമത്തില്‍ ഏതെങ്കിലും കക്ഷികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അപലപിക്കുന്നതായും അവര്‍ പറഞ്ഞു. പൊലിസ് വിദ്യാര്‍ഥികള്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തി. ചില വനിതാ പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തിട്ടുണ്ട്. അക്രമം യഥാര്‍ഥ പ്രതിഷേധത്തെ നിന്ദിക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമമാണെന്നും ജാമിഅ വിദ്യാര്‍ഥികളുടെ സമര കൂട്ടായ്മ പറഞ്ഞു.
സമാധാനപരമായി പ്രതിഷേധം നടത്തണമെന്നും അക്രമം പാടില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍ സമരക്കാരോട് അഭ്യര്‍ഥിച്ചു. നിയമത്തിനെതിരേ വിദ്യാര്‍ഥികള്‍ സമരം നടത്തിയതിനെത്തുടര്‍ന്ന് സര്‍വകലാശാല ജനുവരി അഞ്ചുവരെഅടച്ചിരിക്കുകയാണ്. സംഘര്‍ഷത്തെതുടര്‍ന്ന് ഡല്‍ഹിയിലെ സ്‌കൂളുകളും അടച്ചു..

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.