2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

Editorial

മുഖ്യമന്ത്രിയും ആവർത്തിക്കുന്ന പൊലിസ് ക്രിമിനലിസം


ജോലിയിൽ ജാഗ്രത കാണിക്കാത്ത കലക്ടർമാരെ അതിനിശിതമായ ഭാഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചത് കഴിഞ്ഞദിവസമാണ്. കലക്ടർമാരുടെയും വകുപ്പു മേലധികാരികളുടെയും യോഗത്തിലായിരുന്നു വിമർശനം. ഫോൺ വിളിച്ചാൽ എടുക്കാത്ത കലക്ടർമാർ വരെയുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി. ഇതിന്റെ ആവർത്തനമാണ് രണ്ടുദിവസം മുമ്പ് നടന്ന പൊലിസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും അദ്ദേഹം നടത്തിയത്. പൊലിസിൽ പടരുന്ന അവിശുദ്ധ ബന്ധങ്ങളെക്കുറിച്ചും ഗുണ്ടാ ബന്ധങ്ങളെക്കുറിച്ചും പൊലിസിലെ ക്രിമിനലുകളെക്കുറിച്ചുമായിരുന്നു പ്രധാനമായും മുഖ്യമന്ത്രി പറഞ്ഞത്.
മൃദുഭാവേ ദൃഢകൃത്യേ (മൃദുവായ പെരുമാറ്റം, ഉറച്ച നടപടി ) എന്നാണ് കേരള പൊലിസിന്റെ മുദ്രാവാക്യം. പൊലിസിലെ ക്രിമിനലുകൾക്കറിയും ആലേഖനം ചെയ്യപ്പെട്ട മഹത്തായ ഈ ആപ്തവാക്യത്തിന്റെ അർഥഗരിമ. നാലു വർഷം മുമ്പുവരെ 1,129 ക്രിമിനലുകൾ പൊലിസിൽ ഉണ്ടെന്നായിരുന്നു പുറത്തുവന്ന കണക്ക്. ഇപ്പോഴതിലും വർധിച്ചിട്ടുണ്ടാകും. ഇവരിൽ പലരും ഇപ്പോഴും ക്രമസമാധാന പാലന രംഗത്ത് പ്രവർത്തിക്കുന്നുമുണ്ട്. ഇവരിൽ പലരുടെയും വിശദ വിവരങ്ങൾ തന്റെ കൈയിലുണ്ടെന്നുകൂടി മുഖ്യമന്ത്രി യോഗത്തിൽ അറിയിക്കുകയും ചെയ്തു.

ഒന്നാം പിണറായി സർക്കാരിൽനിന്ന് വ്യത്യസ്തമായി ജനവിരുദ്ധനടപടികൾ പൊലിസിൽനിന്നും ഉദ്യോഗസ്ഥരിൽനിന്നും രണ്ടാം പിണറായി സർക്കാരിൽനിന്നും ഉണ്ടാകുന്നുവെന്ന് എറണാകുളത്ത് ചേർന്ന സി.പി.എം സംസ്ഥാനസമിതി യോഗം കുറ്റപ്പെടുത്തിയിരുന്നു. യോഗത്തിൽ ഏറെയും വിമർശന വിധേയമായത് ആഭ്യന്തര വകുപ്പായിരുന്നു. പാർട്ടിയുടെ ഈയൊരു വിലയിരുത്തലിനെ തുടർന്നാണ്, പൊതുജന പ്രശ്‌നങ്ങളുമായി ഏറ്റവും കൂടുതൽ ബന്ധപ്പെടുന്ന രണ്ടു വിഭാഗങ്ങളായ കലക്ടർമാരുടെ യോഗം കഴിഞ്ഞ ആഴ്ചയും പൊലിസിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസവും വിളിച്ചത്. പൊതുജന സമ്പർക്കത്തിൽ ഏർപ്പെടുന്ന ഈ രണ്ടു വിഭാഗവുമാണ് സർക്കാരിന് ഏറെ ചീത്തപ്പേരുണ്ടാക്കുന്നതെന്ന നിഗമനത്താൽ ആയിരിക്കാം യോഗം വിളിച്ചുചേർത്തിട്ടുണ്ടാവുക. സർക്കാരിന്റെ മുഖമായി പൊതുസമൂഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുന്നത് ഈ രണ്ടു വിഭാഗങ്ങളുമാണല്ലോ.

പൊലിസ് ഉദ്യോഗസ്ഥർ കേസിൽ ഉൾപ്പെട്ടാൽ ഉന്നത ഉദ്യോഗസ്ഥർ തന്നെ അവരെ രക്ഷിക്കാനെത്തുന്നു. പല പൊലിസുകാർക്കും ഗുണ്ടകളുമായും ചില വർഗീയ ശക്തികളുമായും ബന്ധമുണ്ട്. ഉദ്യോഗസ്ഥർ ഭാര്യമാരുടെ പേരിൽ ബിസിനസ് നടത്തുന്നു. പൊലിസിലേക്ക് സ്ത്രീകൾ സഹായത്തിനായി വിളിച്ചാൽ തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. 19 പുതിയ സൈബർ പൊലിസ് സ്റ്റേഷനുകൾ ആരംഭിച്ചെങ്കിലും സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ചു ലഭിക്കുന്ന പരാതികളിൽ കേസെടുക്കുന്നില്ല. തുടങ്ങി നിരവധി ആരോപണങ്ങളാണ് കഴിഞ്ഞ ദിവസത്തെ യോഗത്തിൽ പൊലിസിനെതിരേ ആഭ്യന്തരവകുപ്പ് ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി നിരത്തിയത്.
പൊലിസിലെ അവിശുദ്ധ ബന്ധങ്ങളെക്കുറിച്ചും മാഫിയകളുമായും ക്രിമിനലുകളുമായും അവർ പുലർത്തിപ്പോരുന്ന നിഗൂഢ ബന്ധങ്ങളെക്കുറിച്ചും കേൾക്കാൻ തുടങ്ങിയത് ഇന്നോ, ഇന്നലെയോ അല്ല. 2011ൽ പൊലിസിലെ ക്രിമിനലുകളുടെ പട്ടിക തയാറാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അധ്യക്ഷനാക്കി സമിതിയും രൂപീകരിച്ചിരുന്നു. എന്നിട്ടും ക്രിമിനലുകളുടെ എണ്ണം കൂടുകയല്ലാതെ കുറയുകയുണ്ടായില്ല. കസ്റ്റഡി കൊലപാതകം, ബലാത്സംഗം, കുട്ടികളെ പീഡിപ്പിക്കൽ, സ്ത്രീകളെ അക്രമിക്കൽ, പരാതിക്കാരെ ഭീഷണിപ്പെടുത്തൽ, അവരെ ഉപദ്രവിക്കൽ, തട്ടിപ്പ്, കൈക്കൂലി, ക്വട്ടേഷൻ, അബ്കാരി, ലഹരി കേസുകൾ, വ്യാജരേഖ ചമയ്ക്കൽ, ഗുണ്ടകൾക്ക് സഹായമൊരുക്കൽ തുടങ്ങി പല കേസുകളിലൂടെ നീളുന്നു പൊലിസിലെ ക്രിമിനലുകളുടെ പട്ടിക. ഇവർക്കെതിരേയുള്ള കേസുകൾ പലതും വാച്യാന്വേഷണത്തിൽ ഒതുക്കപ്പെടുകയാണ്.

ഏറ്റവുമൊടുവിലായി മോൻസൺ മാവുങ്കൽ നടത്തിയ വൻതട്ടിപ്പിൽ പൊലിസിലെ ഉയർന്ന ഒരു ഉദ്യോഗസ്ഥൻ ചെയ്തുകൊടുത്ത സഹായമാണ് പുറത്തുവന്നത്. മോൻസണുമായി അവിശുദ്ധബന്ധം പുറത്തുവന്നതിനെ തുടർന്നാണ് ഐ.ജി ലക്ഷ്മണ സസ്‌പെന്റ് ചെയ്യപ്പെട്ടത്. ഐ.ജി ലക്ഷ്മണയുടെ അതിഥിയായി മോൻസൺ പൊലിസ് ക്ലബിൽ വരെ തങ്ങിയിട്ടുണ്ടെന്ന് വരുമ്പോൾ തട്ടിപ്പുകാരുമായും ഗുണ്ടകളുമായും എത്രമേൽ സുദൃഢബന്ധമാണ് ഉന്നതരായ ചില പൊലിസ് ഉദ്യോഗസ്ഥർക്കുള്ളതെന്ന് വ്യക്തമാവുകയാണ്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ഗുണ്ടകളെ അമർച്ചചെയ്യാൻ സംസ്ഥാനാടിസ്ഥാനത്തിൽ പൊലിസിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചത്. അതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകാതെ പോയത് ഗുണ്ടകളുമായുള്ള പൊലിസിന്റെ അവിശുദ്ധബന്ധം കാരണമാണ്. പൊലിസിലെ ക്രിമിനലുകളാണ് മാഫിയകളുടെ അഴിഞ്ഞാട്ടങ്ങൾക്ക് വളംവച്ചു കൊടുക്കുന്നത്. തൽഫലമായി സംസ്ഥാനത്തെ ക്രമസമാധാനനില വഷളാകുന്നു. പൊലിസിനെ കൂസാതെ ഗുണ്ടാസംഘങ്ങൾ തഴച്ചുവളരുന്നുണ്ടെങ്കിൽ അതിനുപിന്നിൽ ഉന്നതരിൽ ചിലരുടെ അകമഴിഞ്ഞ പിന്തുണ ഉണ്ടായിരിക്കണം. ഇതിനൊക്കെ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും ലഭിച്ചുകൊണ്ടിരിക്കും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കൊച്ചി വെണ്ണലയിലെ വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടഞ്ഞുവച്ചതിനു സി.പി.എം കളമശേരി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റുമായിരുന്ന നേതാവിനെ ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്യാൻ അന്ന് മുഖ്യമന്ത്രി കാണിച്ച ചങ്കൂറ്റം പ്രശംസിക്കപ്പെട്ടിരുന്നു. ഭരണത്തിലിരിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ പ്രാദേശിക നേതാക്കൾ പൊലിസിനെയും ഗുണ്ടകളെയും തരാതരം ഉപയോഗിക്കുന്നു എന്നതിന്റെ ഉദാഹരണമായിരുന്നു ഈ സംഭവം.

ഭരണകൂട രാഷ്ട്രീയപാർട്ടികളിലെ ഇത്തരം കളകളെ പിഴുതെറിയാൻ സർക്കാർ തയാറായാൽ പൊലിസിലെ ഗുണ്ടാബന്ധം ഇല്ലാതാകും. ഇവർക്കു സംരക്ഷണം നൽകുന്ന പ്രാദേശിക രാഷ്ട്രീയപാർട്ടി നേതാക്കളും അപ്രത്യക്ഷരാകും. പിടിക്കപ്പെട്ടാൽ ഉന്നതങ്ങളിൽ പിടിപാടുള്ള രാഷ്ട്രീയപാർട്ടി നേതാക്കൾ സംരക്ഷിക്കുമെന്ന വിശ്വാസമാണ് ക്രിമിനലുകൾ വർധിക്കാൻ അടിസ്ഥാന കാരണം.
പൊലിസിൽ പിടിക്കപ്പെട്ട വ്യക്തി നിരപരാധിയാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ജനപ്രതിനിധികൾക്ക് പൊലിസ് സ്റ്റേഷനിൽ കയറേണ്ടിവരും. ആ ഗണത്തിൽ പെടുത്താനാവില്ല ഗുണ്ടകൾക്കു വേണ്ടി അഴിമതിക്കാരായ, പൊലിസുകാരുടെ സംരക്ഷകരായ രാഷ്ട്രീയനേതാക്കളുടെ ഇടപെടലുകൾ. പരസ്പര പൂരകങ്ങളാണ് പൊലിസ് ഗുണ്ടാ രാഷ്ട്രീയപാർട്ടി നേതാക്കൾ ബന്ധം. ഈ ബന്ധങ്ങൾ അറുത്തുമാറ്റാതെ ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരാമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഇത്തരം കളകളെ ഭരണകൂടത്തിന് ഇച്ഛാശക്തിയുണ്ടെങ്കിൽ നിഷ്പ്രയാസം പിഴുതുമാറ്റാവുന്നതേയുള്ളൂ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.