എറണാകുളം: നമ്പര്‍ 18 ഹോട്ടലിലെ പോക്‌സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമ ദേവ് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇന്ന് രാവിലെ ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ ഹാജരാകാനാകില്ലെന്നും കാണിച്ച് അഞ്ജലി കത്ത് നല്‍കുകയായിരുന്നു. പൊലിസ് അന്വേഷണവുമായി അഞ്ജലി സഹകരിക്കുന്നില്ലെന്നു0 ഇക്കാര്യ കോടതിയെ അറിയിക്കുമെന്നും കൊച്ചി സിറ്റി പൊലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജ പറഞ്ഞു.
വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പൊലീസ് 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് അടക്കമുള്ളവര്‍ക്കെതിരെ പോക്‌സോ കേസെടുത്തത്. കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അമ്മയ്‌ക്കൊപ്പം ഹോട്ടലിലെത്തിയ പെണ്‍കുട്ടിയെ കെണിയില്‍പ്പെടുത്താന്‍ ഒത്താശ ചെയ്‌തെന്നാണ് അഞ്ജലി റിമാ ദേവിനെതിരായ ആരോപണം. എന്നാല്‍ പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തര്‍ക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികള്‍ കോടതിയില്‍ പറഞ്ഞത്.
റോയ് വയലാട്ടിന്റെ സഹായി അഞ്ജലി തങ്ങളെ കോഴിക്കോട് വെച്ചാണ് പരിചയപ്പെട്ടതെന്നാണ് അമ്മയുടെയും മകളുടെയും ആരോപണം. ജോലി വാഗ്ദാനം ചെയ്താണ് തങ്ങളെ അഞ്ജലി കൊച്ചിയിലേക്ക് ക്ഷണിച്ചത്. പിന്നീട് ബിസിനസ് ഗെറ്റ് ടുഗെദര്‍ എന്ന് പറഞ്ഞ് തന്ത്രപൂര്‍വ്വം നമ്പര്‍ 18 ഹോട്ടലില്‍ എത്തിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.
Comments are closed for this post.