2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നിസാരക്കാരനല്ല ന്യുമോണിയ, സൂക്ഷിക്കാം പ്രതിരോധിക്കാം

ഈ അടുത്തിടെ അന്താരാഷ്ട്ര ഹെല്‍ത്ത് ആന്‍ഡ് ചില്‍ഡ്രന്‍സ് ഏജന്‍സി പുറത്തുവിട്ട കണക്കനുസരിച്ച് ലോകത്ത് ഏറ്റവുമധികം കുട്ടികള്‍ മരണപ്പെടാനിടയാക്കുന്നത് ന്യുമോണിയ ബാധിച്ചാണ്. ഓരോ 39 സെക്കന്‍ഡിലും ഈ രോഗം മൂലം ഒരു കുഞ്ഞ് മരണപ്പെടുന്നു. ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമായിട്ടും ന്യുമോണിയ ബാധിച്ച് കഴിഞ്ഞവര്‍ഷം മരിച്ചത് അഞ്ചു വയസിനു താഴെയുള്ള എട്ടു ലക്ഷം കുട്ടികളാണ്. ലോക ന്യുമോണിയ ദിനത്തോടനുബന്ധിച്ചാണ് സംഘടന ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

ഓരോ ദിവസവും 2,200 കുട്ടികളാണ് ന്യുമോണിയ ബാധിച്ച് മരിക്കുന്നതെന്ന് യൂനിസെഫ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഹെന്റിയേറ്റ ഫോറെ പറഞ്ഞു. ഈ രോഗം ബാധിച്ച് കൂടുതല്‍ കുട്ടികള്‍ മരിച്ച രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാംസ്ഥാനത്തുണ്ട്. 1,27,000 കുട്ടികളാണ് കഴിഞ്ഞവര്‍ഷം ഇതുമൂലം ഇന്ത്യയില്‍ മരിച്ചത്. ഈ ഞെട്ടിക്കുന്ന വിവരം എല്ലാവരിലും മുന്നറിയിപ്പ് കൂടി നല്‍കുകയാണ്. നമുക്കോ നമുക്ക് ചുറ്റുമുള്ളവര്‍ക്കോ ബാധിക്കാവുന്ന ഒന്ന് എന്നതരത്തിലേക്ക് എത്തിയിരിക്കുകയാണ്.

നവംബര്‍ പന്ത്രണ്ട് ലോക ന്യുമോണിയ ദിനമായി ലോകാരോഗ്യ സംഘടന ആചരിച്ചുവരുന്നതും ന്യുമോണിയക്കെതിരായ പ്രതിരോധ ബോധവല്‍ക്കരണ ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്.

ന്യുമോണിയ എന്ത്,എങ്ങനെ

ശ്വാസകോശത്തിലുണ്ടാവുന്ന അണുബാധയ്ക്കാണ് ന്യുമോണിയ എന്നുപറയുന്നത്. ചെറിയ കുഞ്ഞുങ്ങളില്‍ തുടങ്ങി പ്രായമായവരിലും ഇത് കണ്ടുവരാറുണ്ട്.

തൊണ്ടയില്‍ നിന്നുമുള്ള അണുബാധയുടെ സ്രവങ്ങള്‍ അബദ്ധവശാല്‍ ശ്വാസകോശങ്ങളിലേക്കെത്തുന്നതാണ് ന്യുമോണിയക്കുള്ള പ്രധാനകാരണം. വായു അറകളില്‍ രോഗാണുക്കള്‍ പെരുകി ശ്വസനേന്ദ്രിയ കോശങ്ങളില്‍ വീക്കവും പഴുപ്പും ഉണ്ടാക്കുന്നു.
ശ്വാസകോശത്തില്‍ രോഗാണു എത്തുന്നതിനു മുന്നേയും ശേഷവും ഉള്ള ശരീരത്തിന്റെ വിവിധ ഘട്ടങ്ങളിലായുള്ള സ്വയം പ്രതിരോധ സംവിധാനങ്ങള്‍ എല്ലാം മറികടന്നാല്‍ മാത്രമേ രോഗത്തിന് ന്യുമോണിയ ഉണ്ടാക്കാന്‍ കഴിയു.

വ്യക്തമായി പറഞ്ഞാല്‍ ശ്വാസകോശത്തില്‍ പെരുകുന്ന അണുക്കളും അവയുടെ സ്രവങ്ങളും ശരീരത്തിലെ പ്രതിരോധ കോശങ്ങളുടെ പ്രവര്‍ത്തന ഫലമായുണ്ടാവുന്ന സ്രവങ്ങളും കൂടി ശ്വാസകോശത്തിനകത്തു അടിഞ്ഞുകൂടിയുണ്ടാവുന്ന പ്രതിഭാസമാണ് ന്യൂമോണിയ.

ചിലരില്‍ രക്തത്തിലൂടെ ശ്വാസകോശത്തില്‍ എത്തുന്ന അണുക്കളും ശ്വാസകോശത്തിനു അടുത്തുള്ള മറ്റു ശരീര ഭാഗങ്ങളില്‍ നിന്നും പടരുന്ന അണുക്കളും ന്യൂമോണിയക്കു കാരണമാവാറുണ്ട്.

ന്യുമോണിയ ബാധിക്കുന്ന സാഹചര്യങ്ങള്‍

 • ശ്വാസകോശരോഗങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ക്ക് ന്യുമോണിയാ സാധ്യത സ്വാഭാവികമായും കൂടുതലാണ്. തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സിക്കപ്പെടുന്നവരിലും വീര്യമേറിയ അണുബാധയ്ക്ക് സാധ്യതയേറുന്നു. ഒപ്പം രോഗം മൂലമുള്ള അവശതയും ന്യുമോണിയയെ ക്ഷണിച്ചുവരുത്താം.
 • തീരെ പ്രായം കുറഞ്ഞവരിലും വളരെ പ്രായമേറിയവരിലും പൊതുവേ രോഗപ്രതിരോധശേഷി കുറവായതിനാല്‍ ആശുപത്രിയില്‍ കിടക്കുന്ന സമയത്തെ അണുബാധാസാധ്യത കൂടുതലായിരിക്കും
 • ദീര്‍ഘനാള്‍ കിടപ്പിലാകുന്ന രോഗികളില്‍ വായിലെയും അന്നനാളത്തിലെയും ദ്രവങ്ങള്‍ തൊണ്ടയിലേക്കും ശ്വാസനാളത്തിലേക്കും ഇറങ്ങാന്‍ സാധ്യതയുണ്ട് (ആസ്പിരേഷന്‍).
  ചില അടിയന്തര ഘട്ടങ്ങളിലും തീവ്രപരിചരണഘട്ടങ്ങളിലും ശ്വസനപ്രക്രിയ നിലനിര്‍ത്താനായി കഴുത്തിലൂടെ ശ്വാസനാളം തുരന്ന് ട്യൂബ് ഇടാറുണ്ട്. ഇതു നേരിട്ട് ശ്വാസകോശത്തിലേക്ക് അണുബാധ കയറാനുള്ള സാധ്യതയൊരുക്കുന്നുണ്ട്.
 • ശ്വാസം മുട്ടലില്‍ സഹായിക്കാനായി ഉപയോഗിക്കുന്ന ഓക്‌സിജന്‍ മാസ്‌ക്, ശ്വാസനാളക്കുഴല്‍ തുടങ്ങിയ ഉപകരണങ്ങള്‍ ശരിയാംവണ്ണം അണുവിമുക്തമല്ലെങ്കിലോ ഇവ കൈകാര്യം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കൈകള്‍ അണുവിമുക്തമല്ലെങ്കിലോ ഒക്കെ ആശുപത്രിജന്യ ന്യുമോണിയ ഉണ്ടാവാം

 ന്യുമോണിയ രണ്ടു വിഭാഗം.

 • കമ്മ്യുണിറ്റി അക്വയഡ് ന്യുമോണിയ; നിരന്തരമായി പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കം വഴി ഉണ്ടാവുന്നവയാണിത്.
  കമ്മ്യുണിറ്റി അക്വയഡ് ന്യുമോണിയയിലേക്ക് നയിക്കാവുന്ന അണുക്കള്‍ രോഗിയുടെ ശരീരത്തില്‍ കയറാനുണ്ടാവുന്ന സാഹചര്യം അനവധിയാണ്. ഉദാഹരണമായി മദ്യപാനികളില്‍ അബോധാവസ്ഥയില്‍ സ്വന്തം തുപ്പല്‍ വിഴുങ്ങാനും അത് ശ്വാസകോശത്തിലേക്ക് കയറിപ്പോകാനും സാധ്യതയുള്ളതിനാല്‍ വായിലെ പരാദജീവി ബാക്റ്റീരിയകള്‍ മൂലമുള്ള മിശ്രാണുബാധാ ന്യുമോണിയക്ക് സാധ്യതകൂടുതലാണ്.
 • ഹെല്‍ത്ത് കെയര്‍ അസോസിയറ്റ് ന്യുമോണിയ; ആശുപത്രിയില്‍ നിന്നുള്ള ചികിത്സയുടെ ഭാഗമായി ബാധിക്കുന്നവ. മറ്റു അസുഖങ്ങള്‍ക്ക് വേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം ആശുപത്രി വാസം മൂലം അണുബാധ പകര്‍ന്നു ഉണ്ടാകുന്നവയാണ് ഹെല്‍ത്ത് കെയര്‍ അസോസിയറ്റ് ന്യുമോണിയ എന്ന വിഭാഗത്തില്‍ വരുന്നത്. മിക്ക ആശുപത്രിജന്യന്യുമോണിയകളിലും ഒന്നിലധികം തരം ബാക്റ്റീരിയകള്‍ അണുബാധയ്ക്ക് കാരണമായി കാണാറുണ്ട്.

രോഗലക്ഷണങ്ങള്‍

 • ശക്തമായ പനി
 • കടുത്ത ചുമ
 • തലവേദന
 • ഛര്‍ദി
 • വിശപ്പില്ലായ്മ
 • ശ്വാസം മുട്ടല്‍
 • കടും മഞ്ഞിനിറത്തോടുകൂടിയ കഫം

ശരീരത്തിന് പ്രതിരോധശേഷി കുറഞ്ഞവരിലും പ്രായമായവരിലും ഈ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ശക്തിപ്രാപിക്കുന്നതാണ് ന്യുമോണിയ.

ആഴ്ചകളോ മാസങ്ങളോ നീണ്ടു നില്‍ക്കുന്ന ചുമയും, നേരിയ പനിയും ശരീര ഭാരം കുറയലുമാണ് ടിബി ന്യൂമോണിയയുടെ ലക്ഷണങ്ങള്‍. ഇവ താരതമ്യേന പതിയെ പുരോഗമിക്കുന്നവയുമാണ്.

ചികിത്സ

സ്വയം രോഗനിര്‍ണയം നടത്തുന്നതിന് മുന്‍പായി ഒരു ഡോക്ടറെ സമീപിക്കേണ്ടത് എന്തുകൊണ്ടും അത്യാവശ്യമാണ്.

ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമെ വീട്ടില്‍ ചികിത്സ നടത്താവു. ന്യുമോണിയാചികിത്സയില്‍ ഏറ്റവും പ്രധാനം അണുബാധയെ ചെറുക്കുക എന്നതാണ്. ഇതിനു ആന്റിബയോട്ടിക്കുകള്‍ (പ്രതിജൈവികങ്ങള്‍) ആണ് ഉപയോഗിക്കുക. തീവ്രതയനുസരിച്ച് ന്യുമോണിയാരോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ ഔട്ട്‌പേഷ്യന്റ് ആയി ചികിത്സിക്കുകയോ ആവാം.

പരിശോധനകള്‍

 • നെഞ്ചില്‍ എക്‌സറേ
 • രക്ത പരിശോധന
 • കഫ പരിശോധന
 • സി.ടി സ്‌കാന്‍

പ്രതിരോധം

 • രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക
 • കുട്ടികളില്‍ വാക്‌സിനുകള്‍ കൃത്യമായി നല്‍കുക( വാക്‌സിന്‍ മൂലം തടയാന്‍ പറ്റുന്ന അഞ്ചാംപനി, വില്ലന്‍ ചുമ എന്നിവ വന്നാല്‍ അതിനു പിറകേ കൂടുതല്‍ അപകടകരമായ ബാക്ടീരിയ കൊണ്ടുള്ള ന്യൂമോണിയ വരാന്‍ സാധ്യത കൂടുതലാണ്)

 • പരിസരം വൃത്തിയായി സൂക്ഷിക്കുക.
 • ന്യൂമോണിയ രോഗികളുമായി സമ്പര്‍ക്കം വരുന്ന അവസരങ്ങള്‍ പരമാവധി ഒഴിവാക്കുക.
 • ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം പ്രതിരോധ കുത്തിവയ്പ്പ് എടുക്കാവുന്നതാണ്.

രോഗം വന്നു ചികിത്സയ്ക്കുന്നതിനെക്കാളും എന്തുകൊണ്ടും നല്ലതാണ് രോഗം വരാതെ സുക്ഷിക്കുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.