ന്യൂഡല്‍ഹി: പെഗാസസ് വിഷയത്തില്‍ സുപ്രിംകോടതി ഇടപെട്ടതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘പ്രധാനമന്ത്രി മറ്റൊരു രാജ്യവുമായി സഹകരിച്ച് ചീഫ് ജസ്റ്റിസും മുന്‍ പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ഉള്‍പ്പെടെയുള്ള സ്വന്തം രാജ്യത്തെ പൗരന്മാരെ ആക്രമിക്കുകയാണെങ്കില്‍, അത് രാജ്യത്തിനെതിരായ ആക്രമണം തന്നെയാണ്’- രാഹുല്‍ ഗാന്ധി പറഞ്ഞു.
പെഗാസസ് വിഷയം പാര്‍ലമെന്റില്‍ വീണ്ടും ഉന്നയിക്കുമെന്നും ചര്‍ച്ചയ്ക്ക് വേണ്ടി ശ്രമിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ് പെഗാസസ് ചോര്‍ത്തലിലൂടെ ചെയ്തതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
വിഷയത്തില്‍ സുപ്രിംകോടതി ഇടപെട്ടതോടെ, സത്യം പുറത്തുവരുമെന്ന ആത്മവിശ്വാസമുണ്ട്. ഇന്ത്യയെന്ന ആശയത്തെ തന്നെയാണ് പെഗാസസ് വഴി ആക്രമിച്ചത്. ഫോണുകള്‍ ചോര്‍ത്തിയത് ആര്‍ക്കുവേണ്ടിയെന്നും എന്തിനുവേണ്ടിയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പെഗാസസ് ചോര്‍ത്തല്‍ വിഷയം അന്വേഷിക്കാന്‍ സുപ്രിംകോടതി മുന്‍ ജഡ്ജി ആര്‍.വി രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതി രൂപീകരിച്ചിരിക്കുകയാണ് സുപ്രിംകോടതി. മുന്‍ ഐ.പി.എസ് ഓഫിസര്‍ അലോക് ജോഷി, സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ ഡോ. സുദീപ് ഒബറോയ് എന്നിവരാണ് സമിതിയംഗങ്ങള്‍. ഇവരെ സഹായിക്കാന്‍ മൂന്നംഗ സാങ്കേതിക വിദഗ്ധ സമിതിയെയും നിയോഗിച്ചു.
ഗാന്ധിനഗര്‍ നാഷനല്‍ ഫോറന്‍സിക് സയന്‍സ് യൂനിവേഴ്‌സിറ്റിയിലെ സൈബര്‍ സെക്യൂരിറ്റി- ഡിജിറ്റല്‍ ഫോറന്‍സിക് പ്രൊഫസറും ഡീനുമായ ഡോ. നവീന്‍ കുമാര്‍ ചൗധരി, കൊല്ലം അമൃത വിശ്വവിദ്യാപീഠത്തിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രഫസര്‍ ഡോ. പ്രബാഹരന്‍ .പി (പ്രബ), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെയിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തെ എന്നിവരാണ് സാങ്കേതിക വിദഗ്ധ സമിതിയംഗങ്ങള്‍.
സര്‍ക്കാരോ ഏജന്‍സിയോ പെഗാസസ് ഉപയോഗിച്ച് പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയോ എന്ന പരിശോധനയും സമിതിയുടെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടുത്തി. സമിതിക്ക് ആരെയും വിളിച്ചുവരുത്തി മൊഴിയെടുക്കാം. അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കാനും ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമാ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കി.
കേസ് എട്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. മനോഹര്‍ ലാല്‍ ശര്‍മയാണ് കേസിലെ പ്രധാന ഹരജിക്കാരന്‍, മാധ്യമപ്രവര്‍ത്തകരായ എന്‍. റാം, ശശികുമാര്‍, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവരും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.
Comments are closed for this post.