കൊല്‍ക്കത്ത: ശ്രീലങ്കന്‍ പ്രസിഡന്റ് ഗൊതബയ രജപക്‌സെയുടെ അതേ ഗതി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും നേരിടേണ്ടിവരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ ഇദ്രിസ് അലി. കൊല്‍ക്കത്തയിലെ സീല്‍ദാ മെട്രോ സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങിലേക്ക്, മുഖ്യമന്ത്രി മമത ബാനര്‍ജിയെ ക്ഷണിക്കാതിരുന്നതിനു പിന്നാലെയാണ് രൂക്ഷവിമര്‍ശനവുമായി എം.എല്‍.എ രംഗത്തെത്തിയത്. ജൂലൈ 11ന് നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.
ശ്രീലങ്കയില്‍ പ്രസിഡന്റ് രജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയതിനെത്തുടര്‍ന്ന്, ഗോതബയ രാജപക്‌സെ ശനിയാഴ്ച സ്ഥലം വിട്ടിരുന്നു. ഈ അവസ്ഥ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നേരിടേണ്ടി വരുമെന്നാണ് ഇദ്രിസ് അലി പറഞ്ഞത്.
മമത ബാനര്‍ജി റെയില്‍വേ മന്ത്രിയായിരിക്കെയാണ് സീല്‍ദാ പദ്ധതിക്ക് ആരംഭം കുറിച്ചതെന്നും അതിനാല്‍, മമത ബാനര്‍ജിയെ ചടങ്ങില്‍ ക്ഷണിക്കാത്തത് അനീതിയാണെന്നും ഇദ്രിസ് അലി പറഞ്ഞു. നേരത്തെ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുക്കുന്ന മറ്റൊരു പരിപാടിയിലേക്കും മമതാ ബാനര്‍ജിക്ക് ക്ഷണം ലഭിച്ചിരുന്നില്ല.
അതേസമയം, ഈ രീതിക്ക് തുടക്കമിട്ടത് തൃണമൂല്‍ കോണ്‍ഗ്രസാണെന്നാണ് ബി.ജെ.പി പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പരിപാടികളിലേക്ക് ബി.ജെ.പി എം.എല്‍.എമാരെയും എം.പിമാരെയും ക്ഷണിക്കാറില്ലെന്നും ബി.ജെ.പി തിരിച്ചടിച്ചു.
Comments are closed for this post.