കോഴിക്കോട്: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ അവസാന ഘട്ടത്തില്‍. മലബാറില്‍ ബാച്ചുകളുടെ എണ്ണം കുറവായതിനാല്‍ നിരവധി വിദ്യാര്‍ഥികള്‍ പുറത്തുനില്‍ക്കുമ്പോഴും തെക്കന്‍ ജില്ലകളില്‍ മതിയായ കുട്ടികളില്ലാതെയുള്ളത് നൂറിലേറെ ബാച്ചുകള്‍. ഈ വര്‍ഷം മുഖ്യഘട്ടത്തിലെ മൂന്നും സപ്ലിമെന്ററി ഘട്ടത്തിലെ മൂന്നും ഉള്‍പ്പെടെ ആറ് അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായി. ഇനി ശേഷിക്കുന്നത് ജില്ല – ജില്ലാന്തര സ്‌കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് മാത്രമാണ്. ഇത് ഇന്ന് പൂര്‍ത്തിയാകും. സൗകര്യപ്രദമായ സ്‌കൂളുകളിലേക്ക് കുട്ടികള്‍ മാറുന്നതോടെ വിദ്യാര്‍ഥികളില്ലാത്ത ബാച്ചുകളുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത.
25 പേരെങ്കിലും പ്രവേശനം നേടാത്ത ബാച്ചുകളെയാണ് മതിയായ കുട്ടികളില്ലാത്തവയായി പരിഗണിക്കുന്നത്. ഇത്തരം ബാച്ചുകള്‍ കൂടുതലുള്ളത് പത്തനംതിട്ട ജില്ലയിലാണ്; 29 എണ്ണം. ആലപ്പുഴയിലും എറണാകുളത്തും 14 വീതവും കൊല്ലം, ഇടുക്കി ജില്ലകളില്‍ 10 വീതവും തൃശൂരില്‍ ആറും ബാച്ചുകളില്‍ മതിയായ കുട്ടികളില്ല. തിരുവനന്തപുരം നാല്, കോട്ടയം നാല്, പാലക്കാട് മൂന്ന്, മലപ്പുറം ഒന്ന്, വയനാട് രണ്ട്, കണ്ണൂര്‍ മൂന്ന്, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ നില. കോഴിക്കോട്ട് 25 കുട്ടികളെങ്കിലും പ്രവേശനം നേടാത്ത ഒരു ബാച്ചു പോലുമില്ല.
ഇത്തവണ കുട്ടികളില്ലാത്ത 101 ബാച്ചുകളില്‍ 20 എണ്ണത്തിലധികം എയ്ഡഡ് സ്‌കൂളുകളിലാണ്. കുട്ടികളില്ലാത്ത ബാച്ചുകള്‍ സീറ്റ് ക്ഷാമമുള്ള മേഖലകളിലേക്ക് പുനഃക്രമീകരിക്കണമെന്ന കാര്‍ത്തികേയന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിദ്യാഭ്യാസ വകുപ്പ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
ഇത്തവണ മലബാര്‍ ജില്ലകളില്‍ അവസാനഘട്ടത്തില്‍ അനുവദിച്ച 97 താല്‍ക്കാലിക ബാച്ചുകളിലേക്കുള്ള അലോട്ട്‌മെന്റ് അവസാനിച്ചപ്പോഴും മലപ്പുറം ജില്ലയില്‍ 6197 അപേക്ഷകരില്‍ 3438 പേര്‍ക്ക് മാത്രമേ സീറ്റ് ലഭിച്ചിട്ടുള്ളൂ. മലബാറിലെ ജില്ലകളില്‍ 50 കുട്ടികള്‍ക്ക് പകരം, ആനുപാതിക സീറ്റ് വര്‍ധന വഴി 65 പേരെയാണ് ഓരോ ബാച്ചിലും പ്രവേശിപ്പിച്ചിരിക്കുന്നത്.
ഈ വര്‍ഷത്തെ പ്രവേശനത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളില്ലാത്ത ബാച്ചുകള്‍ സീറ്റില്ലാത്ത ജില്ലകളിലേക്ക് പുനഃക്രമീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം കുട്ടികളില്ലാത്ത 105 ബാച്ചുകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ 14 എണ്ണം മലപ്പുറം ജില്ലയിലേക്ക് മാറ്റി ശേഷിക്കുന്നവ അതേ ജില്ലകളില്‍തന്നെ നിലനിര്‍ത്തുകയായിരുന്നു.
Comments are closed for this post.