നായിഫ് പാണ്ടിക്കാട്
ആ ചരിത്ര മുഹൂര്‍ത്തം പിറന്നിട്ട് നാളേക്ക് 20 വര്‍ഷം തികയുകയാണ്. കൊക്കക്കോള എന്ന ശീതളപാനീയത്തിലെ ഭീമന്മാർക്കെതിരേ പ്ലാച്ചിമടക്കാര്‍ തുടങ്ങിവച്ച യുദ്ധപ്രഖ്യാപനം. പോരാട്ടത്തിനിടയില്‍ ആദ്യനീതി അവര്‍ക്ക് ലഭിച്ചു. എന്നാല്‍ അവരുടെ സ്വാഭാവികമായ രണ്ടാംനീതി ഇപ്പോഴും അകറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു. കമ്പനി കാരണം നഷ്ടപ്പെട്ട ജലം, പ്രകൃതി എന്നിവയ്ക്കുള്ള നഷ്ടപരിഹാരം സര്‍ക്കാരുകളും ഉദ്യോഗസ്ഥ ലോബികളും ചേര്‍ന്ന് തകിടം മറിച്ചിരിക്കുകയാണ്.
തങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിച്ച വന്‍കിട കോര്‍പറേറ്റിനെതിരേ ഒരു നാടാകെ നടത്തിയ ഐതിഹാസിക സമരത്തിന്റെ ഫലം പ്ലാച്ചിമടക്കാര്‍ക്ക് ഇപ്പോഴും അനുഭവിക്കാനായിട്ടില്ല. സമരം തുടങ്ങിയിട്ട് രണ്ട് ദശാബ്ദത്തോളമായ ഈ വേളയിലാണ് പ്ലാച്ചിമട വീണ്ടും സംസാരവിഷയമാകുന്നത്. അവസാനം, മനുഷ്യാവകശ കമ്മിഷന്‍ പ്ലാച്ചിമടയിലെ ഇരകള്‍ക്കുള്ള നഷ്ടപരിഹാര വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. നഷ്ടപരിഹാരം നല്‍കാന്‍ കേരള നിയമസഭ പാസാക്കിയ ബില്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി ഏഴു വര്‍ഷം കഴിഞ്ഞിട്ടും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചെന്നതിന്റെ റിപ്പോര്‍ട്ട് നല്‍കാനാണ് മനുഷ്യാവകാശ കമ്മിഷന്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇരകള്‍ക്ക് നീതി ലഭിക്കാന്‍ സര്‍ക്കാരിന്റെ പ്ലാച്ചിമട ഉന്നതാധികാര സമിതിയിലെ പരിസ്ഥിതി ശാസ്ത്ര വിദഗ്ധൻ ഡോ. എസ്. ഫെയ്‌സി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചതിനെ തുടര്‍ന്നാണ് കമ്മിഷന്റെ ഈ ഇടപെടല്‍.
ഫാക്ടറി പ്രവര്‍ത്തിപ്പിക്കാനുള്ള കമ്പനിയുടെ അപേക്ഷ ശരിവച്ച് 2000ല്‍ പെരുമാട്ടി പഞ്ചായത്ത് ലൈസന്‍സ് അനുവദിച്ചതോടെയാണ് പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ കമ്പനിമൂലമുണ്ടാകുന്ന ദുരിതങ്ങള്‍ തിരിച്ചറിഞ്ഞ പ്രദേശവാസികള്‍ സമരത്തിനിറങ്ങുകയായിരുന്നു. 2002 ഏപ്രില്‍ 22ന് ആദിവാസി നേതാവ് സി.കെ ജാനുവാണ് കമ്പനിക്കെതിരായ സമരം ഉദ്ഘാടനം ചെയ്തത്. പിന്നീട് സമരം ശക്തിപ്പെട്ടതിന്റെ ഫലമായും പെരുമാട്ടി പഞ്ചായത്തിന്റെയും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ഇടപെടല്‍ കാരണവും 2004 മാര്‍ച്ച് ഒമ്പതിന് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചു. എന്നാല്‍ ഇതുവരെയും കൊക്കക്കോള കമ്പനിയില്‍ നിന്ന് പ്ലാച്ചിമടക്കാര്‍ക്ക് നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. 2009ല്‍ കേരള സര്‍ക്കാര്‍ കെ. ജയകുമാറിനെ അധ്യക്ഷനായി നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയില്‍ തെളിവെടുപ്പ് നടത്തുകയും പ്രദേശവാസികള്‍ക്ക് 216 കോടിയുടെ നഷ്ടപരിഹാരം കൊക്കക്കോള കമ്പനിയില്‍ നിന്ന് ഈടാക്കാവുന്നതാണെന്ന് ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരള നിയമസഭ 2011ല്‍ വി.എസ് സര്‍ക്കാരിന്റെ അവസാന കാലത്ത് പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ പാസാക്കിയത്.
പിന്നീട് ഇത് രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നു. അന്ന് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന യു.പി.എ സര്‍ക്കാര്‍ ബില്‍ പ്രസിഡന്റിന്റെ അനുമതിക്ക് വിടാതെ പിടിച്ചുവച്ചു. 2014ല്‍ അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ കേവലം ആറ് മാസംകൊണ്ട് ബില്ലിന് അംഗീകാരം നിഷേധിച്ച് കത്തയക്കുകയായിരുന്നു. സംസ്ഥാനത്ത് 2011ല്‍ അധികാരമേറ്റെടുത്ത ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനും നഷ്ടപരിഹാര വിഷയത്തില്‍ നീതി പുലര്‍ത്താനായില്ല. കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴും പ്ലാച്ചിമടക്കാരുടെ അവകാശം നേടിക്കൊടുക്കാന്‍ കഴിഞ്ഞില്ല എന്നത് ഈ വിഷയത്തിലെ യു.ഡി.എഫ് സര്‍ക്കാരിന്റെ അനാസ്ഥ വിളിച്ചോതുന്നു.
2016 നിയമസഭ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ പ്രകടനപത്രികയില്‍ പ്ലാച്ചിമട നഷ്ടപരിഹാര ബില്ലിന്മേല്‍ ഉചിതമായ നടപടികളെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തിലെത്തി. എന്നാല്‍ ഒരു നടപടിയും ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ല. 2017ല്‍ നിയമസഭയില്‍ പ്ലാച്ചിമടക്കാര്‍ക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ച് ചോദ്യമുന്നയിച്ച എന്‍. ഷംസുദ്ദീന്‍ എം.എല്‍.എക്ക് മറുപടിയായി അന്നത്തെ നിയമമന്ത്രി എ.കെ ബാലന്‍ പറഞ്ഞത് ഭരണഘടനയുടെ 253ാം അനുഛേദപ്രകാരം പാര്‍ലമെന്റ് പാസാക്കിയ 2010ലെ ഗ്രീന്‍ ട്രിബ്യൂണല്‍ ആക്ടിന്റെ പരിധിയില്‍ വരുന്നതാകയാല്‍ കേരള നിയമസഭയ്ക്ക് ഈ ബില്‍ വീണ്ടും അവതരിപ്പിക്കാന്‍ കഴിയില്ലെന്ന നിയമോപദേശമാണ് ലഭിച്ചിട്ടുള്ളതെന്നായിരുന്നു.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ വലിയ വായില്‍ ഇരകള്‍ക്ക് വേണ്ടി ശബ്ദിച്ചവരുടെ മൗനം കണ്ടതോടെയാണ് എസ്.ഫെയ്‌സി ദേശീയ മനുഷ്യാവകാശ കമ്മിഷനില്‍ പരാതി സമര്‍പ്പിക്കുന്നത്. പ്ലാച്ചിമടക്കാര്‍ എസ്.സി, എസ്.ടി അട്രോസിറ്റീസ് ആക്ട് പ്രകാരം കൊക്കക്കോള കമ്പനിക്കെതിരേ കേസ് കൊടുത്തിട്ട് കേസ് രജിസ്റ്റര്‍ ചെയ്യാത്ത പൊലിസിന് കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നും നഷ്ടപരിഹാരം കമ്പനിയില്‍ നിന്ന് ഇവര്‍ക്ക് ഈടാക്കി നല്‍കണമെന്നുമാവശ്യപ്പെട്ടായിരുന്നു ഹരജി. മനുഷ്യാവകാശ കമ്മിഷന്‍ പരാതി ചീഫ് സെക്രട്ടറിക്ക് അയക്കുകയും ചീഫ് സെക്രട്ടറി ഇത് പാലക്കാട് പൊലിസിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് പൊലിസ് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കമ്പനിയുടെ പ്രവര്‍ത്തനം കാരണമായി തീവ്രമായ മലിനീകരണത്തെയും അമിത ജലചൂഷണത്തെയും കുറിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫിസര്‍ 15 വര്‍ഷത്തിന് ശേഷം 2019ല്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലിസ് സൂപ്രണ്ടിന് റിപ്പോര്‍ട്ട് നല്‍കിയത്. നഷ്ടപരിഹാര വിഷയത്തില്‍ ഇത്ര വൈകിയുള്ള ഇടപെടല്‍ ഇരകള്‍ക്കായി നടക്കുന്നത് സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥയാൽ മാത്രമാണ്. കേരള പൊലിസും മലിനീകരണ നിയന്ത്രണ ബോര്‍ഡും സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തില്‍ വരുന്നതിനാൽ കേരള ഭരണകൂടം തന്നെയാണ് നഷ്ടപരിഹാരം ലഭിക്കുന്നതിന് തടസം നില്‍ക്കുന്നതെന്ന ആരോപണത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നു.
നഷ്ടപരിഹാര വിഷയം ഇങ്ങനെ അനിശ്ചിതത്വത്തിലിരിക്കെയാണ് മനുഷ്യാവകാശ കമ്മിഷന്‍ വിഷയത്തില്‍ വീണ്ടും ഇടപെട്ടിരിക്കുന്നത്. മെയ് രണ്ടിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിഷന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരിക്കുന്നത്. ജലം സംരക്ഷിക്കാനുള്ള സംസ്ഥാനത്തെ സുപ്രധാന പ്രക്ഷോഭങ്ങളിലൊന്നായിരുന്നു കൊക്കക്കോള കമ്പനിക്കെതിരേ പ്ലാച്ചിമടക്കാര്‍ നടത്തിയ സമരം. കൊട്ടിഘോഷിച്ച് തുടങ്ങിയ ആ പ്രക്ഷോഭത്തിന്റെ കൂടെ നിന്നവര്‍ ഇന്ന് കൂട്ടം തെറ്റിയിരിക്കുന്നു. സര്‍ക്കാരുകളും സംഘടനകളും കൈവിട്ടപ്പോള്‍ പെരുവഴിയിലായത് പ്ലാച്ചിമടയിലെ ഈ പാവങ്ങള്‍ മാത്രം.
Comments are closed for this post.