മലപ്പുറം: സി.പി.എം സംസ്ഥാന സമിതിയംഗം കെ അനില്‍കുമാറിന്റെ വിവാദ പ്രസ്താവന, തിരുത്തല്‍ കൊണ്ടുമാത്രം തീരുന്ന വിഷയമല്ലെന്നും സമീപനത്തിന്റെ കൂടി കാര്യമാണെന്നും മുസ് ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഈ വിഷയത്തില്‍ തിരുത്തേണ്ട ഘട്ടം അവര്‍ ഉണ്ടാക്കാന്‍ പാടില്ലായിരുന്നു. അടിസ്ഥാനപരമായ വിഷയമാണ് ഇത്. സി.പി.എം കൂടി ഭാഗമായ ഇന്ത്യ മുന്നണിയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഒന്നാണിത്. പാര്‍ട്ടി സെക്രട്ടറി പ്രസ്താവന തള്ളിക്കളയുമ്പോഴേക്കും തീരുന്ന പ്രശ്‌നമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസങ്ങളിലേക്ക് കടന്നുചെല്ലുന്ന സമീപനത്തെ അംഗീകരിക്കാനാവില്ല. മതേതര കക്ഷികള്‍ ഒരുമിച്ച് നീങ്ങുന്ന കാലത്താണ് ഇങ്ങനെയൊരു പ്രസ്താവന വരുന്നത്. എങ്ങനെ സി.പി.എമ്മിന് ഇത്തരം ഒരു പിഴവ് പറ്റി തിരുത്തേണ്ട സാഹചര്യം വന്നു എന്ന് പരിശോധിക്കണം. കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ഉറച്ച നിലപാടെടുത്തതോടെയാണ് വിജയിച്ചത്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വസ്ത്രധാരണ രീതി മാറ്റാനായത് വിപ്ലവമാണെന്ന് പറഞ്ഞത് അതിശയകരം തന്നെയാണ്.
മലപ്പുറം പരാമര്‍ശം പണ്ടേ ഉണ്ടായിരുന്നതാണ്. ഇപ്പോള്‍ മാറി എന്നാണ് കരുതിയിരുന്നത്. വസ്ത്രങ്ങള്‍ അഴിച്ചു വെച്ചല്ല ആരും വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയത്. ഈ വസ്ത്രം ധരിച്ചു തന്നെ മുന്നേറുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എസന്‍സ് നാസ്തിക സമ്മേളനത്തിലാണ് അനില്‍കുമാര്‍ വിവാദപരാമര്‍ശം നടത്തിയത്. മലപ്പുറത്തെ വിദ്യാഭ്യാസം പോയി നോക്കൂ. ഏതെങ്കിലും മതസംഘടനയുണ്ടാക്കിയ വിദ്യാഭ്യാസമാണോ? മലപ്പുറത്തെ പുതിയ പെണ്‍കുട്ടികളെ കാണൂ നിങ്ങള്‍. തട്ടം തലയിലിടാന്‍ വന്നാല്‍ അതു വേണ്ടായെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായി തന്നെ, വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായി തന്നെയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സ്വതന്ത്രചിന്ത വന്നതില്‍ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല’- എന്നിങ്ങനെയായിരുന്നു പ്രസംഗം.
അതേസമയം, വിഷയത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്നതോടെ അനില്‍കുമാറിന്റെ പരാമര്‍ശം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തള്ളിയിരുന്നു.
Comments are closed for this post.