
കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ വിവാദ പ്രസ്താവന വന്നതിന്റെ തൊട്ടു പിന്നാലെ യാദൃശ്ചികമെന്നോണം മൃദു ഹിന്ദുത്വം കളിക്കാന്‍ പാര്‍ട്ടി ഉണ്ടാവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരിക്കുന്നു. വിഭാഗീയതയുടെ സഞ്ചാരപഥം സൃഷ്ടിച്ച് കൊണ്ട് ബി.ജെ.പിയും പോഷക സംഘടനകളും മുന്നേറുമ്പോള്‍ എല്ലാ മതവിഭാഗങ്ങളെയും ചേര്‍ത്ത് പിടിച്ച് മുന്നേറുന്നതാണ് കോണ്‍ഗ്രസിന്റെ ചിന്താധാരയെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. എന്നാല്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി ജയം നേടിയാല്‍ ഇന്ത്യ, ഹിന്ദു പാകിസ്താനായി മാറുമെന്ന തരൂരിന്റെ പ്രസ്താവനയെ കോണ്‍ഗ്രസ് നേരിട്ട രീതി വിശകലനം ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് പൊള്ളയാണെന്ന് വ്യക്തമാവുകയാണ്.
വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന തരൂരിനോടുള്ള താക്കീത് കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടില്‍ വെള്ളം ചേര്ക്കാനില്ലെന്ന കര്‍ക്കശ്യമായ തീരുമാനത്തിന്റെ ഭാഗമാണെന്ന് മനസിലാക്കാം. വിഭജനത്തിന്റെ ആത്യന്തിക ലക്ഷ്യം മുസ്ലിം രാഷ്ട്ര നിര്‍മിതിയാണെന്ന ഉറച്ച അജന്‍ഡയില്‍ ജനനം കൊണ്ട പാകിസ്താന് ആ രാജ്യത്തെ ന്യൂനപക്ഷ വിരുദ്ധതയുടെ പര്യായമായി തന്നെ ഇന്നും നിലകൊള്ളുന്നു.
മോദി സര്‍ക്കാര്‍ ഭാരതത്തിന്റെ ഭരണചക്രം വീണ്ടും കയ്യാളുകയാണെങ്കില്‍ പാകിസ്താനിലേത് പോലെ ന്യൂനപക്ഷ അവകാശങ്ങളെ മാനിക്കാത്ത ഒരു സ്ഥിതി വിശേഷമാണ് സംജാതമാവുകയെന്നാണ് തരൂരിന്റെ പ്രസ്താവനയുടെ സാരാംശം. രാജ്യത്തിന്റെ മഹനീയമായ ജനാധിപത്യ ഭരണ ഘടനയുടെ കടയ്ക്കല്‍ കത്തിവച്ചു കൊണ്ടായിരിക്കും മോദിയുടെ വീണ്ടുമുള്ള വരവ്. ഹിന്ദു രാഷ്ട്ര നിര്‍മിതിയുടെ അനന്തരഫലം രാജ്യം നേരിടേണ്ടി വരുന്നത് അതിഭീതിതമായ പ്രത്യാഘാതങ്ങളോടെയായിരിക്കും. ഈയൊരു ദുസൂചനയെ വളച്ച് കെട്ടില്ലാത്ത വിധം രാജ്യത്തോട് വിളിച്ചു പറയുകയായിരുന്നു തരൂര്‍. ഇതാവട്ടെ കൊണ്ട് പിടിച്ച വിവാദമാക്കി തീര്‍ത്ത് തരൂരിനെതിരേ നീങ്ങാന്‍ ബി.ജെ.പിയെ പ്രേരിപ്പിക്കുകയും ചെയ്തു.
ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അവരുടെ അജന്‍ഡകളുടെ ഭാഗമാണ് തങ്ങള്‍ക്കെതിരേയുള്ള പ്രസ്താവനകളെ വിവാദമാക്കിത്തീര്ത്ത് കോണ്‍ഗ്രസ് പോലുള്ള മറ്റു പ്രതിപക്ഷ പാര്‍ട്ടികളില്‍ രാഷ്ട്രീയാരക്ഷിതത്വം സൃഷ്ടിക്കുക എന്നത്. തരൂരിന്റെ പ്രസ്താവനയില്‍ തരൂരും കോണ്‍ഗ്രസും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പിയാവട്ടെ തിരശ്ശീലയ്ക്ക് പിന്നില്‍ തരൂരിനെ ഹിന്ദു വിരുദ്ധനാക്കാനുള്ള നീചമായ നീക്കങ്ങളും ആരംഭിച്ചു. ഭൂരിപക്ഷ വര്‍ഗീയതയെ കൂട്ടുപിടിച്ച് രാജ്യത്തെ ന്യൂനപക്ഷങ്ങളെയും പിന്നോക്ക വിഭാഗങ്ങളെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് അധികാര പ്രയാണം നടത്തിക്കൊണ്ടിരിക്കുന്ന മോദിയെയും കൂട്ടരെയും ശക്തമായി പ്രതിരോധിക്കാനാവാതെ ആലസ്യതയുടെ മടിത്തട്ടിലുറങ്ങുന്ന കോണ്‍ഗ്രസ് തരൂരിനെ കണ്ണുരുട്ടി ഭയപ്പെടുത്തുന്ന നിലപാടെടുത്തത് ആരെ പ്രീണിപ്പിക്കാനാണ്?
കോണ്‍ഗ്രസിന്റെ ‘ഭയപ്പെടുത്തലില്‍’ സങ്കോചപ്പെടാതെ തന്റെ നിലപാടില്‍ ഉറച്ച് നിന്ന തരൂര്‍ ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും ഹിന്ദു രാഷ്ട്രമെന്ന ആശയം പാകിസ്താന്റെ കണ്ണാടി ബിംബമാണെന്ന് ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ജനസംഖ്യയില്‍ കൂടുതലുള്ള മതത്തിന് മേധാവിത്വം നല്‍കിക്കൊണ്ടുള്ള പാകിസ്താനിലേത് പോലുള്ള ഭരണ രീതി ഇന്ത്യയെന്ന മഹത്തായ മതേതര രാജ്യത്തെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ പോലും അസാധ്യമാണ്.