2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

നാം നിര്‍മിക്കുന്നു ഒരു  പുതിയ കേരളം 

ശ്രീ. പിണറായി വിജയന്‍ (ബഹു. കേരള സംസ്ഥാന മുഖ്യമന്ത്രി) 

നാം ഒരു പുതിയ കേരളം നിര്‍മിക്കുകയാണ്. ദശാബ്ദങ്ങളായി പറഞ്ഞുകേള്‍ക്കുകയും കടലാസുകളില്‍ ഉറങ്ങുകയും ചെയ്തിരുന്ന വികസനപദ്ധതികളാണ് ഇപ്പോള്‍ കേരളജനതയുടെ മുന്നില്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്നത്. അടുത്ത പത്തോ പതിനഞ്ചോ വര്‍ഷം കൊണ്ടുപോലും യാഥാര്‍ഥ്യമാകാന്‍ സാധ്യത കുറവായിരുന്ന അത്ര വികസനപദ്ധതികളാണ് കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലുമായി പുരോഗമിക്കുന്നത്. വികസനപ്രക്രിയയിലെ പരമ്പരാഗത രീതികള്‍ക്കപ്പുറം രാജ്യത്തിന് തന്നെ പുതിയ വികസന മാതൃക കാഴ്ചവയ്ക്കുകയാണ് കേരളം.57,000 കോടി രൂപ മുതല്‍മുടക്ക് വരുന്ന 730 പദ്ധതികളാണ് കിഫ്ബിയിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്നത്. സംസ്ഥാനചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത വികസനമുന്നേറ്റമാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 
 
 ഈ പദ്ധതികള്‍ക്ക് വേണ്ട പണം കണ്ടെത്താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും രാജ്യത്തിനാകമാനം മാതൃകയാണ്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് അതിന്റെ മസാലബോണ്ട് വില്‍പനയിലൂടെ അന്താരാഷ്ട്ര ധനകാര്യ വിപണിയിലേക്ക് കാലൂന്നിയ ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായി മാറി. ചരിത്രപ്രധാനമായ ചുവടുവയ്‌പെന്ന നിലയില്‍ വ്യാപകമായ അഭിനന്ദനങ്ങളാണ് ഇതിനു ലഭിച്ചത്. വികസനത്തിന്റെ മുന്‍ഗണനകളെ അഭിമുഖീകരിക്കുന്നതില്‍ ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് ഇതിലൂടെ പ്രതിഫലിച്ചത്. കിഫ്ബിയുടെ പ്രവര്‍ത്തനത്തിലും സംവിധാനത്തിലും നിക്ഷേപകര്‍ക്കുള്ള വിശ്വാസമാണ് സംസ്ഥാനതല ഏജന്‍സിയായിട്ടു പോലും മികച്ച നിരക്കില്‍ പണം ലഭ്യമാക്കാന്‍ സാധിച്ചത്. മറ്റു പല ധനകാര്യസ്ഥാപനങ്ങളും നമ്മുടെ സുതാര്യവും കാര്യക്ഷമവുമായ പ്രവര്‍ത്തനമികവില്‍ ആകൃഷ്ടരായി പണം തരാന്‍ മുന്നോട്ട് വരുന്നുണ്ട് എന്നത് ശുഭസൂചനയാണ് . 
 
 വമ്പന്‍ പദ്ധതികള്‍ക്കൊപ്പം വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങിയ മേഖലകളും വികസിക്കേണ്ടതുണ്ട്. അത്തരത്തിലുംകൃത്യമായ ദിശാബോധത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതിനു തെളിവാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരുങ്ങുന്ന 45,000 ഹൈടെക് ക്ലാസ് മുറികളും പതിനായിരത്തോളം സ്‌കൂളുകളില്‍ തയാറാകുന്ന ഹൈടെക് ലാബുകളും.141 സ്‌കൂളുകളാണ് മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്. ഇതിനും പുറമെ 405 സ്‌കൂളുകള്‍ 50 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ മുടക്കി നവീകരണത്തിന്റെ വിവിധഘട്ടങ്ങളിലാണ്. ആരോഗ്യമേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. 50 ഡയാലിസിസ് യൂനിറ്റുകള്‍,10 കാത്‌ലാബുകള്‍, 23ഓളം ആശുപത്രികളുടെ നിര്‍മാണവും നവീകരണവും കിഫ്ബി ധനലഭ്യത ഉറപ്പുവരുത്തി പൂര്‍ത്തീകരിക്കുകയാണ്.   ഭരണപ്രതിപക്ഷ ഭേദമില്ലാതെ കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് വേണ്ടികിഫ്ബി ധനലഭ്യത ഉറപ്പുവരുത്തുന്നുണ്ട്. പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ച് കയ്യും കെട്ടി നോക്കിനില്‍ക്കുകയല്ല സര്‍ക്കാര്‍ ചെയ്യുന്നത്. പദ്ധതികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള കര്‍ശന നടപടികളും ഒപ്പം ഉണ്ടാകുന്നുണ്ട്. ഗുണനിലവാരമില്ലാത്ത പ്രവര്‍ത്തികള്‍ കണ്ടെത്തിയാലുടന്‍ അവ നിര്‍ത്തിവയ്പ്പിച്ച് , പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് അവയെ പ്രവൃത്തി പഥത്തിലേക്ക് തിരികെയെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകുന്നതല്ല .
 
മഹാപ്രളയത്തിന്റെയും മഹാമാരിയുടെയും ദുരിതങ്ങള്‍ അനുഭവിച്ചവരാണ് നമ്മള്‍.എന്നാല്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് കേരളം വികസനത്തിന്റെ ശരിയായ ദിശയില്‍ തന്നെ മുന്നേറുന്നു എന്നത് വളരെയധികം സന്തോഷും അഭിമാനവും ഉളവാക്കുന്നതാണ്. അത് ഈ വേളയില്‍ ഞാന്‍ നിങ്ങളോടും പങ്കുവയ്ക്കുന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.