
തിരുവനന്തപുരം: നിയമനങ്ങള്‍ അഴിമതി ഇല്ലാതെ സുതാര്യമായ രീതിയില്‍ നടത്തണം എന്ന ഉറച്ച നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
പരമാവധി നിയമനങ്ങള്‍ ഭരണഘടനാ സ്ഥാപനമായ പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യാനും അതുവഴി നിയമനം നടത്താനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്.
ഷാഫി പറമ്പിലിന്റെ അടിയിന്തര പ്രമേയത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
1,51,513 പേര്‍ക്ക് പി.എസ്.സി വഴി നിയമനം നല്കി.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്പെഷല്‍ റൂളുകള്‍ തയാറാക്കാനും നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുമുള്ള പ്രക്രിയ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍, ഐ.എം.ജി, ഹൗസിങ് കമ്മിഷണറേറ്റ്, കേരള സംസ്ഥാന നിര്‍മിതി കേന്ദ്രം, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന്, യുവജനക്ഷേമ ബോര്‍ഡ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, വഖഫ് ബോര്‍ഡ്, റീജിയണല്‍ കാന്‍സര്‍ സെന്ററിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം, പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളില്‍ സ്പെഷല്‍ റൂള്‍ രൂപീകരിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്. കമ്പനി, ബോര്‍ഡ്, കോര്പറേഷന് തുടങ്ങിയ 52 സ്ഥാപനങ്ങളില്‍ നിയമനം ഇതിനകം പി.എസ്.സിക്ക് വിടുകയും ചെയ്തിട്ടുണ്ട്.
നിയമന, പ്രാമോഷന്‍ കാര്യത്തില്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും സ്പെഷല്‍ റൂള്‍ ഉണ്ടാകണമെന്നതാണ് സര്‍ക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments are closed for this post.