2021 January 22 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വെറുപ്പിന്റെ കഠാര താഴെയിടണം

പിണങ്ങോട് അബൂബക്കര്‍

അക്രമികള്‍ക്കും കൊലയാളികള്‍ക്കും അവകാശപ്പെട്ടതല്ല ഈ ഭൂമി. കുറ്റവാളികള്‍ക്കുള്ള ജീവപര്യന്തം തടവും വധശിക്ഷയും സമാധാനം ആഗ്രഹിക്കുന്നവരുടെ മനുഷ്യാവകാശമാണ് ഉറപ്പുവരുത്തുന്നത്. യുദ്ധ സംഘാടകനായി അനേകമാളുകളുടെ രക്തം ചിന്തിയ ആയുധ വ്യാപാരി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നിര്‍ദേശിക്കപ്പെട്ടിരിക്കുകയാണ്. ഇതെന്തു ലോകനീതിയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന യോഗ്യതയില്‍ ഒന്ന്, 2002 ലെ ഗുജറാത്ത് വംശഹത്യ തന്നെ. വൃദ്ധരെയും കുഞ്ഞുങ്ങളെയും ഗര്‍ഭിണികളെയും പച്ചയായി വലിച്ചെറിഞ്ഞ ന്യൂനപക്ഷ ഉന്മൂലന വൈദഗ്ധ്യമാണ് മോദിക്കുണ്ടായിരുന്നത്. 53 മനുഷ്യരെ അകാരണമായും അധര്‍മ്മമായും കൊന്ന ഡല്‍ഹി കൂട്ടക്കൊലയ്ക്ക് കളമൊരുക്കിയവര്‍ കുറ്റപത്രത്തില്‍ പോലുമില്ല. ജനാധിപത്യ രീതിയില്‍ രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാന്‍ പോരാടിയവരെയാണ് കുറ്റവാളികളായി പരിഗണിച്ചത്. അമിത് ഷാ മനസില്‍ സൂക്ഷിക്കുന്നത് കടലാസില്‍ രേഖപ്പെടുത്തുന്ന പണി മാത്രമാണ് ഡല്‍ഹി പൊലിസ് അന്നും ഇന്നും ചെയ്തു വരുന്നത്.

ഫ്രഞ്ച് എഴുത്തുകാരന്‍ മോപ്പസാങ്ങിനോട് ഒരു സുഹൃത്ത് ചോദിച്ചു; എന്തുകൊണ്ടാണ് നിങ്ങളുടെ കഥയിലെ സ്ത്രീകഥാപാത്രങ്ങള്‍ എല്ലാം ദുര്‍നടത്തക്കാരായത്? മോപ്പസാങ് മറുപടി നല്‍കി; സല്‍സ്വഭാവികളായ സ്ത്രീകളുടെ കാര്യത്തില്‍ ആര്‍ക്കും തന്നെ താല്‍പര്യമില്ല. അതുതന്നെ കാര്യം’. ഒരു ജനതയുടെ വിചാര ഗ്രാഫ് താഴുന്ന മുറക്ക് തിന്മ ആധിപത്യം നേടുക തന്നെ ചെയ്യും. വര്‍ഗീയതയും വംശീയതയും നിലക്കാത്ത കൊലപാതകങ്ങളും മനുഷ്യരാശിയെ ധാര്‍മികമായി പിറകോട്ട് നടത്തിക്കും. 40 ദിവസം മാത്രം പ്രായമായ ചോര പൈതലിനെ ആറ്റിലേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയ അച്ഛന്‍ പിശാചിന്റെ പ്രതിനിധി തന്നെയാണ്. നൊന്തുപെറ്റ കുഞ്ഞിനെ പാറക്കല്ലില്‍ എറിഞ്ഞു കൊന്ന അമ്മ മനുഷ്യരുടെ പ്രതിനിധിയല്ല. ലോകം കൊലക്കളമായി മാറിയിരിക്കുന്നു. ചുണ്ടില്‍ കാണുന്ന ചിരിയും ഹസ്തദാനത്തിന് നീട്ടുന്ന കൈകളും കാപട്യമാണെന്ന് തിരിച്ചറിയുന്നു.

ഭൂമിയിലെ മലകളെ ആണി എന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചു. ചലന വേഗതയില്‍ സ്ഥാനചലനം സംഭവിച്ചു ജീവിതം ദുസ്സഹമാവാതിരിക്കാനും അതിജീവനം സാധ്യമാക്കാനും ഈ സൃഷ്ടിവൈഭവം പാഠം നല്‍കുന്നുണ്ട്. ‘സര്‍വശക്താ, നീ രാത്രിയെ സൃഷ്ടിച്ചു. അതിനെ അലങ്കരിക്കുവാന്‍ ഞാന്‍ ദീപങ്ങള്‍ സൃഷ്ടിച്ചു. നീ സൃഷ്ടിച്ച മണ്ണില്‍നിന്ന് ഞാന്‍ പാത്രങ്ങള്‍ ഉണ്ടാക്കി. നീ മലയും മരുഭൂമിയും സൃഷ്ടിച്ചു. ഞാന്‍ അവയെ ഉദ്യാനങ്ങളും തോപ്പുകളുമായി മാറ്റി. നീ സൃഷ്ടിച്ച മണ്ണും കല്ലും ഉപയോഗിച്ച് ഞാന്‍ ശുഭ്രമായ ദര്‍പ്പണം നിര്‍മ്മിച്ചു. നീ സൃഷ്ടിച്ച വിഷ ദ്രവ്യങ്ങള്‍ ഉപയോഗിച്ച് ഞാന്‍ അമൃതിനു തുല്യമായ പാനീയങ്ങള്‍ ഉണ്ടാക്കി’ (അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍). ഭൂവിഭവങ്ങള്‍ മനുഷ്യര്‍ക്കുവേണ്ടി മനോഹരമായി ഉപയോഗപ്പെടുത്തണമെന്നാണ് ഇഖ്ബാല്‍ കവിതയിലൂടെ പറയുന്നത്. പുഴകള്‍ക്ക് സമാനമായ രക്തമൊഴുകുന്ന നരകമാക്കി ഭൂമിയെ മാറ്റുന്നവര്‍ പ്രപഞ്ച സ്രഷ്ടാവിനെയാണ് വെല്ലുവിളിക്കുന്നത്. ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ വടക്കേ ഇന്ത്യയില്‍ ദിനേന പാവപ്പെട്ടവര്‍ വധിക്കപ്പെടുന്നു. ഇത്രയധികം വിശ്വാസികള്‍ വേട്ടയാടപ്പെട്ട മറ്റൊരു കാലം ലോകചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടില്ല.
അഭിമാനം, രക്തം, സമ്പത്ത് എന്നിവ സുപ്രധാന മനുഷ്യാവകാശമായി വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രവാചകര്‍ (സ)പ്രഖ്യാപിച്ചിട്ടുണ്ട്. ലോകം ചെറുതും വലുതുമായ യുദ്ധക്കളമാക്കിമാറ്റുന്ന അപരിഷ്‌കൃത പ്രത്യയശാസ്ത്രങ്ങള്‍ തിരിച്ചറിയാന്‍ വൈകുംതോറും ഭൂവാസം കൂടുതല്‍ ദുഷ്‌കരം തന്നെ. കൈകള്‍ കോര്‍ക്കുന്നതിന് മുമ്പ് മനസുകള്‍ കോര്‍ക്കണം. പകയുടെ ആശയങ്ങള്‍ നിരാകരിക്കണം.

മയക്കു മരുന്ന് കേസില്‍ വരിവരിയായി സിനിമാ നടികളും ഭരണ രാഷ്ട്രീയ നേതൃത്വത്തിന്റെ സന്താനങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ നില്‍ക്കുകയാണ്. ഏത് ഏജന്‍സി അന്വേഷിച്ചാലും പുഷ്പം പോലെ രക്ഷിച്ചെടുക്കാന്‍ അണിയറ നീക്കം സജ്ജമാണ്. കോടതിയില്‍ എത്തിയാല്‍ വിലകൂടിയ വക്കീലിനെ കൊണ്ടുവരാനും പാര്‍ട്ടിയിലും ഖജനാവിലും കാശ് റെഡി. എത്ര മനുഷ്യരെ കൊന്നാലും അഭയം നല്‍കാന്‍ പാര്‍ട്ടികളുള്ള കാലത്തോളം കൊലകള്‍ തുടര്‍ക്കഥയാവുന്നു. രക്തസാക്ഷികളെ സൃഷ്ടിച്ചു, എണ്ണം പറഞ്ഞു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് നിരോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറായിട്ടില്ല. കൊന്നവനും കൊല്ലപ്പെട്ടവനും അജ്ഞത കാരണത്താല്‍ ഈ കൃത്യത്തില്‍ പെട്ടവരാണ്. ഇവരെക്കാള്‍ വലിയ പ്രതികള്‍ അരമനകളിലെ അന്തപുരങ്ങളില്‍ അടുത്ത കൊലക്കു വേണ്ടിയുള്ള കഠാര മൂര്‍ച്ചകൂട്ടി കഴിയുന്നുണ്ട്. മനുഷ്യര്‍ക്ക് മനുഷ്യരെ വെറുക്കാന്‍ കഴിയില്ല. വെറുപ്പിന്റെ വിത്ത് മുളപ്പിച്ചടുക്കുന്ന ഫാസിസവും വര്‍ഗീയതയും വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.