ന്യൂയോർക്ക്: ചെറുവിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ പൈലറ്റ് ബോധരഹിതനായതിനെ തുടർന്ന് വിമാനം യാത്രക്കാരി ഇടിച്ചിറക്കി. 79 -കാരനായ പൈലറ്റാണ് വിമാനം പറത്തുന്നതിനിടെ അപ്രതീക്ഷിതമായി ബോധരഹിതനായത്. ഇതോടെ നിയന്ത്രിക്കാൻ ആളില്ലാതെ പറന്ന വിമാനത്തിന്റെ നിയന്ത്രണം യുവതി ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി. യാത്രക്കാർക്ക് കാര്യമായ പരിക്കുകൾ ഇല്ല. പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി.
ന്യൂയോർക്കിലെ വെസ്റ്റ്‌ചെസ്റ്ററിൽ നിന്ന് സ്വകാര്യ തോട്ടത്തിലേക്ക് പോവുകയായിരുന്നു രണ്ട് യാത്രക്കാരും പൈലറ്റുമടങ്ങിയ സംഘം. ഇതിനിടെ മസാച്ചുസെറ്റ്‌സിലെ മാർത്താസ് വൈൻയാർഡിൽ വെച്ച് അപകടത്തിൽപെടുകയായിരുന്നു. 2006 മോഡൽ പൈപ്പർ മെറിഡിയൻ വിമാനത്തിലായിരുന്നു യാത്ര. ലാന്റിംഗിനിടെ വിമാനത്തിന്റെ ഇടത് ചിറക് ഒടിഞ്ഞു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:15 നാണ് വിമാനം അടിയന്തിരമായി ഇറക്കിയതായി വനിതാ യാത്രക്കാരിയുടെ സന്ദേശം ലഭിച്ചത്. തുടർന്ന് റെസ്ക്യൂ സംഘമെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. യാത്രക്കാരും പൈലറ്റും കണക്റ്റിക്കട്ടിൽ നിന്നുള്ളവരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ അവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ബോധരഹിതനായ പൈലറ്റിനെ ബോസ്റ്റണിലെ ഒരു മെഡിക്കൽ സെൻറിറിലേക്ക് മാറ്റിയിട്ടുണ്ട്. യാത്രക്കാരായ രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല. അതേസമയം, വിമാനം ഇടിച്ചിറക്കിയതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചു.
Comments are closed for this post.