
മക്ക: മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. മക്ക മുനിസിപ്പാലിറ്റിയുടെ കീഴിലാണ് ദശലക്ഷങ്ങളുടെ പുതിയ പന്ത്രണ്ടു പദ്ധതികള്‍ നടപ്പാക്കുന്നത്. മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും പാലങ്ങളുടെ മോടിപിടിപ്പിക്കല്‍, പാലങ്ങളുടെ പുനരുദ്ധാരണം, തുരങ്കങ്ങളില്‍ ഗതാഗത സുരക്ഷ വര്‍ധിപ്പിക്കല്‍ എന്നിവ അടക്കമുള്ള പദ്ധതികള്‍ അടുത്ത ഹജ്ജിനു മുന്‍പേ തന്നെ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്.
പുണ്യസ്ഥലങ്ങളില്‍ 13.7 കോടി റിയാലിന്റെയും മക്കയില്‍ നാലു കോടി റിയാലിന്റെയും പദ്ധതികളാണ് അടുത്ത ഹജ്ജിനു മുമ്പായി പൂര്‍ത്തിയാക്കുന്നതെന്ന് മക്ക നഗരസഭയിലെ പബ്ലിക് റിലേഷന്‍സ് മേധാവി എന്‍ജിനീയര്‍ റായിദ് സമര്ഖന്ദി പറഞ്ഞു. ഹജ്ജ് കാലത്ത് മക്കയിലും പുണ്യസ്ഥലങ്ങളിലും ശുചീകരണ ജോലികള്‍ നടത്തുന്നതില്‍ വീഴ്ചകള്‍ വരുത്തുന്ന കരാറുകാരെ കുറിച്ച് ഫോട്ടോകള്‍ സഹിതം എളുപ്പത്തില്‍ പരാതികള്‍ നല്‍കുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ മക്ക നഗരസഭ പുറത്തിറക്കിയിട്ടുണ്ടെന്നും എന്‍ജിനീയര്‍ റായിദ് സമര്ഖന്ദി പറഞ്ഞു.
പാലങ്ങളുടെ പുനരുദ്ധാരണത്തിനും മോടിപിടിപ്പിക്കലിനുമായി 73 ദശലക്ഷം റിയാല്‍, തുരങ്കങ്ങളിലും പാലങ്ങളിലും ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതി 29 ദശലക്ഷം റിയാല്‍, തുരങ്കങ്ങളില്‍ ജനറേറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി 46 ദശലക്ഷം, തെരുവുവിളക്ക് നവീകരണ പദ്ധതി 29 ലക്ഷം, ഡ്രൈനേജ് പദ്ധതികളുടെ അറ്റകുറ്റപ്പണിക്ക് മിനായില്‍ 26 ലക്ഷം, അറഫയില്‍ 22 ലക്ഷം, മുസ്ദലിഫയില്‍ 17 ലക്ഷം, തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണിക്ക് മിനായില്‍ 38 ലക്ഷം, അറഫയിലും മുസ്ദലിഫയിലും 40 ലക്ഷം റിയാലും ചെലവഴിക്കുമെന്നും മക്ക മുനിസിപ്പാലിറ്റി അറിയിച്ചു. ഇതിനു പുറമെ മക്കയിലെ മറ്റിടങ്ങളിലായി 11 ലക്ഷം റിയാലും നഗരസഭ ചെലവഴിക്കുന്നുണ്ട്.