
റിയാദ്: സഊദി അറേബ്യയുടെ പൊതു നിക്ഷേപ ഫണ്ട് (പിഐഎഫ്) അടുത്ത 10 വർഷത്തിനുള്ളിൽ 3 ട്രില്യൺ റിയാൽ നിക്ഷേപം നടത്തുമെന്ന് കിരീടാവകാശിയുടെ പ്രഖ്യാപനത്തോടെ സഊദിയിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും ഉണ്ടാകുമെന്ന് പ്രഖ്യാപനം. 2025 ഓടെ രാജ്യത്ത് പതിനെട്ട് ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്ത് പ്രത്യക്ഷമായും പരോക്ഷമായും പതിനെട്ട് ലക്ഷം തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്നാണ് കിരീടാവകാശിയുടെ പ്രഖ്യാപനം. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഡയറക്ടർ ബോർഡ് യോഗത്തിൽ സംസാരിക്കുകയായിരുന്നു കിരീടാവകാശി.
2025 ഓടെ ഫണ്ട് ആസ്തി ഇരട്ടിയാക്കി നാല് ട്രില്യൺ റിയാൽ (1.07 ട്രില്യൺ ഡോളർ) ആക്കുമെന്നും 2030 ൽ പിഎഫിന്റെ മൊത്തം ആസ്തി 7 ട്രില്യൺ 500 ബില്യൺ റിയാൽ കവിയുമെന്നും കിരീടാവകാശി വെളിപ്പെടുത്തിയിരുന്നു. 1971 ൽ സ്ഥാപിതമായ പിഎഫിന്റെ പങ്ക് 2016 ഏപ്രിലിൽ പ്രഖ്യാപിച്ച സഊദി വിഷൻ 2030 പ്രഖ്യാപനത്തിനു ശേഷമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. 2 ട്രില്യൺ ഡോളറിലധികം ആസ്തി നിയന്ത്രിക്കുന്ന ഫണ്ടിനെ ലോകത്തിലെ ഏറ്റവും വലിയ സോവറിൻ വെൽത്ത് ഫണ്ടായി മാറ്റും.