2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഫാര്‍മസിസ്റ്റ്: അവഗണിക്കപ്പെടുന്ന ആരോഗ്യസേവകര്‍

ഇന്ന് ലോക ഫാര്‍മസിസ്റ്റ് ദിനം

എം.കെ പ്രേമാനന്ദന്‍

ഫാര്‍മസിസ്റ്റ്: അവഗണിക്കപ്പെടുന്ന ആരോഗ്യസേവകര്‍

ആരോഗ്യരംഗത്തെയും ഫാര്‍മസി മേഖലയെയും ശാക്തീകരിക്കുന്ന ആരോഗ്യ സേവകരാണ് ഫാര്‍മസിസ്റ്റുകള്‍. ലോകമെങ്ങും സെപ്തംബര് 25ന് ഫാര്‍മസിസ്റ്റ് ദിനം ആഘോഷിക്കുമ്പോള്‍ വൈദ്യമേഖലയില്‍ മരുന്നിനും അതിന്റെ കൈകാര്യത്തിനുമുള്ള പങ്ക് ചര്‍ച്ചയാവുന്നു. ആരോഗ്യരംഗത്ത് ഡോക്ടമാര്‍ക്കും നഴ്‌സുമാര്‍ക്കും ഒപ്പം സുപ്രധാന ചുമതല വഹിക്കുന്നവരാണ് ഫാര്‍മസിസ്റ്റുമാരെങ്കിലും പല മേഖലയിലും അവഗണനയിലാണ് ഈ ആരോഗ്യ സേവകര്‍. ഒരു ആരോഗ്യ കേന്ദ്രത്തിന്റെ മുഖ്യ ചുതലക്കാരാണ് ഫാര്‍മസിസ്റ്റുമാര്‍.

ലക്ഷക്കണക്കിന്‌ രൂപയുടെ മരുന്നു സംഭരണവും വിതരണവും മാത്രമല്ല ആശുപത്രിയില്‍ ആവശ്യമുള്ള എല്ലാ ഉപകരണത്തിന്റെയും വസ്തുവകകളുടെയും കൈകാര്യം ഇവരിലൂടെയാണ് നിര്‍വഹിക്കപ്പെടുന്നത്. എണ്ണത്തില്‍ കുറവായ ഫാര്‍മസിസ്റ്റുമാര്‍ താങ്ങാവുന്നതിലും അപ്പുറമുള്ള ജോലിയാണ് നിര്‍വഹിക്കുന്നത്. ഡോക്ടറുടെ കുറിപ്പടിക്കമനുസരിച്ച് മരുന്നു നല്‍കുന്നതോടൊപ്പം മരുന്നുകളുടെ സൂക്ഷിപ്പ്, ശേഖരണം, വിതരണം എന്നിവയും അതിന്റെ കണക്കും നിര്വഹിക്കേണ്ടിവരുന്നു.

200 മുതല്‍ 1000 രോഗികള്‍ വരെ ദിവസേന എത്തുന്ന ആശുപത്രികളില്‍ മതിയായ ഫാര്‍മസിസ്റ്റുമാരുടെ കുറവ് മരുന്നു വിതരണത്തെ ബാധിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചാണ് മുന്നോട്ടു പോകുന്നത്. അതേ സമയം ഫാര്‍മസിസ്റ്റുകളെ നിയമിക്കാതെയാണ് സംസ്ഥാനത്തെ ഡെന്റല്‍ കോളജുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് നിയമവിരുദ്ധമാണ്. സംസ്ഥാനത്തെ അഞ്ചു സര്‍ക്കാര്‍ ഡെന്റല്‍ കോളജുകളിലും ലക്ഷക്കണക്കിന് രൂപയുടെ വിവിധ മരുന്നുകളും അനുബന്ധ ഉപകരണ വസ്തുക്കളും ആവശ്യമാണ്. ഫാര്‍മസി നിയമപ്രകാരം ഒരു രജിസ്റ്റര്‍ഡ് ഫാര്‍മസിസ്റ്റിന് മാത്രമേ ഇവ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ. എന്നാല്‍ സംസ്ഥാനത്ത്‌
ഒരു ഡെന്റല്‍ കോളജിലും ഫാര്‍മസിസ്റ്റുകളെ നിയമിച്ചിട്ടില്ല. അതിനാല്‍ നിശ്ചിത യോഗ്യത ഇല്ലാത്തവരാണ് ഇവിടെ മരുന്നും ഉപകരണങ്ങളും സ്റ്റോക്കെടുക്കുന്നതും കൈകാര്യം ചെയ്യുന്നതും.

   

ഒ.പി ഫാര്‍മസി ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി വിതരണം ചെയ്യുന്ന മരുന്നുകള്‍ ഡെന്റല്‍ കോളജുകളില്‍ ലഭ്യമല്ല. ഇവ വന്‍വില കൊടുത്തു പുറമെനിന്നു വാങ്ങേണ്ട അവസ്ഥയാണ്. ഫാര്‍മസിസ്റ്റുകളെ തഴയുന്ന അധികാരികളുടെ നിലപാടിന്റെ പുതിയ ഉദാഹരണമാണ് മിഡ്ലെവല്‍സര്‍വീസ്‌പ്രൊവിഡര്‍മാരുടെ നിയമനത്തില്‍ പാര്‍മസിസ്റ്റുമാരെ തഴഞ്ഞത്. ഗ്രാമീണ മേഖലയില്‍ പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ 2017ലെ ദേശീയ ആരോഗ്യനയത്തില്‍ മിഡ്ലെവല്‍ സര്‍വീസ്‌
പ്രൊവിഡര്‍മാരുടെ (എം.എല്‍.എസ്.പി) സേവനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ആരോഗ്യ ഉപകേന്ദ്രങ്ങള്‍ വഴി ഇത് നടപ്പാക്കിയപ്പോള്‍ മരുന്നും ആരോഗ്യ സേവനവും നല്‍കേണ്ട വിഭാഗത്തില്‍ നിന്ന് ഫാര്‍മസിസ്റ്റുമാരെ തഴയുകയായിരുന്നു. പകരം നഴ്‌സുമാരെയാണ് നിയമിക്കുന്നത്. ഇത് ഫാര്‍മസിസ്റ്റുമാര്‍ക്ക്‌
ലഭിക്കേണ്ട അവസരമാണ് ഇല്ലാതാക്കിയത്. ഇതിനെതിരെ നിയമപോരാട്ടത്തിലാണ് ഫാര്‍മസിറ്റുമാര്‍.

ഫാര്‍മസിസ്റ്റുമാര്‍ ചൂഷണം ചെയ്യുന്നപ്പെടുന്ന സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ ഇന്നും ന്യായമായ വേതനവും ആനുകൂല്യവും പടിക്കു പുറത്താണ്. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് റൂള്‍സ് 1945 പ്രകാരം മെഡിക്കല്‍ സ്റ്റോറുകളില്‍ രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റ് വേണം. എന്നാല്‍ ഇത് പാലിക്കാതെ യോഗ്യതയില്ലാത്തവരെ കുറഞ്ഞ വേതനത്തിന് നിയമിച്ചാണ് ഇവിടെ ജോലി ചെയ്യിപ്പിക്കുന്നത്. ഇത് മൂലം മരുന്നുകളുടെ ശാസ്ത്രീയ വിതരണമോ ഉപയോഗത്തെകുറിച്ചുള്ള നിര്‍ദേശമോ നടപ്പിലാവുന്നില്ല. ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നു തന്നെ നല്‍കല്‍, നിശ്ചിത മാനദണ്ഡത്തില്‍ സൂക്ഷിക്കുക തുടങ്ങിയ സുപ്രധാന വിഷയങ്ങളും ഇവിടെ പാലിക്കപ്പെടുന്നില്ല. മിനിമം വേതനവും ജോലിസ്ഥിരതയും ആനുകൂല്യങ്ങളുമെല്ലാം സ്വകാര്യ മേഖലയിലെ ഭൂരിഭാഗം ഫാര്‍മസിസ്റ്റുമാര്‍ക്കും അന്യമാണ്.

അതിരാവിലെമുതല്‍ അര്‍ധരാത്രിവരെ മെഡിക്കല്‍സ്റ്റോറുകളില്‍ മരുന്ന് ഡിസ്പെന്‍സിങ് നടത്തുന്ന സ്വകാര്യ ഫാര്‍മസിസ്റ്റുമാര്‍ക്ക് ഒരുവിദഗ്ദ്ധ ജീവനക്കാരനല്‍കേണ്ട മിനിമംവേതനം നിശ്ചയിക്കപ്പെടുകയും ലഭ്യമാവുകയും ചെയ്യേണ്ടതുണ്ട്. സര്‍ക്കാര്‍ സേവനത്തിലെ താല്‍ക്കാലിക ജീവനക്കാരും അവഗണനയിലാണ്. സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും വേണ്ടത്രസ്ഥിരം ഫാര്‍മസിസ്റ്റ് തസ്തികകള്‍ ഇല്ലാത്തതിനാല്‍, താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. എന്നാല്‍ ജോലിസ്ഥിരതയോ, ന്യായമായ വേതനമോ, അവധികളോ മറ്റുഅനുകൂല്യങ്ങളോ ഒന്നുമില്ലാത്ത വിഭാഗമായാണ് ഇവരെ കണക്കാക്കുന്നത്. സംസ്ഥാനത്ത് 60,000-ത്തോളം പേരാണ് ഫാര്‍മസി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യത നേടിയ ഫാര്‍മസിസ്റ്റുകള്‍. ഇവരില്‍ 20,000 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍, സ്വകാര്യ ഇതര മേഖലകൡ തൊഴില്‍ ലഭിക്കുന്നത്. ശേഷിക്കുന്നവരില്‍ ഭൂരിഭാഗവും തൊഴില്‍ തേടുന്നവരാണ്. ഇതുകൂടാതെ വര്‍ഷംതോറും ആയിരക്കണക്കിന് പേര്‍ ഫാര്‍മസിവിദ്യാഭ്യാസം നേടി പുറത്തിറങ്ങുന്നുമുണ്ട്. തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞുവരുന്നത് ഇവര്‍ക്ക് ഭീഷണിയാണ്.

ഒരുഭാഗത്തു നൂറുകണക്കിന് ഫാര്‍മസികോളജുകള്‍ സര്‍ക്കാര്‍, സ്വകാര്യമേഖലകളില്‍ പ്രവര്‍ത്തിപ്പിക്കുകയും അവയില്‍നിന്നു പ്രതിവര്‍ഷം ആയിരക്കണക്കിന് ഫാര്‍മസിസ്റ്റുകളെ പുറത്തിറക്കുകയും ചെയ്യുമ്പോള്‍ മതിയായ തൊഴില്‍ അവസരം നല്‍കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. മരുന്ന് സംഭരണ വിതരണരംഗങ്ങളില്‍ യോഗ്യതയില്ലാത്തവരെ നിയമിക്കുകയും ഉള്ള തസ്തികകള്‍ വെട്ടിക്കുറക്കുകയും ചെയ്യുന്ന പ്രവണതക്ക് സര്‍ക്കാര്‍ പിന്തുണകൂടി നല്‍കുന്നതോട ഒരു പ്രൊഫഷണല്‍ വിഭാഗത്തിന്റെ ഭാവിയാണ് അപകടത്തിലാകുന്നത്.

(ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫാര്‍മസിസ്റ്റ്‌സ് ഓര്‍ഗനൈസേഷന്‍സ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.