
തിരുവനന്തപുരം: രാജ്യത്ത് പണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുവയില്‍ കുറവ് വരുത്തിയതോടെ ഇന്ധനവിലയില്‍ വന്നകുറവ് സംസ്ഥാനതലത്തിലും ചര്‍ച്ചയ്ക്കൊരുങ്ങുന്നു. കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്്സൈസ് ഡ്യൂട്ടി കുറച്ചതോടെ കേരള സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
സംസ്ഥാനം നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി ബി.ജെ.പിയും കോണ്‍ഗ്രസും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചപ്പോള്‍ കേരളം കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല.
കേരളം നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും അതുകൊണ്ട് കുറയ്ക്കേണ്ട കാര്യമില്ലെന്നുമാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അന്ന് പറഞ്ഞത്.പെട്രോളിന് 9.50 രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കുറച്ചത്. പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടിയില്‍ എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറവ് വരുത്തിയതോടെയാണ് ഇന്ധനവില കുറഞ്ഞത്.
ധനമന്ത്രി നിര്‍മല സീതാരാമനാണ് നികുതി കുറക്കുന്നതായി പ്രഖ്യാപിച്ചത്. പുതിയ വില നാളെ രാവിലെ മുതല്‍ നിലവില്‍ വരും. കേരളത്തില്‍ പെട്രോളിന് 10 രൂപ 40 പൈസയും ഡീസലിന് എഴ് രൂപ 37 പൈസയുമാണ് കുറയുക. കേന്ദ്രം നികുതി കുറയ്ക്കുന്നതോടെ കേരളത്തിന്റെ നികുതിയിലും നേരിയ കുറവ് വരും. ഇതിന് പുറമെ സംസ്ഥാനം സ്വന്തമായി നികുതി കുറയ്ക്കേണ്ട കാര്യമില്ലെന്നാണ് സര്‍ക്കാറിന്റെ നിലപാട്.
സമീപകാലത്തൊന്നുമില്ലാത്ത വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം നികുതി കുറച്ചത്. നികുതിയിളവ് നല്‍കിയതിലൂടെ കേന്ദ്ര സര്‍ക്കാറിന് പ്രതിവര്‍ഷം ലക്ഷം കോടിയുടെ വരുമാന നഷ്ടമുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. ഇനി സംസ്ഥാന സര്‍ക്കാറുകള്‍ ഈടാക്കുന്ന നികുതി കുറക്കുമോ എന്നതിലേക്കാണ് ജനം ഉറ്റുനോക്കുന്നത്.നവംബറില്‍ കേന്ദ്രം കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതിയില്‍ ഇളവ് നല്‍കിയിരുന്നു.
എന്നാല്‍ കേരളമുള്‍പ്പെടെ, ബിജെപി ഇതര സര്‍ക്കാറുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതിയില്‍ കുറവ് നല്‍കിയിരുന്നില്ല. രണ്ടുതവണയായി പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയുമാണ് നികുതിയിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കുറച്ചത്.
സംസ്ഥാന സര്‍ക്കാറും നികുതി കുറയ്ക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനവും പെട്രോളിനും ഡീസലിനും വില കുറയ്ക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നതാണെന്ന് മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ദ്ധിപ്പിച്ച പെട്രോള്‍/ഡീസല്‍ നികുതിയില്‍ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാനസര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.