2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഇന്ത്യയില്‍ പെട്രോള്‍ വില വിമാന ഇന്ധനത്തേക്കാള്‍ 30% കൂടുതല്‍!- എന്തുകൊണ്ടാണിങ്ങനെ?

ന്യൂഡല്‍ഹി: രാജ്യത്ത് കാര്‍ ഓടിക്കുന്നതിനേക്കാളും ചെലവ് കുറവാണ് വിമാനം പറത്തുന്നത്! അത്ഭുതപ്പെടേണ്ട, പെട്രോളിന്റെയും ഡീസലിന്റെയും നിരന്തരമായ വര്‍ധനവ് കാര്യങ്ങള്‍ അങ്ങനെയാക്കി മാറ്റിയിട്ടുണ്ട്. ഇടതടവില്ലാതെ ഓരോ ദിനവും കൂടിക്കൂടി, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിനേക്കാള്‍ (വിമാന ഇന്ധനം- എ.ടി.എഫ്) 30 ശതമാനം വില കൂടുതലാണ് പെട്രോള്‍ വില.

ഡല്‍ഹി വില പരിശോധിക്കാം

എ.ടി.എഫ് ലിറ്ററിന് 79 രൂപ
പെട്രോള്‍ ലിറ്ററിന് 105.84
ഡീസല്‍ ലിറ്ററിന് 94.57

ഇതെങ്ങനെയാണ് ഇത്രയും വില വ്യത്യാസപ്പെട്ടിരിക്കുന്നത് എന്നല്ലേ. ഈടാക്കുന്ന നികുതി തന്നെ കാരണം. വാഹനത്തിനുള്ള ഇന്ധനത്തിന് നികുതി ഈടാക്കുന്ന പോലെ, എ.ടി.എഫിനും സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ നികുതികള്‍ പ്രത്യേകം ഈടാക്കുന്നുണ്ട്. എ.ടി.എഫിനു മേലുള്ള കേന്ദ്ര നികുതി 11 ശതമാനമാണ്. അതേസമയം, സംസ്ഥാനങ്ങള്‍ ഈടാക്കുന്ന തുക മാറിമാറി വരും. വാറ്റ് ആണ് ഈടാക്കുന്നതെന്നതിനാലാണിത്. പൂജ്യം മുതല്‍ 30 ശതമാനം വരെയാണ് വിവിധ സംസ്ഥാനങ്ങള്‍ ഈടാക്കുന്ന വാറ്റ്. ഗുജറാത്തിലാണ് എ.ടി.എഫിന് ഏറ്റവും കൂടുതല്‍ വാറ്റ് ഈടാക്കുന്നത് (30 ശതമാനം). തമിഴ്‌നാട്ടില്‍ 29 ശതമാനവും കര്‍ണാടകയില്‍ 28 ശതമാനവും.

എയര്‍ലൈന്‍ മേഖലയ്ക്ക് ആഘാതമേല്‍ക്കാതിരിക്കാന്‍ വാറ്റ് കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. വാറ്റ് 30 ശതമാനം ഈടാക്കിയാല്‍ തന്നെ, മൊത്തെ വിലയുടെ പകുതി പോലും ആവുന്നില്ല.

എ.ടി.എഫിനെ അപേക്ഷിച്ച് വന്‍ ഭാരമാണ് പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ക്ക് സര്‍ക്കാരുകളുടെ നികുതി കാരണമുണ്ടാവുന്നത്. കേന്ദ്ര, സംസ്ഥാന നികുതികള്‍ കൂടിയാല്‍ പെട്രോളിന്റെ മൊത്തം വിലയുടെ 60 ശതമാനത്തോളം വരും. ഡിസലിന്റെ 54 ശതമാനവും നികുതിയാണ്. നിലവില്‍ പെട്രോള്‍ ലിറ്ററിന് 32.80 രൂപയും ഡീസല്‍ ലിറ്ററിന് 31.80 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ നികുതിയിനത്തില്‍ കൈപ്പറ്റുന്നത്.

ഇതുകൂടാതെ, സംസ്ഥാന സര്‍ക്കാര്‍ വാറ്റ് ഇനത്തിലും ഡീസല്‍ കമ്മിഷനും ഈടാക്കും. പെട്രോളും ഡീസലും എ.ടി.എഫും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവന്നാല്‍ നികുതിയിനത്തില്‍ കുറവുണ്ടാവുകയും ജനങ്ങള്‍ക്ക് ഉപകാരമെത്തുകയും ചെയ്യും. ഈ ആവശ്യം ശക്തമായി ഉയരുന്നുണ്ടെങ്കിലും ജി.എസ്.ടി കൗണ്‍സിലില്‍ കാര്യമായ നീക്കങ്ങളുണ്ടായിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.