2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇന്നും ദുരന്തകാരണം അജ്ഞാതമായി തുടരുന്ന പെരുമണ്‍ ട്രെയിന്‍ അപകടം

പെരുമണ്‍ ട്രെയിന്‍ അപകടം

105 പേരുടെ മരണത്തിനിടയാക്കിയ കേരളത്തിലെ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണ് 1988 ജൂലൈ 8ന് പെരുമണ്ണിലുണ്ടായത്. ഐലന്റ് എക്സ്പ്രസിന്റെ അഞ്ച് ബോഗികള്‍ പെരുമണ്‍ പാലത്തില്‍ നിന്നും അഷ്ടമുടിക്കായലിലേക്ക് പതിക്കുകയായിരുന്നു.

എന്നാല്‍ പെരുമണ്‍ ദുരന്തത്തിന്റെ കാരണം ഇന്നും അവ്യക്തമാണ്. മുഖം രക്ഷിക്കാനായി റെയില്‍വേ പറഞ്ഞത് അപകടകാരണം ചുഴലിക്കാറ്റാണെന്നാണ് എന്നാല്‍ അന്നവിടെ ചെറിയ കാറ്റും മഴയും മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ടൊര്‍ണാഡോ എന്ന ചുഴലിക്കാറ്റാണ് ദുരന്തത്തിന് കാരണമെന്ന പഠന റിപ്പോര്‍ട്ട് ദുരന്തത്തിന് സാക്ഷ്യം വഹിച്ചവര്‍ ഇന്നും പരിഹാസത്തോടെയാണ് കാണുന്നത്. എഞ്ചിന്‍ പെരുമണ്‍ പാലം പിന്നിട്ട് നിമിഷങ്ങള്‍ക്കകം 14 ബോഗികള്‍ അഷ്ടമുടിക്കായലിലേക്ക് പതിക്കുകയായിരുന്നു. റെയില്‍വേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകട കാരണമെന്ന് ബാംഗ്ലൂരിലെ സേഫ്റ്റി കമ്മീഷണര്‍ സൂര്യനാരായണന്‍ ആദ്യം സൂചിപ്പിച്ചിരുന്നു. പീന്നീട് റയില്‍വേയുടെ മുഖം രക്ഷിക്കാനായി കുറ്റം ചുഴലിക്കാറ്റില്‍ ആരോപിക്കുകയായിരുന്നു. തീവണ്ടിയുടെ 10 ബോഗികളാണ് കായലില്‍ വീണത്. 200-ഓളം പേര്‍ക്ക് പരിക്കേറ്റു.

ദുരന്തം നടന്ന ദിവസം പാലത്തിലും പാലത്തിനു സമീപത്തും പാളത്തില്‍ ജോലികള്‍ നടക്കുകയായിരുന്നു. എന്‍ജിന്‍ പാളം തെറ്റിയത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ ബോഗികള്‍ കൂട്ടിയിടിച്ച് അഷ്ടമുടിക്കായലിലേക്ക് വീഴുകയാണുണ്ടായതെന്ന് റെയില്‍വേ അധികൃതര്‍ ഒഴികെ ബാക്കിയെല്ലാവരും വിശ്വസിക്കുന്നു. തീവണ്ടി അമിത വേഗത്തില്‍ വന്നുവെന്നോ പരിചയമില്ലാത്ത ആരോ ആണ് തീവണ്ടി ഓടിച്ചിരുന്നു എന്നും അവിദഗ്ദ്ധമായി ബ്രേക്കിട്ടതാണ് അപകട കാരണമെന്നും മറ്റും രഹസ്യമായി പലരും ചര്‍ച്ച ചെയ്തിരുന്നു അന്നൊരു ചെറിയ മഴയും നേരിയ കാറ്റും മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് സമീപവാസികള്‍ ആവര്‍ത്തിച്ചു പറഞ്ഞതാണ്.പിന്നെയും അന്വേഷണം നടന്നു. മുന്‍ വ്യോമസേനാ ഉദ്യൊഗസ്ഥനായ സി.എസ്. നായിക് നടത്തിയ അന്വേഷണത്തിലും ടൊര്‍ണാഡോ കാര്യം അടിവരയിട്ടതോടെ പിന്നെ അന്വേഷണമൊന്നും നടന്നില്ല. ദുരന്തത്തെപ്പറ്റിയുള്ള അന്വേഷണ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ പോലും വെക്കേണ്ട എന്ന കീഴ്വഴ്ക്കം ഇത് തങ്ങളില്‍ തന്നെ ഒതുക്കിതീര്‍ക്കാന്‍ റെയില്‍വെക്ക് സഹായകമായി.

നാട്ടുകാരും സന്നദ്ധസംഘടനകളും ജീവന്‍ പണയപ്പെടുത്തി നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പെരുമണ്‍ ദുരന്തത്തില്‍പ്പെട്ട ഒട്ടേറെപ്പേരെ അന്ന് രക്ഷിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ദുരന്തത്തില്‍ മരിച്ച 17 പേര്‍ക്ക് യഥാര്‍ത്ഥ അവകാശികളില്ലെന്ന തൊടുന്യായം പറഞ്ഞ് റെയില്‍വെ അധികാരികള്‍ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. സ്വജീവന്‍ അവഗണിച്ച് നാല്പതോളം പേരെ മരണവക്കില്‍ നിന്ന് രക്ഷിച്ച് രോഗിയായി മാറിയ കൊടുവിള സ്വദേശി വിജയന്‍ ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ക്ക് അന്നത്തെ റെയില്‍വെ മന്ത്രി മാധവറാവു സിന്ധ്യ വാഗ്ദാനം ചെയ്ത പാരിതോഷികം ഇനിയും പൂര്‍ണമായും നല്‍കിയിട്ടില്ല. മരിച്ച മുതിര്‍ന്നവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് 50,000 രൂപയുമായിരുന്നു നഷ്ടപരിഹാരം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.