
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ 31 വര്‍ഷം ജയിലില്‍ കിടന്ന പേരറിവാളന്റെ മോചനം വലിയ വാര്‍ത്തയാണ്. സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചും ഈ വിധി നിര്‍ണായകമായി. ഒരു ഗവര്‍ണര്‍ക്ക് സംസ്ഥാനത്തിന്റെ തീരുമാനത്തിനെതിരെ പ്രവര്‍ത്തിക്കാമോ എന്നതിന്റെ കൂടി ഉത്തരമായി ഈ വിധി. ഒരു പൗരന് എത്ര വലിയ നിയമപോരാട്ടം നടത്താനും സാധിക്കും എന്ന് കൂടി തെളിയിക്കുന്നതാണ് പേരറിവാളന്റെ കേസ്. അദ്ദേഹത്തിന്റെ അഭിഭാഷകന് പ്രഭു സുബ്രഹ്മണ്യന് പറഞ്ഞു.
അതേ സമയം 30 വര്‍ഷവും ഏകാന്ത തടവറയിലായിരുന്നു അറിവ് എന്ന പേരറിവാളന്. ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും തൂക്കുകയറില്‍ കിടന്നാടുമെന്നറിഞ്ഞിട്ടും അയാള്‍ തോറ്റ്കൊടുത്തില്ല. തടവുകാലം വെറുതെ കളഞ്ഞതുമില്ല. ജയിലില്‍ നിന്ന് കുറെ കോഴ്സുകള്‍ക്ക് ചേര്‍ന്നുപഠിച്ചു. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് ബി.സി.എയും എം.സി.എയും പാസായി.
പി.എച്ച്.ഡി ചെയ്യാന്‍ പ്ലസ്ടു പാസാകണമായിരുന്നു. അതിനുവേണ്ടി പ്ലസ്ടു പരീക്ഷ എഴുതിയപ്പോള്‍ ആ വര്‍ഷം ഒന്നാം റാങ്കോടെയാണ് അറിവ് വിജയിയായത്. ഒട്ടേറെ ഡിഗ്രികള്‍ അയാള്‍ സ്വന്തമാക്കിയത് ജയിലില്‍ കിടന്നുകൊണ്ടാണ്. ഉന്നതമാര്ക്കില് വിജയിക്കുകമാത്രമല്ല ജയിലിലെ അന്തേവാസികളുടെ അധ്യാപകനുമായി ഈ ചെറുപ്പക്കാരന്. ഒടുവില്‍ സത്യം ജയിക്കുന്നു.
പേരറിവാളന് വധശിക്ഷ ലഭിക്കാന്‍ കാരണം കേസിന്റെ ശക്തിക്കുവേണ്ടി കുറ്റപത്രത്തില്‍ ചില തിരുത്തലുകള്‍ വരുത്തിയതുകൊണ്ടാണെന്ന് ഒരു സി.ബി.ഐ ഉദ്യോഗസ്ഥന് തന്നെ കുറ്റസമ്മതം നടത്തിയിരുന്നു. അതും വിവാദമായി. ഇതിലൂടെ പേരറിവാളന്റെ നിരപരാധിത്വം ഒന്നൂകൂടി ഉറക്കെ വ്യക്തമാക്കപ്പെടുകയായിരുന്നു.
‘നീ ഞങ്ങള്‍ നടത്തുന്ന പീഡനത്തെപ്പറ്റി കോടതിയില്‍ മിണ്ടിയാല്‍ നിന്നെ ഞങ്ങള്‍ വെടിവെച്ചുകൊല്ലും. നീ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വെടിവെച്ചതാണെന്നാകും പറയുക’. ഇതായിരുന്നു ഉദ്യോഗസ്ഥന്മാരുടെ ഭീഷണികള്‍. അങ്ങനെയൊക്കെയായിരുന്നു ജയിലിലെ ഭീതിതമായ അവസ്ഥ. നിയമത്തിലെ അഞ്ജതമൂലം വായയടക്കാന് എന്നെ നിര്ബന്ധിപ്പിക്കുകയായിരുന്നുവെന്നും പേരറിവാളന് പുസ്തകത്തില്‍ പറയുന്നു.
1998ലാണ് രാജീവ് ഗാന്ധി വധകേസിന്റെ വിധി പ്രസ്താവിച്ചത്. 26 പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചു. എന്നാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കിയ 26 പ്രതികളില്‍ 19 പേരെയും കോടതി വെറുതെവിട്ടു. ടാഡ നിയമം ഈ കേസിന് ബാധകമല്ലെന്ന് പറഞ്ഞ സുപ്രീം കോടതി ശാന്തന്, മുരുകന്, പേരറിവാളന്, നളിനി എന്നിവരുടെ വധശിക്ഷ ശരിവെച്ചു. മൂന്ന് പേരുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ടാഡ നിയമം ബാധകമല്ലെന്ന് പറഞ്ഞ കോടതി അതുപ്രകാരം പേരറിവാളന് നല്കിയ കുറ്റസമ്മതമൊഴിക്കെതിരെ കണ്ണടച്ചു. അതാണ് ആ ചെറുപ്പക്കാരന്റെ ജീവിതം 31 വര്‍ഷം തടവറക്കുള്ളില്‍ നരകിച്ചു തീരുന്നതിനും വധശിക്ഷ കാത്ത് കഴിയുന്നതിനും കാരണമായത്.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന പഴകിത്തേഞ്ഞ ആ പല്ലവിയുടെ നേര്‍ക്ക് കൊഞ്ഞനം കുത്തിയാണ് പേരറിവാളന് ജയിലിനു പുറത്തിറങ്ങിയിരിക്കുന്നത്. അല്ലെങ്കില്‍ വധശിക്ഷയില്‍ നിന്ന് ഒഴിവാകുക. അവന്റെ ജീവിതം തകര്‍ത്തതും യൗവ്വനം കവര്‍ന്നതും നേരറിയാത്ത സി.ബി.ഐയിലെ ചില കാട്ടാളന്മാരുടെ ചെയ്തികളാണ് എന്ന് പകല്‍പോലെ വ്യക്തമായിരിക്കുന്നു. പക്ഷേ എന്നിട്ടും അവരെ ഏത് നിയമമാണിനി തുറങ്കലിലടക്കുക…? ഏതു കോടതിയിലാണവരെ വിചാരണ ചെയ്യുക…?