2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇറാനിയന്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന ട്രംപിന്റെ വാദം തള്ളി പെന്റഗണ്‍

 

വാഷിങ്ടണ്‍: ഇറാനിലെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം തള്ളി പെന്റഗണ്‍. സായുധ സംഘര്‍ഷത്തിന്റെ നിയമങ്ങള്‍ പാലിക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ പറഞ്ഞു.

ഇറാന്‍ സായുധ സേനാ വിഭാഗമായ ഖുദ്‌സ് സേനാ തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിനു പിന്നാലെ തിരിച്ചടിക്കു വേണ്ടി ഇറാനില്‍ ആഹ്വാനമുണ്ടായിരിക്കുകയാണ്. മറുപടിയെന്നോണം യു.എസ് കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.

ഇറാന്‍ ആക്രമണം തുടര്‍ന്നാല്‍ അവരുടെ സാംസ്‌കാരികകേന്ദ്രങ്ങളെയും ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റ് ട്വീറ്റ്. ഇത് യുദ്ധക്കുറ്റമാകില്ലേയെന്ന ചോദ്യത്തിന്, അവര്‍ക്ക് നമ്മുടെ ആളുകളെ കൊല്ലാനും നാടന്‍ ബോംബുകളുപയോഗിച്ച് നമ്മുടെ ആളുകളെ ഉപദ്രവിക്കാനും പറ്റുമെങ്കില്‍ അവരുടെ സാംസ്‌കാരിക കേന്ദ്രങ്ങളെ നമുക്ക് തൊടാന്‍ പറ്റില്ല എന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളതെന്നും ട്രംപ് ചോദിച്ചു.

അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഇറാനെതിരായ ആക്രമണങ്ങളെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞിരുന്നു.

അതേസമയം, ഒരു രാജ്യത്തിന്റെ സാംസ്‌കാരികകേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് യു.എന്‍ രക്ഷാസമിതിയുടെ 2347 പ്രമേയമനുസരിച്ച് യുദ്ധക്കുറ്റമാകുമെന്ന് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ ഭരണകാലത്ത് നാറ്റോയില്‍ യു.എസ് അംബാസഡറായിരുന്ന നിക്കോളാസ് ബണ്‍സ് പറഞ്ഞു. സാധാരണക്കാരെയും സാംസ്‌കാരികകേന്ദ്രങ്ങളും ആക്രമിക്കുക ഭീകരരാണെന്നും അത് യുദ്ധക്കുറ്റമാണെന്നും സെനറ്റര്‍ ക്രിസ് മര്‍ഫിയും ചൂണ്ടിക്കാട്ടി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.