2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഐലന്‍ കുര്‍ദിമാര്‍ ആവര്‍ത്തിക്കുമ്പോള്‍

കെ സുനീര്‍ പൈക്കളങ്ങാടി

‘ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ദുരന്ത ഇതിഹാസത്തിന്റെ പ്രതീകം’ എന്ന് ലോകം വിളിച്ച ഐലന്‍ കുര്‍ദിയെ നമുക്ക് മറക്കാന്‍ കഴിയില്ല. സിറിയയില്‍ നിന്നും അഭയാര്‍ഥികളായി കടല്‍മാര്‍ഗം കാനഡയിലേക്കുള്ള പലായനത്തിനിടയില്‍ ബോട്ട് മറിഞ്ഞ് ലോകത്തിന്റെ ദു:ഖമായി തുര്‍ക്കിയുടെ കടല്‍ തീരത്ത് തിരമാലകള്‍ കൊണ്ടുവന്നിട്ട ആ മൂന്ന് വയസ്സുകാരന്‍ ലോകത്തിന്റെ നെഞ്ചിലെ നോവാണ്.

2015 സപ്തംബര്‍ മാസം രണ്ടിന് ടര്‍ക്കിഷ് ജേര്‍ണലിസ്റ്റ് ആയ നിലുഫര്‍ ഡമര്‍ എടുത്ത ചിത്രമാണ് ഐലന്‍ കുര്‍ദിയെ ലോകത്തിന് മുന്നിലെത്തിച്ചത് .

ലോകം മുഴുവന്‍ ചര്‍ച്ച ചെയ്ത 2015 ലെ പ്രധാന സംഭവമായിരുന്നു സിറിയയിലെ വിഷയം. ലോക നേതാക്കള്‍ വട്ടത്തിലിരുന്ന് യോഗം കൂടി എന്നല്ലാതെ കാതലായ പരിഹാരമാര്‍ഗം നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞില്ല .

സിറിയ വീണ്ടും ചര്‍ച്ചയാവുകയാണ്. 2018 ല്‍ സിറിയ മറ്റൊരു ദുരന്തമുഖത്താണ്. ദമാസ്‌കസ് പട്ടണത്തിന്റെ ചോരച്ചാലുകളില്‍ നൂറ് കണക്കിന് പിഞ്ചുപൈതങ്ങള്‍ ചലനമറ്റ് വീഴുകയാണ് . കൈ കാലുകളും കണ്ണും നഷ്ടപ്പെട്ട് ചിലര്‍ മരണത്തോട് മല്ലിടുമ്പോള്‍ ലോകരാജ്യങ്ങളുടെ ഇടപെടലുകള്‍ എത്രയും പെട്ടെന്ന് ഉണ്ടാവുമെന്ന് നമുക്ക് ആശിക്കാം .

വിമത സേനയുടെ അധീനതയിലുള്ള ഗൂഥ പ്രദേശത്താണ് കഴിഞ്ഞ ദിവസങ്ങളില്‍ സിറിയന്‍ സേന രാസായുധം പ്രയോഗിച്ചത.് കുട്ടികളും മുതിര്‍ന്നവരുമടക്കം നൂറു കണക്കിനു പേരാണ് ആശുപത്രികളില്‍ അഭയം തേടിയത്. രാസായുധ പ്രയോഗം മൂലം ശ്വാസം ലഭിക്കാതെ നിരവധി പേരാണ് മരിച്ചു വീണത്.

അറബ് വസന്തത്തിന്റെ തുടര്‍ച്ചയായി സിറിയന്‍ ഏകാധിപതി ബശ്ശാര്‍ അല്‍ അസദിനെ താഴെയിറക്കാന്‍ പ്രതിപക്ഷം നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോള്‍, നൂറു കണക്കിനു മനുഷ്യ ജീവനുകളാണ് പൊലിഞ്ഞു പോയത് . എങ്ങും നിലവിളിയും അട്ടഹാസവുമാണ്, തകര്‍ന്ന കെട്ടിടങ്ങളുടെ ഇടയില്‍ അകപ്പെട്ട മക്കളെ തിരയുന്ന അമ്മമാര്‍. അവയവങ്ങള്‍ നഷ്ടപ്പെട്ട് പാതി ജീവനുമായി നിസ്സഹായരായി നൂറു കണക്കിനു പുരുഷന്‍മാര്‍. അതിലേറെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ഭക്ഷണപ്പൊതിയുമായി വരുന്ന ഏജന്‍സികള്‍ പാവപ്പെട്ട സ്ത്രീകളുടെ മാംസത്തിനു വില പറയുകയാണ് എന്നതാണ്.

തുര്‍ക്കി സൈന്യം സിറിയയില്‍ സഹായത്തിനായി എത്തിയ വാര്‍ത്ത ആശ്വാസകരമാണ്. സിറിയയുടെ സമാധാനത്തിനും മോചനത്തിനും വേണ്ടി മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ലോക നേതാക്കളുടെ ഇടപെടലുകള്‍ക്ക് വേണ്ടി കാത്തിരിക്കാം.


 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.