2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

ബ്രസീലിനെ കൂടുതല്‍ ആരാധകരുള്ള രാജ്യമാക്കി, കറുത്തവരില്‍ ആവേശം നിറച്ചു; പെലെയുടെ കളി കണ്ടിട്ടില്ലെങ്കില്‍ നിങ്ങളൊരു നിര്‍ഭാഗ്യവാനാണ്

യു.എം മുഖ്താർ

സാവൊപോളോ: ഏതൊരു കായിക ഇനത്തിലും ഏറ്റവും മികച്ച കളിക്കാരൻ ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമുണ്ടാകില്ല. മികച്ച ഒരു ഡസൻ താരങ്ങളെ കുറിച്ച് ചോദിച്ചാൽ നമുക്ക് എണ്ണിയെണ്ണി പറയാൻ കഴിയും. എന്നാൽ ഫുട്‌ബോളിൽ ഒരുപട്ടിക തയാറാക്കിയാൽ അതിൽ ഒന്നാമൻ പെലെ തന്നെയാണ്. റെയ്‌മെൻ കോപ്പയും യാഷീനും പുഷ്‌കാസും ഡെ സ്റ്റിഫാനോയും ബെക്കൻബോവറും യോഹാൻ ക്രൈഫും അടങ്ങുന്ന ഇതിഹാസ തലമുറയിലെ പെലെ. ഈ തലമുറയ്ക്ക് ശേഷം വന്ന ഡീഗോ മറഡോണ. പിന്നെയും ഇതിഹാസങ്ങൾ അരങ്ങുവാണിട്ടുണ്ട്. പ്ലേമേക്കർ സിദാൻ, ഫിനിഷിങ്ങിലെയും ഡ്രിബ്ലിങ്ങിലെയും രാജാവ് റൊണാൾഡോ നെസാരിയോ, സ്‌കിൽഫുൾ റൊണാൽഡിഞ്ഞോ, ഗ്രേറ്റ് ഇറ്റാലിയൻ വാൾ മാൾഡീനി… അതും കഴിഞ്ഞ് ഇപ്പോഴത്തെ തലമുറയിലെ ക്രിസ്റ്റിയാനോ റൊണാൾഡോയും മെസ്സിയും നെയ്മറും. ഇവരൊക്കെ മഹാൻമാരാണ്. അതത് കാലഘട്ടത്തിലെ മാത്രമല്ല ഫുഡ്‌ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളാണ്. എന്നാൽ പെലെ ഇവരെക്കാൾ എങ്ങിനെ മികച്ചതായി എന്നറിയാൻ അയാളെ വായിക്കണം.

സാവൊപോളൊയിലെ ബാറു എന്ന കുഗ്രാമത്തിലെ റൂബൻ അരൂഡ തെരുവിലാണ് പെലെയുടെ ജനനം. വീട്ടുജോലിക്കാരിയായിരുന്നു അമ്മ. ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായി അച്ഛനും. പട്ടിണിയായിരുന്നു കൂടെപ്പിറപ്പ്. അതുമറക്കാനായി തെരുവിലെ മറ്റ് കുട്ടികൾക്കൊപ്പം പന്ത് തട്ടി തുടങ്ങിയതാണ് പെലെ. കാലുറയിൽ പഴന്തുണി കുത്തിനിറച്ച് ചുരുട്ടിയ പന്തിലായിരുന്നു തട്ടിപ്പഠിച്ചത്. ഏതാനും സമയം കളിക്കുമ്പോഴേക്കും ചെളിയിൽ കുഴഞ്ഞ് കനംവെയ്ക്കുന്ന പന്ത്. എങ്കിലും അത് ശക്തിയോടെ അടിച്ചുനീക്കിയാണ് പെലെയും സഹ കളിക്കാരും ഗോളടിച്ചത്. കഠിന സാഹചര്യങ്ങളിൽ പന്ത് തട്ടാനും പവർഷോട്ടടിക്കാനും പെലെയെ പരുവപ്പെടുത്തിയതിന് റൂബൻ അരൂഡ തെരുവിനുള്ള പങ്ക് നിഷേധിക്കാനാകില്ല. ഇതിനിടെ സമയം കിട്ടിയാൽ ഷൂ പോളിഷ് ചെയ്യാനും പോകും.

പത്ത് വയസ്സാകുന്നതിന് മുമ്പ് തന്നെ ആ തെരുവിനും അപ്പുറത്തേക്ക് പെലെയുടെ ഖ്യാതി വ്യാപിച്ചു. ഇരുണ്ട തൊലിയുള്ള പെലെയെ റൂബൻ അരൂഡ തെരുവുകാർ ‘കറുത്തവൻ’ എന്നർത്ഥം വരുന്ന മോള എന്നാണ് വിളിച്ചത്. ആദ്യം അത് അരോചകമായി തോന്നിയെങ്കിലും പിൽക്കാലത്ത് ലോകം കീഴടക്കിയപ്പോൾ ‘കറുത്തവൻ’ എന്നത് വികസിച്ച് ‘കറുത്ത മുത്ത്’ എന്നായി മാറിയതോടെ അതിലെ രാഷ്ട്രീയം ഓർത്ത് അഭിമാനിച്ചിട്ടുണ്ട് പെലെ.

കുട്ടിക്കാലത്ത് തന്നെ പന്തടക്കത്തിലും ഡ്രിബ്ലിങ്ങിലും അപാരശേഷി പുറത്തെടുത്ത പെലെ 15 ാം വയസ്സിൽ സാന്റോസ് എന്ന ബ്രസീലിലെ മുൻനിര സീനിയർ ടീമിലെത്തി. അത് പെലെയുടെയും സാന്റോസിന്റെയും തലവര മാറ്റിയെഴുതുന്നതാണ് പിന്നീട് കണ്ടത്. 17ാം വയസ്സിൽ ബ്രസീലിന്റെ മഞ്ഞക്കുപ്പായം അണിഞ്ഞു. 1958ൽ സ്വീഡനിൽ നടന്ന ലോകകപ്പിൽ ബ്രസീലിന് വേണ്ടി ഇറങ്ങുമ്പോൾ 17 വയസ്. ആദ്യത്തെ ലോകകപ്പിൽ നാലുമാച്ചിൽ നിന്നായി ആറുഗോൾ നേടി സ്വീഡിഷ് ലോകകപ്പിലെ ശ്രദ്ധേയ താരമാവുകയുംചെയ്തു. ബ്രസീൽ ഏവർക്കും അസൂയ തോന്നിപ്പിക്കുന്ന ഒരുടീമായി മാറുന്നത് അവിടെനിന്നാണ്. ഏറ്റവും പ്രായം കുറഞ്ഞ ലോകകപ്പ് താരമെന്ന റെക്കോഡും ആ സമയത്ത് പെലെ സ്വന്തം പേരിലാക്കി. പിന്നീട് ഒരു ജൈത്രയാത്രയായിരുന്നു. അയാളുടെ മുന്നിൽ വീഴാത്ത റെക്കോഡുകൾ ഉണ്ടായിരുന്നില്ല.

ഡ്രിബ്ലിങ് മയിസ്‌ട്രോ ഗരിഞ്ച തിളങ്ങിനിൽക്കുന്ന കാലമായിരുന്നു അത്. ബെക്കാൻബോവറിനെ പോലുള്ള പ്രതിരോധക്കാർ വൻമതിൽ തീർത്ത കാലം. എന്നാൽ ഏത് പ്രതിരോധനിരയും ഭയക്കുന്ന ജോഡികളായിരുന്നു പെലെയും ഗരിഞ്ചയും അടങ്ങുന്ന ബ്രസീൽ മുന്നേറ്റനിര. ഈ ജോഡി കളിച്ച ഒരുമത്സരവും ബ്രസീൽ പരാജയപ്പെട്ടിട്ടില്ല എന്നത് മാത്രം മതി ഇവരുടെ മഹത്വമറിയാൻ. അയാൾ ബ്രസീലിനെ ലോകത്ത് ഏറ്റവും ആരാധകരുള്ള ടീമാക്കി മാറ്റുകയും ചെയ്തു. പിന്നീട് വന്ന റൊണാൾഡോയും ഡീഞ്ഞോയും കക്കയും ഇപ്പോൾ നെയ്മറിലൂടെയും ബ്രസീൽ ഫുഡ്‌ബോൾ ആവേശത്തെ നിലനിർത്തിക്കൊണ്ടിരിക്കുന്നു. പെലെ ബ്രസീലിൽ ഉണ്ടാക്കിയ ഫുട്‌ബോൾ ഓളത്തിൽനിന്നാണ് നെയ്മറിൽ എത്തിനിൽക്കുന്ന തലമുറ പന്തുതട്ടിയതെന്ന് പറഞ്ഞാൽ അത് തെറ്റാകില്ല. കാരണം പെലെ ആ നാട്ടിലുണ്ടാക്കിയ ഫുട്‌ബോൾ തരംഗം അത്രയും വലുതാണ്. ഇന്നിപ്പോൾ യൂറോപ്പിലേക്കും ഏഷ്യയിലേക്കും ഏറ്റവുമധികം കായികതാരങ്ങളെ സപ്ലൈചെയ്യുന്ന രാജ്യമായി മാറിയിട്ടുണ്ട് ബ്രസീൽ.

ഫുട്‌ബോൾ എന്നാൽ യൂറോപ്പെന്ന സമവാക്യത്തിന് അന്ത്യം കുറിച്ചതിൽ പെലെയുടെ പങ്ക് വലുതാണ്. അയാളിലൂടെ ഉയർത്തപ്പെട്ടത് കേവലം കിരീടങ്ങൾ മാത്രമായിരുന്നില്ല. അടിച്ചമർത്തപ്പെട്ട, വർണവിവേചനങ്ങൾക്കിരയായ ഇരുണ്ടതൊലിയുള്ളവരുടെ അഭിമാനംകൂടിയാണ്. കറുത്തവരുടെ പാദഭംഗിയും ചടുലതയും യൂറോപ്പ് അസൂയയോടെ നോക്കിക്കണ്ടത് അതുമുതലാണ്. അഫ്രിക്കക്കാർക്ക് പെലെ നൽകിയ കൈ താങ്ങും ചില്ലറയല്ല. പെലെക്ക് ശേഷമാണ് ആഫ്രിക്കയിൽ ഫുട്‌ബോൾ ഉദയം തുടങ്ങുന്നത്. പെലെ കളിനിർത്തിയ ശേഷമാണ് സുമുവൽ എറ്റോയും ദ്രോഗ്ബയും സാദിയോ മാനേയും തുടങ്ങുന്നത്. ഇന്ന് കറുത്തവർഗക്കാരില്ലാതെ ഒരു യൂറോപ്യൻ ക്ലബ്ബോ യൂറോപ്യൻ ദേശീയ ടീമോ ഇല്ല.

ബ്രസീലിനായി 1958, 1962, 1970 വർഷങ്ങളിൽ ലോകകപ്പ് നേടി. മൂന്ന് കനകകിരീടങ്ങൾ നേടിയ ഏക താരവുമാണ് പെലെ. ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഫുഡ്‌ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാസ്റ്റിറ്റിക്‌സ് നൂറ്റാണ്ടിലെ താരമായും പെലെ തെരഞ്ഞെടുക്കപ്പെട്ടു. ഫിഫ പ്ലെയർ ഓഫ് ദി സെഞ്ച്വറി പുരസ്‌കാരവും നേടി. സൗഹൃദ മത്സരങ്ങളിലുൾപ്പെടെ 1,363 കളികളിൽ നിന്ന് 1281 ഗോളുകൾ നേടി ഗിന്നസ് ബുക്കിലും ഇടംനേടി. അയാളൊരു കംപ്ലീറ്റ് ഫോർവേഡായിരുന്നു. നല്ലൊരു ഫിനിഷറും ആയിരുന്നു. വേഗത, ഡ്രിബ്ലിങ് ശേഷി, പന്തടക്കം, രണ്ടുകാലുകൾകൊണ്ടും ഷോട്ടുതിർക്കാനുള്ള ശേഷി, പിച്ച് അവെർനെസ്, പ്രഹരശേഷി, സോക്കർ കെമിസ്ട്രി എന്നീ കാര്യങ്ങളിലെല്ലാം അയാൾ മികച്ചതാണ്. ഏത് വമ്പൻമാരടങ്ങുന്ന ഇലവനിലെയും ഒന്നാമൻ. എന്നല്ല, ഈ നൂറ്റാണ്ടിലെ തന്നെ ഒന്നാമൻ. ഇനി കീഴടക്കാൻ ഒന്നുമില്ലാതെയാണ് അയാൾ ഇന്ന് പുലർച്ചെ അന്ത്യശ്വാസം വലിച്ചത്.

Pele dies at 82 Brazilian football legend with 3 World Cups, 1281 goals and a winning smile


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.