2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ക്രിസ്ത്യാനിയും ഹിന്ദുവും മാത്രം ജനസംഖ്യ നിയന്ത്രിച്ചാല്‍ മതിയോ?’- പി.സി ജോര്‍ജ്

 

കോട്ടയം: ക്രിസ്ത്യാനിയും ഹിന്ദുവും മാത്രം ജനസംഖ്യ നിയന്ത്രിച്ചാല്‍ മതിയോയെന്ന ചോദ്യവുമായി പി.സി ജോര്‍ജ്ജ്. ജനസംഖ്യാ വര്‍ധനവിന് പാലാ രൂപത പ്രോത്സാഹാനം നല്‍കുന്നതു സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പി.സി ജോര്‍ജ്

‘ക്രിസ്ത്യാനിയുടെ എണ്ണം കുറവാ. അച്ചന്‍മാരാകാനൊന്നും ഇപ്പോള്‍ ആളില്ല. എല്ലാവരും നാമൊന്ന് നമുക്കൊന്ന് എന്ന് പറഞ്ഞ് നടക്കുവാ, പിള്ളേര് കൂടുതല്‍ വേണമെന്നാ എന്റെ അഭിപ്രായം. സിസ്റ്റേഴ്‌സാകാനൊന്നും പിള്ളേരെ കിട്ടുന്നില്ല. പള്ളിയും മഠവുമൊക്കെ പൂട്ടിപ്പോകാന്‍ പറ്റുമോ. ഞാന്‍ ചോദിക്കട്ടേ, ക്രിസ്ത്യാനിയും ഹിന്ദുവും മാത്രം ഈ ജനസംഖ്യ നിയന്ത്രിച്ചാല്‍ മതിയോ’- പി.സി ജോര്‍ജ് പറഞ്ഞു.

യു.പിയില്‍ ഹിന്ദുവിനൊരു നിയമം, ക്രിസ്ത്യാനിക്കൊരു നിയമം, സിഖുകാരനൊരു നിയമം, മുസ്‌ലിമിനൊരു നിയമം എന്നൊന്നില്ലല്ലോ. എല്ലാവര്‍ക്കും ഒരു നിയമമല്ലേ. ആ നിയമം കേരളത്തിലേക്കും കൊണ്ടുവന്നോട്ടെയെന്നും പി.സി ജോര്‍ജ് പറഞ്ഞു.

അതേസമയം, ജനസംഖ്യാ വര്‍ധനവ് പ്രോത്സാഹിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതികളില്‍ നിന്ന് പിന്നോട്ടില്ലെന്ന് പാലാ രൂപത വ്യക്തമാക്കി.

അഞ്ച് കുട്ടികളില്‍ അധികമുള്ള കുടുംബങ്ങള്‍ക്ക് പാലാ രൂപത ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചത് വിവാദമായിരുന്നു. കുടുംബവര്‍ഷം പ്രമാണിച്ചാണ് പാലാ രൂപത ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് രൂപത മെത്രാന്‍ മാര്‍ മാത്യു കല്ലറങ്ങാട്ടിന്റെ സര്‍ക്കുലര്‍ വരുന്ന ഞായറാഴ്ച പള്ളികളില്‍ വായിക്കും.

2000നു ശേഷം വിവാഹിതരായ പാലാ രൂപതാംഗങ്ങളായ ദമ്പതികള്‍ക്ക് അഞ്ചോ അതില്‍ കൂടുതലോ കുട്ടികള്‍ ഉണ്ടെങ്കില്‍ ഓരോ മാസവും 1,500 രൂപ സാമ്പത്തിക സഹായം ഓഗസ്റ്റ് മുതല്‍ നല്‍കും. കൂടുതല്‍ മക്കളുള്ള ദമ്പതികളില്‍ ഒരാള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് രൂപതയുടെ ചേര്‍പ്പുങ്കലിലുള്ള മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ജോലികളില്‍ മുന്‍ഗണന നല്‍കും.

നാലാമത്തെയും തുടര്‍ന്നുമുള്ള പ്രസവത്തിന് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലും മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷന്‍ ഹോസ്പിറ്റലിലും സൗജന്യചികിത്സ നല്‍കും. മാര്‍ സ്ലീവാ നഴ്‌സിങ് കോളജില്‍ പ്രവേശനം ലഭിക്കുന്ന നാലാമതു മുതലുള്ള കുട്ടികളുടെ പഠനച്ചെലവുകളും സൗജന്യമാക്കിയിട്ടുണ്ട്. നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലാ രൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ട്യൂഷന്‍ ഫീസും സൗജന്യമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.