2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സനാതന ധര്‍മത്തെ കുറിച്ച പരാമര്‍ശം: ഉദയ നിധി സ്റ്റാലിന് സമന്‍സയച്ച് പട്‌ന കോടതി

സനാതന ധര്‍മത്തെ കുറിച്ച പരാമര്‍ശം: ഉദയ നിധി സ്റ്റാലിന് സമന്‍സയച്ച് പട്‌ന കോടതി

പട്‌ന: സനാതന ധര്‍മത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ. നേതാവുമായ ഉദയനിധി സ്റ്റാലിന് സമന്‍സ് അയച്ച് കോടതി. ബിഹാറിലെ പട്‌നയിലെ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരായ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സമന്‍സ് അയച്ചിരിക്കുന്നത്. കേസിന്റെ വിചാരണയ്ക്ക് ഫെബ്രുവരി 13ന് കോടതി മുന്‍പാകെ ഹാജരാകണമെന്നാണ് നിര്‍ദേശം.

ഉദയനിധിയ്‌ക്കെതിരേ രണ്ട് പെറ്റീഷനുകളാണ് കോടതി മുന്‍പാകെ സമര്‍പ്പിക്കപ്പെട്ടിരുന്നത്. മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് സെക്രട്ടറി കിഷോര്‍ കുണാല്‍, പട്‌ന ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കൗശലേന്ദ്ര നാരായണ്‍ എന്നിവരാണ് വെവ്വേറെ പെറ്റീഷനുകള്‍ നല്‍കിയത്. വിവാദ പരാമര്‍ശത്തിലൂടെ ഹിന്ദുക്കളുടെ വികാരം മുറിപ്പെടുത്തിയതിന് ഉദയനിധിയ്‌ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് രണ്ട് ഹരജിക്കാരും ആവശ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ആദ്യവാരം ചെന്നൈയില്‍ നടന്ന എഴുത്തുകാരുടെ സമ്മേളനത്തില്‍ സംസാരിക്കവേ, സനാതന ധര്‍മ്മം മലമ്പനിയും ഡെങ്കിപ്പനിയും പോലെയാണ്, അതിനാല്‍ അതിനെ തുടച്ചുനീക്കണമെന്നും വെറുതെ എതിര്‍ക്കരുതെന്നും ഉദയനിധി പറഞ്ഞിരുന്നു. സനാതന്‍ ധര്‍മ്മം അന്തര്‍ലീനമായി പിന്തിരിപ്പന്‍ ആണെന്നും ജാതിയുടെയും ലിംഗഭേദത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും അടിസ്ഥാനപരമായി സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണെന്നും വാദിച്ചിരുന്നു. ഈ പരാമര്‍ശത്തിനെതിരെ ബി.ജെ.പി നേതാക്കളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമാണുണ്ടായത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.