2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പത്രമാരണ ബില്ലിന് ഫൈനല്‍ വിസിലായോ?

ഇപ്പോള്‍ കേന്ദ്രമന്ത്രി പദം അലങ്കരിക്കുന്ന മുന്‍ കരസേനാ മേധാവി
ജനറല്‍ വി.കെ സിങ് മാധ്യമപ്രവര്‍ത്തനങ്ങളെ വേശ്യാവൃത്തിക്കു സാമ്യമായി
ഉപമിച്ച് 'പ്രസ്റ്റിറ്റിയുഡ്‌സ്' എന്നു വിളിച്ചതും പ്രതിഷേധങ്ങളുയര്‍ന്നപ്പോള്‍ പിന്‍വലിച്ചതും
നമുക്കറിയാവുന്നതാണല്ലോ. ദേശീയ സുരക്ഷയുടെ പേരില്‍ എന്‍.ഡി.ടി.വിയോട്
ഒരു ദിവസം അടച്ചുപൂട്ടിയിരിക്കാന്‍ കല്‍പിച്ചതും പഴയ കഥയല്ല.

എന്‍. അബു

 

 

മാധ്യമലോകത്തെ വിറളിപിടിപ്പിച്ച പത്രമാരണ നിയമം പിറ്റേന്നു തന്നെ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ അത് വീണ്ടും മോദി ഗവണ്‍മെന്റ് കൊണ്ടുവരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു.
ഒരു നുണ പലതവണ ആവര്‍ത്തിച്ചാല്‍ സത്യമാകും എന്നു ലോകത്തോട് വിളിച്ചുപറഞ്ഞ ഒരു ഭരണാധികാരി കഴിഞ്ഞ നൂറ്റാണ്ടില്‍ ജര്‍മനിയിലുണ്ടായിരുന്നു. നാസി ജര്‍മനിയുടെ സ്വേഛാധിപതിയായ അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ പ്രചാരണ വകുപ്പു മന്ത്രി. പേര് പോള്‍ ജോസഫ് ഗീബല്‍സ്. 48 വയസ് തികയും മുമ്പ് അദ്ദേഹം മരണമടഞ്ഞിട്ട് മുക്കാല്‍ നൂറ്റാണ്ടായെങ്കിലും ആ വികല തത്വസംഹിതയുടെ പ്രേതം ഇന്നും മരണമില്ലാതെ അലഞ്ഞു നടക്കുന്നുണ്ടെന്നു തോന്നുന്നു.
കേന്ദ്ര കാബിനറ്റില്‍ രണ്ട് വകുപ്പുകള്‍ മാറി, ഒടുവില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ ചുമതലക്കാരിയായ സ്മൃതി ഇറാനി കൊണ്ടുവന്ന പത്രമാരണ നിയമമാണ് ഇപ്പോള്‍ ഈ നിഗമനത്തെ ബലവത്താക്കുന്നത്. വ്യാജമെന്നു സര്‍ക്കാരിനു തോന്നുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നടപടി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അവരുടെ പുറപ്പാട്. വ്യാജ വാര്‍ത്ത എന്തെന്ന് ഇനിയും എവിടെയും നിര്‍വചിക്കപ്പെട്ടിട്ടില്ല. അത്തരം വാര്‍ത്ത പ്രസിദ്ധീകരിച്ചതായി സര്‍ക്കാരിനു തോന്നിയാല്‍ ആറു മാസത്തേക്ക് ഔദ്യോഗിക അംഗീകാരം റദ്ദാക്കുമെന്നായിരുന്നു കല്‍പന. പിന്നീടൊരിക്കല്‍കൂടി പരാതി വന്നാല്‍ സസ്‌പെന്‍ഷന്‍ ഒരു കൊല്ലത്തേക്കു നീട്ടുമെന്നും മൂന്നാമതൊരിക്കല്‍ ഉണ്ടായാല്‍ സ്ഥിരമായി അംഗീകാരം നഷ്ടപ്പെടുത്തുമെന്നുമായിരുന്നു ഉത്തരവിലെ ഭീഷണി. എന്നാല്‍, ഉത്തരവ് പുറത്തിറങ്ങി 24 മണിക്കൂറിനകം തന്നെ അത് പിന്‍വലിക്കേണ്ടിവന്നു. പ്രധാനമന്ത്രി നിര്‍ദേശിച്ചതനുസരിച്ചായിരുന്നു പിന്‍വാങ്ങലെന്ന വിശദീകരണമുണ്ടായതെങ്കിലും ഉത്തരവിറക്കിയ സ്മൃതി ഇറാനി പ്രധാനമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയാണ് എന്ന് എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ നിന്നാണ് അവരെ രാജ്യസഭയിലേക്കു ബി.ജെ.പി ജയിപ്പിച്ചെടുത്തതും. വാസ്തവത്തില്‍ എല്ലാ ഭാഗങ്ങളില്‍ നിന്നും രൂക്ഷമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോഴാണ് സര്‍ക്കാരിനു പിടിച്ചുനില്‍ക്കാന്‍ കഴിയാതായത്. അടിയന്തരാവസ്ഥ നാളുകളില്‍ ഇത്തരം നിയമങ്ങള്‍ വന്നപ്പോള്‍ പത്രമാരണം എന്നു പറഞ്ഞു ബഹളം കൂട്ടിയവരുടെ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് ഇത്തരമൊരു നിയമം ഇറക്കിയതെന്നതാണ് വിചിത്രം. എല്ലാ പ്രമുഖ പത്രങ്ങളും പ്രശസ്തരായ ഒട്ടേറെ പത്രാധിപന്മാരും പത്രപ്രവര്‍ത്തകരും മാധ്യമരംഗത്തെ സംഘടനകളും നിയമവിദഗ്ധരും ഒന്നിച്ച് പ്രതിഷേധ കൊടുങ്കാറ്റുയര്‍ത്തിയതിനെ തുടര്‍ന്നാണിത്.
ഇപ്പോള്‍ കേന്ദ്രമന്ത്രിപദം അലങ്കരിക്കുന്ന മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ സിങ് മാധ്യമ പ്രവര്‍ത്തനങ്ങളെ വേശ്യാവൃത്തിക്കു സാമ്യമായി ഉപമിച്ച് ‘പ്രസ്റ്റിറ്റിയുഡ്‌സ്’ എന്നു വിളിച്ചതും പ്രതിഷേധങ്ങളുയര്‍ന്നപ്പോള്‍ പിന്‍വലിച്ചതും നമുക്കറിയാവുന്നതാണല്ലോ. ദേശീയ സുരക്ഷയുടെ പേരില്‍ എന്‍.ഡി.ടി.വിയോട് ഒരു ദിവസം അടച്ചുപൂട്ടിയിരിക്കാന്‍ കല്‍പിച്ചതും പഴയ കഥയല്ല.
ഭരണഘടനയിലെ പത്താം ഖണ്ഡിക ഉറപ്പ് നല്‍കുന്ന മാധ്യമസ്വാതന്ത്ര്യത്തിനെതിരേ വാളോങ്ങാന്‍ ശ്രമിച്ചവരെല്ലാം മുമ്പ് പരാജയപ്പെട്ടിട്ടേ ഉള്ളൂ എന്ന് ഇപ്പോള്‍ ഇന്ദ്രപ്രസ്ഥം ഭരിക്കുന്നവര്‍ മറക്കരുത്. അടിയന്തരാവസ്ഥയുടെ പേരില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്ത് മാത്രമല്ല, 1988-ല്‍ മകന്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിപദം അലങ്കരിച്ചപ്പോള്‍ അപകീര്‍ത്തി വിരുദ്ധ ബില്‍ എന്ന ഒരു നിയമനിര്‍മാണത്തിനു തുനിയുകയുണ്ടായി. അടിയന്തരാവസ്ഥ കാലത്ത് ഇങ്ങനെയൊരു തമസ്‌കരണം വന്നപ്പോള്‍ സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ക്കു പോലും പ്രസിദ്ധീകരണം ലഭിക്കാതെ പോയി എന്നത് അനുഭവം. രാജസ്ഥാനില്‍ വസുന്ധരരാജ സിന്ധ്യയുടെ ബി.ജെ.പി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന ഇത്തരത്തിലുള്ള ഒരു നിയമത്തിനും എതിര്‍പ്പ് കാരണം കാലുറപ്പിക്കാനായില്ല.
കേരളത്തില്‍ കോടതികളിലെ മാധ്യമവിലക്ക് കുപ്രസിദ്ധിയാണല്ലോ. കര്‍ണാടകയിലാകട്ടെ മാധ്യമങ്ങളെ നിലക്കുനിര്‍ത്തണമെന്നാവശ്യപ്പെട്ട് നിയമസഭാ സമിതിക്കു തന്നെ രൂപം നല്‍കുകയുണ്ടായി. ജമ്മുകശ്മിരില്‍ ടൂറിസ്റ്റുകളെ കല്ലെറിഞ്ഞ കാര്യം റിപ്പോര്‍ട്ട് ചെയ്ത ഒരു പത്രത്തിനെതിരെ നടപടി ഉണ്ടായി. വാസ്തവത്തില്‍ ഇന്ത്യയില്‍ വ്യാജ വാര്‍ത്ത എന്ന് പ്രചരിപ്പിക്കപ്പെടുന്ന പലതും സാമൂഹിക മാധ്യമങ്ങളുടെ സംഭാവനകളാണ്. ‘ഗൂഗിള്‍’ എന്നും ‘ഫേസ്ബുക്ക്’ എന്നും ‘ട്വിറ്റര്‍’ എന്നും ‘ സ്‌കൈപ്’ എന്നുമുള്ള പേരുകളില്‍ അറിയപ്പെടുന്ന രീതികള്‍ അരങ്ങ് ഭരിക്കുന്ന കാലമാണിത്. സിറ്റിസണ്‍ ജേണലിസം എന്ന പേരില്‍ കാണുന്നത് മാത്രമല്ല, കേള്‍ക്കുന്നതു പോലും വാര്‍ത്തയായി വരുന്ന കാലം. ചില ചാനലുകള്‍ പോലും അത്തരം കുസൃതികള്‍ കാണിക്കാറുണ്ടെങ്കിലും പൊതുവില്‍ പത്രമാധ്യമങ്ങള്‍ തികഞ്ഞ ഉത്തരവാദിത്തത്തോടുകൂടിയ പത്രധര്‍മമാണ് പിന്‍പറ്റാറ്. അച്ചടിമാധ്യമത്തിനു പിന്നാലെ ഇലക്ട്രോണിക് മാധ്യമം രംഗപ്രവേശം ചെയ്യുകയും മാധ്യമ സ്ഥാപനങ്ങളൊക്കെയും മള്‍ട്ടിമീഡിയാ കേന്ദ്രങ്ങളാവുകയും ചെയ്യുമ്പോഴും ഇതില്‍ കാര്യമായ മാറ്റമില്ല.
എഡിറ്റേഴ്‌സ് ഗില്‍ഡിനേയും ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയെയും ഇന്ത്യന്‍ പത്രപ്രവര്‍ത്തക ഫെഡറേഷനെയും പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയെയും പോലുള്ളവര്‍ കാവല്‍ഭടന്മാരായി രംഗത്തുണ്ട്താനും. ഒളിച്ചുവയ്ക്കലല്ല തെളിച്ചു പറയലാണ് യഥാര്‍ഥ പത്രധര്‍മം എന്ന് അധികാര കേന്ദ്രങ്ങളും മനസിലാക്കേണ്ടതുണ്ട്. അയോധ്യയിലെ ബാബരി മസ്ജിദ് ധ്വംസനവും ഗോധ്രയിലെ കലാപങ്ങളും നെല്ലിയിലെ കൂട്ടക്കൊലയും ഭോപ്പാലിലെ വിഷവാതക ദുരന്തവും ഒക്കെ പുറത്തുകൊണ്ടുവന്നത് ജീവന്‍ പണയം വച്ചു രംഗത്തിറങ്ങിയ ധീരരായ പത്രപ്രവര്‍ത്തകരാണ്.
സമീപകാലത്താകട്ടെ, മൂന്നാഴ്ച നീണ്ട ഉത്തരേന്ത്യന്‍ കര്‍ഷക പ്രക്ഷോഭവും ദലിതര്‍ക്കെതിരേ പരക്കെ നടക്കുന്ന നരനായാട്ടും മൃഗസംരക്ഷണത്തിനെന്ന പേരില്‍ മാംസ വ്യാപാരികളുടെ നേര്‍ക്കുള്ള കൊല്ലാക്കൊലയും ഒക്കെ പത്രമാധ്യമങ്ങളാണ് പുറത്തുകൊണ്ടുവന്നത്. അവ വായിക്കുമ്പോള്‍ അതൊക്കെ വ്യാജ വാര്‍ത്തയുടെ അക്കൗണ്ടിലേക്കാണോ സര്‍ക്കാര്‍ വരവ് വയ്ക്കുക. കശ്മിരില്‍ യുവാക്കളുടെ കല്ലേറിനെ നേരിടാന്‍ ഫാറൂഖ് അഹമദ് ധര്‍ എന്ന ഒരു ചെറുപ്പക്കാരനെ പട്ടാള ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് ദിവസം മുഴുവന്‍ പട്ടാളം ചുറ്റിക്കറങ്ങിയ കഥയും പടം സഹിതം വന്നില്ലായിരുന്നെങ്കില്‍ അതും വ്യാജ വാര്‍ത്തയായി ചിത്രീകരിക്കപ്പെടുമായിരുന്നു.
താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ മാധ്യമരംഗത്ത് സ്മൃതി ഇറാനി എന്ന ഒരു പുതിയ മന്ത്രിയെ വച്ച് സാവകാശം നേടിയെടുക്കാമെന്നു പ്രധാനമന്ത്രി കരുതുന്നതാണോ എന്നറിയില്ല.
മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ ഈ മുന്‍ ടെലിവിഷന്‍ താരത്തെ നേരത്തെ വിദ്യാഭ്യാസ വകുപ്പു കൂടി ഉള്‍പ്പെട്ട മാനവിക വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയായാണ് നിയമിച്ചിരുന്നത്. എന്നാല്‍, അവര്‍ നേടി എന്നു പറയുന്ന ബിരുദത്തില്‍ പരാതി ഉയര്‍ന്നപ്പോള്‍ വാര്‍ത്താവിതരണ വകുപ്പിലേക്ക് മോദി സാവകാശം മാറ്റി സ്ഥാപിച്ചതായിരുന്നു.
എന്നാല്‍, അവര്‍ക്കു വാര്‍ത്താവിതരണ വകുപ്പുമായി എത്രമാത്രം ബന്ധമുണ്ടെന്ന് ഇനിയും തെളിയേണ്ടതായിട്ടാണ് ഇരിക്കുന്നത്. ഒരു പൊതു ചടങ്ങില്‍ ഏതാനും പേര്‍ നരേന്ദ്രമോദിയുടെയും ഒപ്പം നില്‍ക്കുന്ന നിതീശ്കുമാറിന്റെയും മുഖംമൂടി അണിഞ്ഞ് പ്രകടനം നടത്തിയതിന്റെ നിരുപദ്രവകരമായ പടം പ്രസിദ്ധപ്പെടുത്തിയതിനു വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയെ വിമര്‍ശിച്ച മന്ത്രിയാണ് അവര്‍. പ്രസാര്‍ഭാരതി കാര്യങ്ങളില്‍ അവര്‍ അനാവശ്യമായി കൈകടത്തുന്നതിനെതിരെ അതിന്റെ ചെയര്‍മാന്‍ എ. സൂര്യപ്രകാശ് ആക്ഷേപിക്കുകയുണ്ടായി. സ്മൃതി ഇറാനി സൗന്ദര്യ മത്സരത്തില്‍ ജയിച്ച ടെലിവിഷന്‍ നടിയാണ്. ടി.വി സീരിയല്‍ നിര്‍മാതാവുമാണ്. എന്നുവച്ചു കേന്ദ്രമന്ത്രിസഭയില്‍ അംഗത്വം വഹിക്കുന്ന ഈ മുംബൈക്കാരി വാര്‍ത്താവിതരണ വകുപ്പില്‍ ആദ്യാവസാനക്കാരി ആകുന്നില്ലല്ലോ.
മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എന്‍ ശേഷന്‍ മരണപ്പെട്ടുവെന്നു വ്യാജ വാര്‍ത്ത വിളംബരപ്പെടുത്തിയ ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ കൈതെറ്റില്‍ നിന്ന് അവര്‍ കൈകഴുകി രക്ഷപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ വരുതിയില്‍ കുടുക്കാനും ജുഡീഷ്യറിയെ ഭയപ്പെടുത്തി നിര്‍ത്താനും മടിയില്ലാത്ത സര്‍ക്കാരിനു ചോദ്യക്കടലാസ് ചോര്‍ച്ച തടയാനുള്ള സംവിധാനം പോലും ഒരുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അപ്പോള്‍ എങ്ങനെയാണ് കാലഹരണപ്പെട്ട ഒരു നീക്കവുമായി അവര്‍ക്ക് മാധ്യമങ്ങളുടെ കണ്ണ് കുത്തിപ്പൊട്ടിക്കാന്‍ ഒക്കുക?
അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പിതാവായി അറിയപ്പെട്ടിരുന്ന പ്രസിഡന്റ് തോമസ് ജെഫേഴ്‌സണ്‍ (1743-1826) പറഞ്ഞുവച്ച ഒരു വാചകമുണ്ട്. ‘പത്രങ്ങളില്ലാത്ത സര്‍ക്കാര്‍ വേണമോ, സര്‍ക്കാരില്ലാത്ത പത്രങ്ങള്‍ വേണമോ എന്നു ഒരു തീരുമാനമെടുക്കാന്‍ എന്നെ ചുമതലപ്പെടുത്തിയിരുന്നെങ്കില്‍ രണ്ടാമത്തേത് പ്രഖ്യാപിക്കാന്‍ എനിക്കൊരു മടിയും ഉണ്ടാവില്ല.’ അമേരിക്കയുമായി ഉറ്റ ചങ്ങാത്തം കൊതിക്കുമ്പോഴെങ്കിലും മോദി ആ പഴയ ഉദ്ധരണി കണ്ടെത്തേണ്ടതാണ്.

 

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.