2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പാര്‍ട്ടി നേതൃത്വത്തില്‍ നെഹ്റു കുടുംബം അനിവാര്യം: കോണ്‍ഗ്രസ് ഇല്ലാതെ ഒരു പ്രതിപക്ഷ സഖ്യത്തിനും നിലനില്‍പ്പില്ല; എ.കെ ആന്റണി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തില്‍ നെഹ്റു കുടുംബത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്നും കോണ്‍ഗ്രസ് ഇല്ലാതെ ഒരു പ്രതിപക്ഷ സഖ്യത്തിനും നിലനില്‍പ്പില്ലെന്നും മുതിര്‍ന്ന നേതാവ് എ.കെ ആന്റണി. കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമഗ്രമായ അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാവുന്നതിനിടെയാണ് നെഹ്റു കുടുംബത്തിനായി ആന്റണി വീണ്ടും രംഗത്ത് എത്തുന്നത്. ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്നു എന്ന് അറിയിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നെഹ്റു കുടുംബം തന്നെ വേണം. നെഹ്റു കുടുംബാംഗങ്ങളെ മാറ്റി നിര്‍ത്തിയുള്ള ഒരു നേതൃത്വം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നുമായിരുന്നു ആന്റണിയുടെ പ്രതികരണം.

പത്തോ പതിനഞ്ചോ വര്‍ഷം എന്നത് ചരിത്രത്തില്‍ ചെറിയ കാലയളവാണ്. രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കാന്‍ ആരു വിചാരിച്ചാലും നടക്കില്ല. ഈ കാലവും കടന്ന് പോവും. മോദി ഭരണത്തെക്കുറിച്ച് എ.കെ ആന്റണി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍. ഭാവികാര്യങ്ങള്‍ നാട്ടിലെത്തി ആലോചിക്കും. അടുത്ത ആളുകളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും മറ്റ് തീരുമാനങ്ങള്‍ ഉണ്ടാവുക. പാര്‍ട്ടി അനുവദിക്കുന്നത് വരെ ഇന്ദിരാ ഭവനിലെ ഓഫീസ് മുറിയില്‍ താനുണ്ടാവും എന്നും ആന്റണി മാധ്യമങ്ങളോട് വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.