ന്യൂഡല്‍ഹി: വൈവിധ്യത്തിന്റെ ഉദാഹരണവും ജനാധിപത്യത്തിന്റെ പ്രകാശസ്തംഭവുമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ അടയാളമാണ്. അമൃത മഹോത്സവത്തില്‍ ജനങ്ങള്‍ക്കുള്ള ഉപഹാരമാണ് പുതിയ മന്ദിരമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാശ്രയ ഇന്ത്യയുടെ സൂര്യോദയത്തിന് ഈ മന്ദിരം സാക്ഷിയാകും. ആധുനികതയും പാരമ്പര്യവും സഹവര്‍ത്തിത്തത്തോടെ സമ്മേളിക്കുന്ന മന്ദിരമാണിത്. പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച മെയ് 28 ചരിത്രത്തില്‍ രേഖപ്പെടുത്തും. ഇന്ത്യയുടെ വികസനയാത്രയിലെ അനശ്വര മൂഹൂര്‍ത്തമാണിത്. ഇത് ഒരു മന്ദിരം മാത്രമല്ല, 140 കോടി ഇന്ത്യാക്കാരുടെ സ്വപ്‌നവും പ്രതീക്ഷയുമാണ്. ലോകം ബഹുമാനത്തോടെ ഇന്ത്യയെ ഉറ്റുനോക്കുന്നു. ഭാരതത്തിന്റെ യാത്ര ലോകം പ്രതീക്ഷയോടെയാണ് നോക്കുന്നത്. ഭാരതം മുന്നോട്ടു കുതിച്ചാലോ ലോകവും മുന്നോട്ടു കുതിക്കൂ. പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്ക് കുതിക്കുന്നു. രാജ്യം കൂടുതല്‍ ഉന്നതിയിലേക്ക് നീങ്ങുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
1200 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പാര്‍ലമെന്റ് കെട്ടിടമാണ് പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. അധികാരകൈമാറ്റത്തിന്റെ പ്രതീകമായി സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെങ്കോല്‍ പ്രധാനമന്ത്രി തന്നെ സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത് സ്ഥാപിച്ചു. ശേഷം ഫലകം അനാച്ഛാദനം ചെയ്ത് പാര്‍ലമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
Comments are closed for this post.