2021 January 25 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പക്ഷാഘാതം: വസ്തുതകളും അതിജീവനവും

 

കഴിഞ്ഞ രണ്ടു ദശകത്തിനിടയില്‍ പക്ഷാഘാതം വരാനുള്ള സാധ്യത ഇന്ത്യയില്‍ 100 ശതമാനം കൂടി എന്നാണ് ഇന്ത്യ സ്‌ട്രോക്ക് അസോസിയേഷന്റെ പഠനങ്ങളില്‍ വ്യക്തമാകുന്നത്. ഓരോ വര്‍ഷവും 1.8 ദശലക്ഷം പേര്‍ക്ക് സ്‌ട്രോക്ക് ഉണ്ടാകുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. മരണകാരണങ്ങളില്‍ മൂന്നാം സ്ഥാനം പക്ഷാഘാതം അഥവാ സ്‌ട്രോക്കിനുണ്ട്. സ്‌ട്രോക്ക് അതിജീവിക്കുന്നവരില്‍ അത് ഉണ്ടാക്കുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ വിഷമതകള്‍ വളരെ വലുതാണ്. ഒരു ജീവിതശൈലി രോഗമായ സ്‌ട്രോക്ക് പ്രതിരോധ്യമായ ഒരവസ്ഥയാണ്.
ത്രോമ്പോലിസിസ് എന്ന നൂതന ചികിത്സാരീതി സ്‌ട്രോക്ക് ചികിത്സയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നതും, ത്രോമ്പോലിസിസ് സാര്‍വത്രികമല്ല എന്നതും ഈ ചികിത്സാരീതിയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതില്‍ വിഘാതമാകുന്നു.
സ്‌ട്രോക്ക് എന്താണെന്നും, അത് എങ്ങനെ തിരിച്ചറിയാം, എന്തൊക്കെ ചികിത്സകള്‍ ലഭ്യമാണ്, എങ്ങനെ വരാതെ നോക്കാം എന്നതിനെപറ്റി പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിന് എല്ലാവര്‍ഷവും ഒക്ടോബര്‍ 29 ലോക പക്ഷാഘാതദിനമായി ആചരിക്കുന്നു.

എന്താണ് സ്‌ട്രോക്ക് ?
തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്‌ട്രോക്ക് എന്ന് പറയുന്നത്. സാധാരണയായി 55 വയസ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്. സ്‌ട്രോക്ക് പൊതുവെ രണ്ടുതരത്തില്‍ കാണുന്നു.
1. ഇഷ്‌കിമിക് സ്‌ട്രോക്ക് അഥവാ രക്തധമനികളില്‍ രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്‌ട്രോക്ക്. സ്‌ട്രോക്കുകളില്‍ ഏറിയ പങ്കും (75 ശതമാനം) ഇഷ്‌കിമിക് സ്‌ട്രോക്ക് ആണ്.
2. ഹെമറാജിക് സ്‌ട്രോക്ക് അഥവാ രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന സ്‌ട്രോക്ക്. ഇഷ്‌കിമിക് സ്‌ട്രോക്കിനെക്കാള്‍ മാരകമാണ് ഹെമറാജിക് സ്‌ട്രോക്ക്.

സ്‌ട്രോക്ക് വരാനുള്ള സാധ്യതകള്‍

സ്‌ട്രോക്ക് ഒരു ജീവിതശൈലിരോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം, അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവ സ്‌ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. ഹാര്‍ട്ട് അറ്റാക്ക് വന്നവര്‍, ഹൃദയവാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവര്‍, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവര്‍ ഇവരിലൊക്കെ സ്‌ട്രോക്കിനുള്ള സാധ്യത വളരെ കൂടുതലാണ്.
ഈയിടെയായി ചെറുപ്പക്കാരിലും സ്‌ട്രോക്ക് അധികമായി കണ്ടുവരുന്നുണ്ട്. ഇതിന്റെ ഒരുപ്രധാന കാരണം ജീവിതശൈലിയില്‍ ഉണ്ടായിട്ടുള്ള വ്യതിയാനമാണ്. പുകവലി ആണ് ഇതില്‍ ഏറ്റവും പ്രധാനം. കൂടാതെ അമിതവണ്ണം, രക്തസമ്മര്‍ദ്ദം, മാനസിക സമ്മര്‍ദ്ദം എന്നിവയും ചെറുപ്പക്കാരില്‍ സ്‌ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്. ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്‌ട്രോക്കിനുള്ള സാധ്യത കൂടുതലാണ്. ഇതുകൂടാതെ കുടുംബപരമായി സ്‌ട്രോക്ക് വരുന്നവരിലും രക്തം കട്ടപിടിക്കുന്നതില്‍ അപാകത ഉണ്ടാകുന്ന രോഗങ്ങള്‍ ഉള്ളവരിലും സ്‌ട്രോക്ക് ചെറുപ്പകാലത്തുതന്നെ ഉണ്ടാകാം.

സ്‌ട്രോക്ക് വരാതെ നോക്കുക

രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുക എന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും, പ്രമേഹവും, ഉയര്‍ന്ന കൊളസ്‌ട്രോളും കൃത്യമായി മരുന്ന് കഴിച്ചു നിയന്ത്രിക്കേണ്ടതാണ്. കൂടാതെ രക്തം കട്ടപിടിക്കാതിരിക്കുവാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.
ശരീരഭാരം കൂടാതെ നോക്കുകയും, കൃത്യസമയത്തുതന്നെ സമീകൃത ആഹാരം കഴിക്കുകയും അതില്‍ കൂടുതല്‍ പഴങ്ങളും, പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്. പുകവലി പൂര്‍ണമായി ഒഴിവാക്കുകയും, മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഒരിക്കല്‍ ടി.ഐ.എ വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും, ഭാവിയില്‍ സ്‌ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്‌ലര്‍ സ്‌കാന്‍ ചെയ്യുന്നതിലൂടെ അത് അടഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം അടഞ്ഞിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് ഇണ്ട്ടാറക്ടമി) ചെയ്യേണ്ടതാണ്.
വരും കാലത്തും സ്‌ട്രോക്കിന്റെ ആധിക്യം കുറയ്ക്കുന്നതിനും തന്മൂലം ഉണ്ടാകുന്ന പ്രയാസങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള കൂട്ടായ പരിശ്രമങ്ങള്‍ തുടരാം.

ചികിത്സ എങ്ങനെ ?

മേല്‍പ്പറഞ്ഞ സ്‌ട്രോക്കിന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോഴേ രോഗി ചികിത്സയ്ക്ക് വിധേയനാകേണ്ടതാണ്. രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്‌ട്രോക്കുകളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി നാലര മണിക്കൂറിനുള്ളില്‍ത്തന്നെ അത് മാറ്റാനുള്ള മരുന്ന് നല്‍കേണ്ടതാണ്. ഇതിനു ത്രോംബോലൈറ്റിക് തെറാപ്പി എന്നാണ് പറയുന്നത്.
ഈ ചികിത്സയിലൂടെ സ്‌ട്രോക്കുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഗണ്യമായ കുറവ് ഉണ്ടാക്കാന്‍ സാധിക്കും. അതിനാല്‍ എത്രയും പെട്ടെന്ന് രോഗിയെ അടുത്തുള്ള സ്‌ട്രോക്ക് യൂണിറ്റില്‍ എത്തിക്കേണ്ടതാണ്. 24 മണിക്കൂറും ന്യൂറോളജിസ്റ്റ്, ന്യൂറോ സര്‍ജന്‍, സി.ടി സ്‌കാന്‍, എം.ആര്‍.ഐ സ്‌കാന്‍ എന്നിവയെടുക്കാനുള്ള സൗകര്യം, ഐ.സി.യു സൗകര്യം എന്നിവ സ്‌ട്രോക്ക് യൂണിറ്റില്‍ ഉണ്ടായിരിക്കേണ്ടതാണ്.
ത്രോംബോലിസിസ് കൊണ്ട് മാറ്റാന്‍ പറ്റാത്ത വലുപ്പമുള്ള രക്തക്കട്ടകള്‍ മാറ്റുന്നതിന് രക്തധമനി വഴി ഒരു കത്തീറ്റര്‍ കടത്തി രക്തക്കട്ട നീക്കം ചെയ്യാനുള്ള എന്‍ഡോ വാസ്‌ക്യൂലാര്‍ റിവാസ്‌ക്കുലറൈസേഷന്‍ തെറാപ്പിയും ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ ഇതു ചില സ്‌ട്രോക്ക് യൂണിറ്റുകളില്‍ മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂ.

സ്‌ട്രോക്ക് ചികിത്സയിലെ പോരായ്മകള്‍

സ്‌ട്രോക്ക് ചികിത്സയില്‍ ഏറ്റവും പ്രധാനം ചികിത്സ ആരംഭിക്കുന്നതിനു മുന്‍പ് നാം പാഴാക്കുന്ന സമയമാണ്. നാം പാഴാക്കുന്ന ഓരോ മിനിറ്റിലും തലച്ചോറിലെ ഒരു ദശലക്ഷം കോശങ്ങളാണ് നശിക്കുന്നത്. സാധാരണയായി സ്‌ട്രോക്ക് സംഭവിക്കുന്ന രോഗിയെ ആദ്യം അടുത്തുള്ള ഒരു ക്ലിനിക്കില്‍ എത്തിക്കുകയും പിന്നെ സി.ടി സ്‌കാന്‍ നടത്താനായി വേറൊരു സ്ഥലത്തേക്ക് പറഞ്ഞുവിടുകയുമാണ്. നമുക്ക് പെട്ടെന്ന് എത്തിപ്പെടാവുന്ന സ്‌ട്രോക്ക് യൂണിറ്റുകള്‍ ഉള്ള ഹോസ്പിറ്റലുകള്‍ ഏതൊക്കെ എന്നും അവരുടെ സ്‌ട്രോക്ക് ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഏതാണെന്നും അറിഞ്ഞു വയ്ക്കുന്നത് ആദ്യമുണ്ടാകുന്ന ഈ സമയനഷ്ടം കുറയ്ക്കാന്‍ സഹായിക്കും.
ചികിത്സ വൈകാനുള്ള മറ്റൊരുകാരണം തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ വളരെ പ്രകടമായിരിക്കില്ല എന്നതാണ്. സി.ടി സ്‌കാനില്‍ സ്‌ട്രോക്കിന്റെ വ്യതിയാനങ്ങള്‍ വരാന്‍ ചിലപ്പോള്‍ ആറ് മണിക്കൂര്‍ തൊട്ട് 24 മണിക്കൂര്‍ വരെ സമയമെടുക്കാം. സി.ടി സ്‌കാന്‍ വിശദമായി പരിശോധിക്കുകയോ ഇല്ലെങ്കില്‍ എം.ആര്‍.ഐ സ്‌കാനില്‍ മാത്രമേ ആദ്യ മണിക്കൂറുകളില്‍ സ്‌ട്രോക്കിന്റെ വ്യതിയാനങ്ങള്‍ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. കാര്യമായ രോഗലക്ഷങ്ങള്‍ ഇല്ലത്തതിനാലും സി.ടി സ്‌കാന്‍ നോര്‍മല്‍ ആയതിനാലും ചിലപ്പോള്‍ ചികിത്സ വൈകാറുണ്ട്. ഇത്തരക്കാരില്‍ ചിലപ്പോള്‍ രണ്ടോ മൂന്നോ മണിക്കൂര്‍ കഴിയുമ്പോള്‍ പൂര്‍ണമായി സ്‌ട്രോക്ക് വരുകയും ത്രോംബോലിസിസ് ചികിത്സയ്ക്കുള്ള സമയപരിധി കഴിഞ്ഞുപോകുകയും ചെയ്യാറുണ്ട്.
ചില രോഗികളില്‍ സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറിയേക്കാം. ഇതിനെ ട്രാന്‍ഷിയന്റ് ഇഷ്‌കിമിക് അറ്റാക്ക് (ടി.ഐ.എ) എന്നുപറയുന്നു. പൂര്‍ണമായി രോഗം ഭേദമായി എന്നു തോന്നുന്നതിനാല്‍ രോഗി ചിലപ്പോള്‍ ചികിത്സ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി.ഐ.എ ഭാവിയില്‍ സ്‌ട്രോക്ക് വരുന്നതിനുള്ള ഒരു അപായസൂചനയാണെന്ന് മനസിലാക്കണം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.