2022 October 06 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഗള്‍ഫിലെ ജോലി വിട്ടപ്പോള്‍ പലരും വിമര്‍ശിച്ചു, പക്ഷേ ഞങ്ങള്‍ സംതൃപ്തരാണ്; പാള പാത്ര നിര്‍മാണവുമായി എന്‍ജിനിയര്‍ ദമ്പതികള്‍

ജോലി അത് ആത്മസംതൃപ്തിയുടേത് കൂടിയാണ്. കേരളത്തിന്റെ അങ്ങേയറ്റത്ത് കാസര്‍കോട് മടിക്കൈയിലൊരു ദമ്പതികളുണ്ട്. എന്‍ജിനിയറിങ് ജോലി ഉപേക്ഷിച്ച് നാട്ടില്‍ സ്വയം സംരംഭകരായ ‘പാപ്ല’ എന്ന പാളനിര്‍മിത ഉല്‍പന്നങ്ങളുടെ ഉടമസ്ഥര്‍. ദേവകുമാര്‍ ശരണ്യ ദമ്പതിമാര്‍ യു.എ.ഇയില്‍ ജോലി ചെയ്ത് വരുന്നതിനിടെയാണ് ഷെഡ്യൂള്‍ ജീവിതത്തോട് ഗുഡ്‌ബൈ പറഞ്ഞ് പ്രകൃതി ഭംഗിയോട് അലിഞ്ഞുചേരാന്‍ തീരുമാനിച്ചത്. ശരണ്യ ഒരു വാട്ടര്‍ പ്രൂഫിംഗ് കമ്പനിയിലും ദേവകുമാര്‍ ടെലികോം കമ്പനിയിലുമായിരുന്നു ജോലിചെയ്ത് വന്നിരുന്നത്. പക്ഷെ, ഇപ്പോള്‍ തൊഴില്‍ പാള ഉപയോഗിച്ച് പാത്രങ്ങള്‍ നിര്‍മിക്കലാണ്.

പെട്ടെന്ന് അഞ്ചക്ക എന്‍ജിനിയറിങ് ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരുമ്പോള്‍ മൂക്കത്ത് കൈവച്ചവരുണ്ട്, ഇവര്‍ക്കൊക്കെ എന്തിന്റെ കേടാണെന്ന് നേരിട്ടും അല്ലാതെയും പറഞ്ഞവരുമുണ്ടെന്ന് ദേവകുമാര്‍ പറഞ്ഞു. നിവര്‍ത്തികേടുകൊണ്ടല്ല, പകരം സ്വയം ഒരു സംരംഭകനാകണമെന്ന ആഗ്രഹമായിരുന്നു അതിന് പിന്നില്‍. ജീവിതത്തിന് ശേഷവും തങ്ങളുടേതായ എന്തെങ്കിലും അടയാളങ്ങള്‍ സമൂഹത്തിലുണ്ടാകണമെന്ന ആഗ്രഹം. സംരംഭം പ്രകൃതിയോട് ഇണങ്ങിയതാകണം എന്ന നിര്‍ബന്ധം ഇവര്‍ക്കുണ്ടായിരുന്നു. നാട്ടുകാര്‍ക്ക് തൊഴില്‍ നല്‍കണം. നാട്ടിലെ വിഭവങ്ങളില്‍ മൂല്യവര്‍ദ്ധനവരുത്തണം. അങ്ങനെയാണ് പാപ്ല (papla) എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയില്‍ എത്തിച്ചേര്‍ന്നത്.

കേരളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കമുകുള്ളത് കാസര്‍കോട് ജില്ലയിലെ മടിക്കൈ എന്ന സ്ഥലത്താണ്. ദേവകുമാര്‍ മടിക്കൈ സ്വദേശി ആയതുകൊണ്ട് തന്നെ പിന്നെ ഒന്നും നോക്കിയില്ല, അതില്‍ തന്നെ പിടിച്ചു. നാട്ടില്‍ നിന്ന് തന്നെ പാളകള്‍ ശേഖരിച്ച് പാത്രങ്ങള്‍ നിര്‍മിക്കും. സ്പൂണ്‍ മുതല്‍ ഭക്ഷണം കഴിക്കാവുന്ന പാത്രങ്ങള്‍ വരെ നിര്‍മിക്കുന്നുണ്ട്. ഓരോ പാളയ്ക്കും നിശ്ചിത തുക ഉടമകള്‍ക്ക് ഇവര്‍ നല്‍കാറുണ്ട്. പാടത്തും പറമ്പിലും അലക്ഷ്യമായി കിടക്കുന്ന പാളകള്‍ ശേഖരിക്കുന്നതുകൊണ്ട് തന്നെ ഒരു പരിതിവരെ കൊതുക് ശല്യം ഇല്ലാതാകുന്നു. അതിനാല്‍ ആരോഗ്യവകുപ്പില്‍ നിന്നും ഈ ദമ്പതികള്‍ക്ക് പിന്തുണ ലഭിക്കുന്നുണ്ട്. കാരി ബാഗുകള്‍, പാത്രങ്ങള്‍,ചിരട്ടകള്‍ കൊണ്ടുള്ള ഉല്‍പന്നങ്ങള്‍ എന്നിവയും ‘പാപ്ല’യിലുണ്ട്.

വലിയ കമ്പനികള്‍ സന്ദര്‍ശിച്ചും അവയെക്കുറിച്ച് കൃത്യമായ പഠനം നടത്തിയ ശേഷമാണ് ദേവകുമാറും ശരണ്യയും ഈ മേഖലയിലേക്ക് ചുവടുവച്ചത്. ശേഖരിക്കുന്ന പാളകള്‍ ഉണക്കി ശുദ്ധമായ വെള്ളത്തില്‍ കഴുകിയ ശേഷമാണ് മെഷീനിലേക്ക് വയ്ക്കുന്നത്. 5 തൊഴിലാളികളാണ് നിലവില്‍ പാപ്ലയിലുള്ളത്. 2017 ല്‍ വിവാഹിതരായ ഇവര്‍ 2018 ഡിസംബറിലാണ് പാപ്ല ആരംഭിക്കുന്നത്. ഫാക്ടറിക്ക് സ്ഥലം കണ്ടെത്തിയത് നീലേശ്വരത്താണ്.

വായ്പയടക്കം ഏതാണ്ട് 20ലക്ഷം രൂപ ഇതുവരെ മുതല്‍മുടക്കിയിട്ടാണ് പാപ്ലയ്ക്ക് തുടക്കം കുറിച്ചത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലായിട്ട് ഇതിനോടകം തന്നെ ഉല്‍പന്നങ്ങള്‍ അയച്ചിട്ടുണ്ട്. ഖത്തര്‍,യു.എ.ഇ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും പാപ്ല ഉല്‍പന്നങ്ങള്‍ അയച്ചത്.

പ്ലാസ്റ്റിക് നിരോധനം ഇത്തരം ബദല്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യം വര്‍ദ്ധിപ്പിക്കുകയാണല്ലോ വരും കാലങ്ങളില്‍ പാപ്ല പ്രചാരം നേടുമെന്നത് തീര്‍ച്ചയാണ്. അതേസമയം ലോക്ക്ഡൗണ്‍ പ്രതിസന്ധി ഇവരെയും ചെറുതായെങ്കിലും ബാധിക്കാതിരുന്നില്ല. ഓര്‍ഡറുകള്‍ കൂടുതല്‍ ലഭിക്കണം.ആത്മവിശ്വാസത്തില്‍ മുന്നോട്ടുപോവുകയാണ് ഈ ദമ്പതികള്‍. കൂടുതല്‍ പ്രകൃതിസൗഹൃദ ബദല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് രൂപം കൊടുക്കാനുള്ള ഒരുക്കത്തിലാണ് പാപ്ല. വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും ജോലി ഉപേക്ഷിച്ച തീരുമാനം തെറ്റാണെന്ന് ഇരുവര്‍ക്കും ഇതുവരെ തോന്നിയില്ല. പകരം ആത്മസംതൃപ്തരാണെന്ന് ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.