2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പള്ളേണ്ടു


ഹാഷിം വേങ്ങര


അചുംബിതമായ ആശയവുമായി അനന്തരം കൈവന്ന സ്റ്റേഷനറി കടയിലേക്ക് അസൈനാര്‍ കയറിയപ്പോള്‍ ജോക്കര്‍ ചാക്കുകളുടെ മുകളില്‍നിന്ന് സാവകാശത്തില്‍ പള്ളേണ്ടു വേലു വണക്കംചൊല്ലി എഴുന്നേറ്റു.


‘വണക്കം… വേലൂ, എത്ര തവണ പറയണം ആ ചാക്ക് അവിടുന്ന് മാറ്റാന്‍…’
‘എന്നാ ചെയ്യും മുതലാളി, എനിക്ക് തനിയെ മുടിയാത്…’- ഉന്തിനില്‍ക്കുന്ന വയറു തടവി മറുപടിക്കുള്ള സ്ഥിരം ശകാരം പ്രതീക്ഷിച്ച് വേലു നിന്നു. ഒരു ചിരി സമ്മാനിച്ച് വേലുവിനെ അടുത്തേക്കു വിളിച്ച് അസൈനാര്‍ പറഞ്ഞു.

   


‘എടാ നീ ഇന്ന് നാലുമണിക്ക് ഒരിടംവരെ പോകണം… എല്ലാത്തിനും അവിടെ ഒരു പരിഹാരം കാണും… പിന്നെ ഇന്ന് നമ്മുടെ അപ്പു വരും. അവനു വര്‍ഷപ്പൂട്ടാണ് സ്‌കൂളില്‍. ഒരുമാസം അവനിവിടെ കാണും കേട്ടോ…’- വേലു സമതംമൂളി.
അസൈനാറിന്റെ ചുറുചുറുക്കുള്ള കാലത്ത് വീടുവിട്ട് ഓടിവന്ന പതിനെട്ടുകാരനായ വേലു സ്റ്റേഷനറി കടയില്‍ ജോലിക്കു കയറിയതാണ്. അന്ന് ഏതു ചാക്കും നിഷ്പ്രയാസം ചുമക്കും. മുതലാളിക്ക് നരകയറി തുടങ്ങിയപ്പോള്‍ വേലുവിന്റെ വയര്‍ പതിയെ ഇറങ്ങിത്തുടങ്ങി. ഒടുക്കം സ്‌കൂള്‍ പിള്ളേരാല്‍ വേലുവിന് ഒരു ചെല്ലപ്പേരും വീണു. ‘പള്ളേണ്ടു’.


ഉരുമ്മി എഴുതുന്ന പത്തക്കം പോലെയായി വേലുവിന്റെ ശരീരം. വയറു താങ്ങി അവതാനതയിലായ കാലുകളോടുകൂടെ വേലുവിന്റെ മനസും ഉന്മേഷം വറ്റി മടുപ്പുനിറഞ്ഞു. മുതലാളി എന്തു ജോലി പറയുമ്പോഴും വേലു മടുപ്പറിയിക്കും. ഉടനെ ഒന്നും രണ്ടും പറഞ്ഞ് മുതലാളി ചുമട്ടുകാരെ വിളിക്കാന്‍ പോകും. എന്നാല്‍ ഇന്ന് മുതലാളി ശകാരിച്ചില്ല… മാത്രമല്ല, എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ഒരു ഭാവവും. തന്നെ കടയില്‍നിന്ന് ഒഴിവാക്കുകയാണോ…? അപ്പുവിനെ ജോലിക്കു നിര്‍ത്തുന്നത് പറഞ്ഞപ്പോള്‍ തന്നെ വേലുവിന് മനംപുരട്ടിയിരുന്നു. ഒരു ബന്ധത്തിന്റെ പേരില്‍ മുതലാളിക്ക് ഇനിയും തന്നെ ചുമക്കേണ്ട കാര്യമില്ലല്ലോ.


‘പള്ളേണ്ടൂ… ഒരു നാരങ്ങാ മിട്ടായി…’- സ്‌കൂള്‍ പിള്ളേരില്‍ ആരോ ചോദിച്ചപ്പോള്‍ വേലുവിന് അസാധാരണമായി ദേഷ്യം തോന്നി. ‘പോടാ പുള്ളകളെ…’ വേലു ശകാരിച്ചതും സ്‌കൂള്‍ കുട്ടികള്‍ പേടിച്ച് ചിതറിയോടി. ദാരിദ്ര്യത്തിന്റെയും സമൃദ്ധിയുടെയും അളവുകോല്‍ മനുഷ്യന്റെ ഉദരമാണല്ലോ. ഇപ്പോള്‍ ഇതാ വേലുവിന്റെ ജീവിതത്തിലും ഉദരം അളവുകോല്‍ ആയിരിക്കുന്നു.
ഉച്ചനേരം, അസൈനാര്‍ ലൊട്ടുലൊടുക്ക് മിഠായിക്കുപ്പികള്‍ക്കരികെയുള്ള ഇരിപ്പിടത്തില്‍ കയറിയിരുന്ന് വേലുവിനെ വിളിച്ചു.


‘വേലൂ… നീ ഈ അഡ്രസിലുള്ള സ്ഥലത്തു പോയി ഒരുമാസം നില്‍ക്കണം. എന്തു ചെയ്യണമെന്ന് അവര്‍ പറയും. ഇപ്പോള്‍തന്നെ പൊക്കോ… ദാ, ഇത് ഒരുമാസത്തെ ചെലവിനുള്ള പൈസ…’ മുതലാളി നീട്ടിയ നോട്ടുകളും അഡ്രസെഴുതിയ കടലാസും ചുരുട്ടി വേലു റോഡിലേക്ക് ഇറങ്ങിനടന്നു. ഫോണില്‍ കഴിഞ്ഞ സീരിയല്‍ എപ്പിസോഡിന്റെ ഹൈലേറ്റ് കണ്ടിരിക്കുന്ന ഓട്ടോ ഡ്രൈവര്‍ക്കു നേരെ അഡ്രസ് എഴുതിയ കടലാസ് നീട്ടിയപ്പോള്‍ ഫോണിന്റെ വായടച്ച് ശഠേ അയാള്‍ വേലുവിനു വഴികാട്ടി.


‘അടുത്ത ജങ്ഷനില്‍ ഇടതുകാണുന്ന ബില്‍ഡിങ്ങിലെ ഏറ്റവും മുകളിലത്തെ നിലയിലാ…’- അയാള്‍ വീണ്ടും ഫോണിലേക്ക് കണ്ണുനട്ടു. വേലു ജങ്ഷനില്‍നിന്ന് റോഡ് മുറിച്ചുകടന്ന് ഇടതുവശത്തായി ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടത്തിന്റെ മൂലയിലുള്ള ഗോവണി കയറാന്‍ തുടങ്ങി. പടവുകളില്‍ വലുതായി എഴുതിയ ഇംഗ്ലിഷ് അക്ഷരങ്ങള്‍ തന്റെ കടലാസിലുള്ള അക്ഷരങ്ങളുമായി ചേര്‍ത്തുനോക്കിയപ്പോള്‍ വേലുവിന് സമാധാനമായി. അക്ഷരാകൃതിയും ക്രമവും ഒന്നുതന്നെ. തിട്ടപ്പെടുത്താന്‍ കഴിയാത്ത വാദ്യോപകരണങ്ങളുടെ ഒന്നിച്ചുള്ള മുഴക്കം മുകളിലേക്ക് അടുക്കുംതോറും പെരുത്തുവന്നു. വരികള്‍ ഇല്ലാത്ത കൊട്ടുംകുരവയും ചെവിടടുപ്പത്തില്‍ കേള്‍വിയായപ്പോള്‍ വേലു ഗോവണിയുടെ അറ്റം എത്തിയിരുന്നു. ചെറിയ വാതില്‍പാളിയിലൂടെ അകത്തുകടന്നപ്പോള്‍ വിവിധ പ്രായത്തിലുള്ള ഒരുപാടുപേര്‍ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. വേലുവിന്റെ അപരിചിതത്വം കണ്ട് ഒരു ചെറുപ്പക്കാരന്‍ അടുത്തേക്കുവന്ന് ഒരു മൂലയിലേക്കു ചൂണ്ടി.


‘ആശാനെ… കണ്ടോളൂ…’- മൂലയിലായി സ്ഥാപിച്ച ഇരിപ്പിടത്തില്‍ ഒരു ദൃഢഗാത്രന്‍ തന്നെ വീക്ഷിക്കുന്നതുകണ്ട് വേലു അയാളുടെ അടുത്തേക്കു നടന്നു. മുതലാളി തന്ന പേപ്പര്‍ ഒന്നു വായിക്കേണ്ട താമസം അയാള്‍ എഴുന്നേറ്റ് വേലുവിന്റെ തോളത്തുതട്ടി പറഞ്ഞു.


‘അസൈനാറിക്ക പറഞ്ഞ ആളാണല്ലേ… ഇനി ഒരുമാസം ഇവിടെയാണ് ജോലി… താഴെ കാണുന്ന ടയറുകടക്കു പിന്നിലായി ആ ബംഗാളി പയ്യനോട് കൂടെ കിടക്കുകയും ചെയ്യാം…’


വേലു പതിയെ തലയാട്ടി. ഭയം വേലുവിന് കുഞ്ഞിന്റെ പരിവേഷം നല്‍കിയിരുന്നു. അയാള്‍ റബര്‍ വിരിച്ച നിലത്ത് വേലുവിനെ നിര്‍ത്തിയ ശേഷം താന്‍ ചെയ്യുന്നപോലെ ചെയ്യാന്‍ പറഞ്ഞു. ഇതുവരെ ചെയ്യാത്ത ജോലികള്‍ നിന്നനില്‍പ്പില്‍തന്നെ വേലു ചെയ്തു. ക്ഷീണിച്ച് അവശനായ വേലുവിനോട് കെട്ടിടത്തിന്റെ ഗോവണി നാലുതവണ കയറിയിറങ്ങിയ ശേഷം പോകാന്‍ സമ്മതം നല്‍കി. നാളെ കൃത്യം വൈകിട്ട് നാലുമണിക്കു തന്നെ വരണമെന്ന് ആശാന്‍ ഓര്‍മപ്പെടുത്തുകയും ചെയ്തു.


വേച്ചുവേച്ചും അണച്ചണച്ചും വേലു ഗോവണി നാലുതവണ കയറിയിറങ്ങി. ബ്ലെസ് ഇവന്‍സിന്റെയും ബേബി കെയറിന്റെയും ഇടയിലുള്ള വഴിയെ നടന്ന് ടയര്‍കടയുടെ പിന്നാമ്പുറത്തെ റൂമിലേക്കു കയറിയപ്പോള്‍ കരിപുരണ്ട ശരീരവുമായി ചെറുപ്പക്കാരന്‍ കിടക്കുന്നുണ്ടായിരുന്നു. വേലു റൂമിലെ ഒഴിഞ്ഞ കട്ടിലില്‍ ആരോടും ചോദിക്കാതെ കയറിക്കിടന്നു. രാവിലെ രണ്ട് അപ്പം കഴിച്ചു മൂന്നാമതായി ഒന്നെടുക്കാന്‍ ശ്രമിച്ചതും ബംഗാളിപയ്യന്‍ നിഷേധഭാവത്തില്‍ തടഞ്ഞു. ഞാന്‍ തരുന്നത് കഴിച്ചാല്‍ മതിയെന്ന അര്‍ഥത്തില്‍ അവന്‍ പാത്രം മൂടിവച്ചു. മുതലാളി കൈയില്‍തന്ന പണം അവന്‍ നേരത്തെ പറഞ്ഞു വാങ്ങിച്ചിരുന്നു. ആശാന്‍ രാവിലെ താക്കോല്‍കെട്ട് ബംഗാളിയെ ഏല്‍പ്പിക്കുമ്പോള്‍ വേലുവിനോട് നാലുമണി എന്ന് ഒരുവട്ടംകൂടി ഓര്‍മപ്പെടുത്തി ബൈക്കില്‍ കയറിപ്പോയി.


വൈകുന്നേരം ഇരുന്നും കിടന്നും മലര്‍ന്നും പണിയെടുത്ത് വിയര്‍ത്തുകുളിച്ച വേലുവിനോട് ഇനിയാണു ജോലി ആരംഭിക്കുന്നതെന്ന് ആശാന്‍ പറഞ്ഞു. വേലുവിനെ കൊണ്ട് അക്കമിട്ട് കല്ലുകള്‍ എടുപ്പിച്ചു. ഒരൊറ്റ കമ്പിയില്‍ ഘടിപ്പിച്ച ഇരുകല്ലുകള്‍ വിവിധ വലുപ്പത്തിലുള്ളവ, ഓരോന്നും തവണകളായി വേലു ചുമന്നു. കൂടാതെ കല്ലുകള്‍ ഞാത്തിയിട്ട കയര്‍ ഒരുപാടു തവണ വലിച്ചുപൊന്തിച്ചു. രണ്ടു മണിക്കൂറിനു ശേഷമാണ് വേലുവിനോട് പോകാന്‍ പറഞ്ഞത്. അവശനായി അയാള്‍ പടികളിറങ്ങി.
ബ്ലെസ് ഇവന്‍സില്‍ മൂകരായ രണ്ടുപേര്‍ മൊബൈല്‍ മോര്‍ച്ചറി വാഹനത്തില്‍ കയറ്റുന്നുണ്ടായിരുന്നു. ബേബി കെയറില്‍ ഒരുപാട് കുടുംബങ്ങള്‍ സന്തോഷത്തോടെ പുതുജീവനുകളെ ഉടുപ്പിക്കാനുള്ള തിരക്കിലുമാണ്. റോഡരികില്‍നിന്ന് വേലുവിനെ കണ്ടമാത്രയില്‍ ഒരാള്‍ മുഖം താഴ്ത്തി വേഗത്തില്‍ നടന്നുപോയി. എന്തോ ദുര്‍ഗന്ധം അസ്വസ്ഥമാക്കിയതിനാല്‍ ഒന്നു പരതിയപ്പോള്‍ അളിഞ്ഞ മാംസക്കഷണങ്ങള്‍ ഒരു കവറിലാക്കി റോഡരികില്‍ നിക്ഷേപിച്ചിരിക്കുന്നു. ഈ നീചവൃത്തി ചെയ്തവനാവാം തന്നെ കവച്ചുപോയതെന്ന് വേലു ചിന്തിച്ചു. മനുഷ്യമനസിന്റെ മാലിന്യങ്ങള്‍ ഒരിക്കലും രഹസ്യമാക്കാന്‍ പറ്റില്ല.


രാത്രിയില്‍ സന്ധിവേദനകൊണ്ട് പിടയുന്ന വേലുവിനെ ശ്രദ്ധിക്കാതെ ബംഗാളിപയ്യന്‍ സുഖശയനത്തിലാണ്ടു. കണക്കുവച്ചുള്ള ഭക്ഷണവും കഠിനജോലിയും വേലുവിനു പതിയെ ശീലമായി. ഉറങ്ങിയുണരുന്ന ലാഘവത്തോടെ ദിനങ്ങള്‍ കൊഴിഞ്ഞു. ശരീരവേദനകള്‍ അകന്നു. കൃത്യം ഒരുമാസമായ ദിവസത്തെ സായാഹ്ന ജോലി തീര്‍ന്നതും വേലു ആശാന്റെ അരികിലേക്ക് ആവേശത്തോടെ ചെന്നു.
‘ആശാനേ ഇനി ഞാന്‍ മുതലാളിയുടെ അടുത്തേക്കു പോകയാണ്… എന്റെ കൂലി തരുമാ…?’- വേലുവിന്റെ സംസാരം കേട്ടയുടന്‍ ആശാനും പരിവാരങ്ങളും പൊട്ടിച്ചിരിച്ചു. ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ അതുപേക്ഷിച്ച് വേലുവിനുചുറ്റും വട്ടംപിടിച്ചു ആര്‍ത്തുചിരിച്ചു. ചിരി കക്കിക്കൊണ്ട് ആശാന്‍ പറഞ്ഞു.


‘വേലു… മുതലാളിയുടെ അടുത്തേക്ക് പോയിക്കൊള്ളൂ… മുതലാളി വേലുവിന്റെ ഫീസ് തന്നിട്ടുണ്ട്…’ അതിശയഭാരത്താല്‍ വേലു എന്നെന്നേക്കുമായി ഹെര്‍ക്കുലിയന്‍ ഫിറ്റ്‌നസ് സെന്ററിന്റെ പടികളിറങ്ങി. വേലു വരുന്നതുകണ്ട് ഒരു ചെറുചിരിയില്‍ അസൈനാര്‍ കടയുടെ ഉമ്മറത്തേക്ക് ഇറങ്ങിവന്ന് വേലുവിനെ ഉറുമ്പടക്കം വാരിപ്പുണര്‍ന്നു. തെറിച്ച പിള്ളേരില്‍ നിന്ന് കൂട്ടംതെറ്റി മിഠായി വാങ്ങാന്‍ വന്ന വിരുതന്‍ വേലുവിനെ കണ്ടതും ഉറക്കെ പറഞ്ഞു.


‘ആ നാരങ്ങാ മിട്ടായി എടുക്ക് പള്ളേ…’- അവന്‍ മുഴുമിപ്പിക്കാന്‍ കഴിയാതെ പകച്ചുനിന്ന ശേഷം പുതിയ ചെല്ലപ്പേര് തേടിക്കൊണ്ട് വികൃതി കൂട്ടങ്ങളിലേക്ക് തന്നെ പാഞ്ഞുപോയി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.