
വാഷിങ്ടണ്‍: ഫലസ്തീന് മണ്ണില്‍ ഇസ്റാഈല്‍ നിര്‍മിക്കുന്ന സെറ്റില്‍മെന്റുകള്‍ കുടിയേറ്റമായോ അനധികൃതമായോ കണക്കാക്കാനാവില്ലെന്ന് യു.എസിന്റെ പ്രഖ്യാപനം. എന്നാല്‍ പ്രഖ്യാപനത്തിനെതിരെ ശക്തമായി രംഗത്തുവന്നിരിക്കുകയാണ് ഫലസ്തീനികള്‍.
‘നിയമ സംവാദത്തിന്റെ എല്ലാ വശങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം, വെസ്റ്റ്ബാങ്കിലെ ഇസ്റാഈലി സിവിലിയന്‍ സെറ്റില്‍മെന്റുകള്‍ നിയമവിരുദ്ധമല്ലെന്ന് യു.എസ് പ്രഖ്യാപിക്കുകയാണ്’- യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
ഇക്കാര്യത്തില്‍ മുന്‍ നിലപാടില്‍ കടകവിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ യു.എസ് സ്വീകരിച്ചിരിക്കുന്നത്. 1978 ലെ സ്റ്റേറ്റ് ഡിപ്പാര്‍മെന്റ് നിയമാഭിപ്രായ പ്രകാരം സെറ്റില്‍മെന്റുകള്‍ ‘അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണ്’. എന്നാല്‍ ഈ നിലപാട് തിരുത്തുന്നതാണ് ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ നടപടി.
സെറ്റില്‍മെന്റുകള്‍ അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പാസാക്കിയ നിരവധി പ്രമേയങ്ങളില്‍ വ്യക്തമാക്കിയിരുന്നു. അധിനിവേശ പ്രദേശങ്ങളിലേക്ക് തങ്ങളുടെ ആളുകളെ മാറ്റുന്നത് തടയുന്ന നാലാം ജനീവ കണ്‍വെന്‍ഷന്റെ ലംഘനം കൂടിയാണിത്.
ട്രംപിന്റെ നേതൃത്വത്തിലുള്ള യു.എസ് ഭരണകൂടം നടത്തുന്ന ഇസ്റാഈല്‍ അനുകൂല നടപടിയുടെ തുടര്‍ച്ചയാണിത്. യു.എസിന്റെ തീരുമാനം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് പ്രതികരിച്ചു.