2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മുഖ്യമന്ത്രീ, അപമാനമാണിത്

മുസ്തഫ മുണ്ടുപാറ

 

കേവലം പത്ത് വയസു മാത്രം പ്രായമുള്ള അനാഥ പെണ്‍കുട്ടി സ്വന്തം അധ്യാപകനാല്‍ പീഡനത്തിനിരയാവുന്നു. പ്രതിയാരാണെന്നും എന്തൊക്കെ പീഡനങ്ങളാണെന്നും നാള്‍വഴിവച്ച് പൊലിസിലും മജിസ്‌ട്രേറ്റിനു മുമ്പിലും കുട്ടി കൃത്യമായി ബോധ്യപ്പെടുത്തുന്നു. പീഡനത്തിന് ഇരയാക്കിയ വ്യക്തി മറ്റൊരാള്‍ക്കുംകൂടി കുട്ടിയെ കൈമാറിയെന്ന ആരോപണവും ഇതോടൊപ്പം ഉയരുന്നു. നാട്ടുകാരും മാധ്യമങ്ങളുമുള്‍പ്പെടെ കേസിനൊപ്പം ഇമവെട്ടാതെ മൂന്നു മാസക്കാലം കൂടെ നടക്കുന്നു. ഇതിനിടയില്‍ രക്ഷപ്പെടാനുള്ള സര്‍വതന്ത്രങ്ങളും പതിനെട്ടടവുകളും പ്രതി പയറ്റുന്നു. നാടാകെ ഈ വിഷയം ചര്‍ച്ചയാകുന്നു. ഒടുവില്‍ കുറ്റപത്രം നല്‍കേണ്ട അവസാന മണിക്കൂറില്‍ വിഷയം കോടതിക്കു മുമ്പിലെത്തുന്നു. കോടതിയിലെ ഫയല്‍ അടിസ്ഥാനത്തില്‍ വിധി പറയുന്നു. പ്രതി സുസ്‌മേരവദനനായി കോടതിയില്‍നിന്ന് കൂളായി ഇറങ്ങിപ്പോകുന്നു. പ്രിയപ്പെട്ട മുഖ്യമന്ത്രീ, ഇത് കഴിഞ്ഞ ദിവസം നമ്മുടെ നാട്ടില്‍ നടന്ന സംഭവമാണ്. ഗ്രാമപഞ്ചായത്തും നാട്ടുപ്രമാണിമാരും ഗോത്രത്തലവന്മാരും സവര്‍ണ മാടമ്പിമാരും ഭരണം കയ്യാളുന്ന ഉത്തരേന്ത്യയിലായിരുന്നു ഇത് നടന്നതെങ്കില്‍ അത്ഭുതമില്ലായിരുന്നു. സാക്ഷര കേരളത്തിലാണ് ഈ നാടകം നടന്നതെന്നത് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. അവസാന അത്താണിയായി പൗരന്റെ കൂടെയുണ്ടാവേണ്ട പൊലിസും ഭരണസംവിധാനവും നീതിന്യായ മേഖലയും എന്തുമാത്രം ദുര്‍ബലവും പക്ഷപാതപരവുമായിരിക്കുന്നുവെന്ന് ഈ വിഷയം ഒരിക്കലൂടെ ഉറക്കെ വിളിച്ചുപറയുകയാണ്. തുടക്കം മുതലേ ഈ കേസ് വഴിവിട്ടവിധത്തിലാണ് നീങ്ങിയത്. പ്രതിയെ എങ്ങനെയും രക്ഷപ്പെടുത്തിയെടുക്കുന്നതിലായിരുന്നു അന്വേഷണോദ്യാഗസ്ഥരുടെ താല്‍പര്യമെന്ന് ഈ കേസ് വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാവുന്നുണ്ട്.

2020 മാര്‍ച്ച് 17ന് പാനൂര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത ഈ കേസിലെ ആരോപണ വിധേയനെ ഏപ്രില്‍ 15നാണ് അറസ്റ്റ് ചെയ്തത്. തങ്ങളുടെ മൂക്കിന് മുമ്പിലുള്ള പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഏകദേശം ഒരു മാസത്തോളമെടുത്തുവെന്നര്‍ഥം. അതും ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങിയപ്പോള്‍ മാത്രമാണ് ജനസമ്മര്‍ദത്തിന് വഴങ്ങി കേസെടുത്തത്. ഇക്കാലമത്രയും ആരോപണ വിധേയന്‍ പാനൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിക്കകത്ത് സുരക്ഷിതനായി ഉണ്ടായിരുന്നു. ഈ കേസ് നാല് മാസം പിന്നിട്ടു. ലോക്കല്‍ പൊലിസ് ശരിയായ വിധമല്ല കേസ് കൈകാര്യം ചെയ്യുന്നതെന്ന് ബോധ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയെ സമീപിച്ച് കുട്ടിയുടെ ഉമ്മ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും മറ്റൊരു ഏജന്‍സിയെ ഏല്‍പിക്കണമെന്നും അപേക്ഷിച്ച പശ്ചാത്തലത്തില്‍ ഏപ്രില്‍ 27ന് ലോക്കല്‍ പൊലിസില്‍നിന്ന് കേസ് ഡയറി ക്രൈംബ്രാഞ്ച് ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍, അവസാന മണിക്കൂറില്‍ ഒരു കുറ്റപത്രം പടച്ചുണ്ടാക്കി കഴിഞ്ഞ ചൊവ്വാഴ്ച കോടതിയുടെ മുമ്പില്‍വയ്ക്കുകയായിരുന്നു. അവസാനം ഉള്ളി തൊലിച്ചത് പോലെ ഒന്നുമില്ലാത്ത ഒരവസ്ഥയിലേക്ക് കേസിനെ മാറ്റിയെടുത്തുവെന്നതാണിവിടെ സംഭവിച്ചത്.
ഇന്ത്യയിലെ ഏറ്റവും മികച്ച പൊലിസ് സംവിധാനം നിലനില്‍ക്കുന്നത് കേരളത്തിലാണെന്നാണ് വിലയിരുത്തല്‍. ഏറെക്കുറെ ഇത് ശരിയുമാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ നിയമത്തിന് പുല്ലുവില പോലും കല്‍പ്പിക്കപ്പെടാത്ത സന്ദര്‍ഭങ്ങളുമുണ്ട്. അവയില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്നതായിരിക്കും ഈ കേസ്. നിരവധി തവണ സ്വന്തം അധ്യാപകനാല്‍ പീഡിപ്പിക്കപ്പെട്ട ഒരു പാവം പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ കേരളത്തിലെ പൊലിസിന് കഴിഞ്ഞില്ലായെന്നത് എന്നും കറുത്ത പാടായി പൊലിസിനെ വേട്ടയാടുമെന്നത് ഉറപ്പ്.
ഇവിടെ കുട്ടിയുടെ മൊഴി അവിശ്വസിക്കുകയും പ്രതിയെ വിശ്വസിക്കുകയും ചെയ്യുകയാണുണ്ടായത്. പീഡനത്തിന് വിധേയയായ കുട്ടി സ്വന്തം കുടുംബത്തോടും പൊലിസിനോടും ചൈല്‍ഡ് ലൈനുകാരോടും സി.ആര്‍.പി.സി 164 പ്രകാരം മജിസ്‌ട്രേറ്റിനോടുമെല്ലാം താന്‍ നിരവധി തവണ പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞിട്ടും അവയെല്ലാം അവഗണിച്ച് പ്രതിയെ സംരക്ഷിക്കാന്‍ ഇത്രമാത്രം പൊലിസ് സംവിധാനം താല്‍പര്യപ്പെട്ടതെന്തെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പീഡനം സ്ഥിരീകരിക്കപ്പെടുകയും തലശ്ശേരി കോടതി മൂന്നു തവണയും ഹൈക്കോടതി ഒരു തവണയും പ്രതിക്ക് ജാമ്യം നിഷേധിക്കുകയും ചെയ്ത സാഹചര്യം കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണ്.

പക്ഷേ, പൊലിസിന് ഇതിന്റെ ഗൗരവം ബോധ്യപ്പെടാതിരുന്നത് എന്ത് കൊണ്ടാണ്? ഒന്ന് ‘നോക്കിയാല്‍’ പോലും കേസെടുക്കുന്ന നാട്ടില്‍ പോക്‌സോപ്രകാരം കേസെടുക്കാന്‍ മാത്രം ഇതില്‍ തെളിവില്ലെന്ന് പറയുന്ന ക്രൈംബ്രാഞ്ച് ഒരു വെളിവുമില്ലാതെയാണ് അന്വേഷണം നടത്തിയതെന്ന് പറയേണ്ടി വരും. ഇതോടൊപ്പം ഉന്നയിക്കപ്പെട്ട പ്രതി പപ്പന്‍ മാഷുടെ കൂട്ടുകാരന്റെ പങ്കും ഒരു മാസത്തോളം ഒളിവില്‍ താമസിക്കാന്‍ പ്രതിക്ക് സൗകര്യം ചെയ്ത് കൊടുത്തവരെക്കുറിച്ചും ഉള്‍പ്പെടെ അന്വേഷണം നടക്കേണ്ടതുണ്ടായിരുന്നു. പത്ത് വയസ് മാത്രം പ്രായമുള്ള കുട്ടിയുടെ മൊഴികളില്‍ അവ്യക്തതകളും വൈരുധ്യങ്ങളും ഉണ്ടെങ്കില്‍ തന്നെ അവ കേസിന്റെ അന്തസ്സത്തയെ ബാധിക്കാന്‍ പാടുള്ളതല്ല. തിയതികളിലോ സമയങ്ങളിലോ ഉണ്ടാവുന്ന പിഴവുകള്‍ കൊച്ചു കുട്ടിയെന്ന നിലക്ക് പരിഗണിക്കാവുന്നതേയുള്ളൂ. സുപ്രിം കോടതി പലതവണ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. തുടക്കംമുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഈ കേസിലെ ഇരയെ അന്വേഷണ ചുമതലയുള്ള ഐ.ജി ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവര്‍ നേരില്‍ക്കാണാനുള്ള അവസരമൊരുക്കേണ്ടതായിരുന്നു. എന്തുകൊണ്ടും ഇക്കാര്യത്തില്‍ ജാഗ്രതയോടെയുള്ള ഇടപെടല്‍ ഉയര്‍ന്ന തലങ്ങളില്‍നിന്ന് ഉണ്ടാവേണ്ടിയിരുന്നു. പ്രത്യേകിച്ചും ആഭ്യന്തരം കൈകാര്യം ചെയ്യുന്ന ജില്ലക്കാരനായ മുഖ്യമന്ത്രിക്കും മണ്ഡലക്കാരിയായ വനിതാ മന്ത്രിക്കും ഈ പൊലിസ് അട്ടിമറി അറിഞ്ഞില്ലെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.