2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പാലത്തായി കേസ് അട്ടിമറിക്കപ്പെടുമ്പോള്‍

അഡ്വ. ടി. ആസഫ് അലി

 

കുപ്രസിദ്ധമായ പാലത്തായി പീഡന കേസ് ഭ്രൂണാവസ്ഥയില്‍തന്നെ തേച്ചുമായ്ച്ചുകളയാനും പ്രതിക്ക് അനായാസം ജാമ്യം ലഭിക്കാനും ഉത്തരവാദികളാര്? ഏറെ കോളിളക്കം സൃഷ്ടിച്ച അധ്യാപകന്‍ വിദ്യാര്‍ഥിനിയെ സ്‌കൂളിലും പുറത്തുവച്ചും ബലാത്സംഗം ചെയ്ത ഈ കേസ് അട്ടിമറിക്കപ്പെടാന്‍ പ്രത്യേക അന്വേഷണസംഘം പ്രവര്‍ത്തിച്ചുവെന്ന അതീവ ഗുരുതരമായ ആരോപണമാണ് കേരള പൊലിസിന് നേരെ ഉയര്‍ന്നുവന്നിട്ടുള്ളത്. നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ ബി.ജെ.പി നേതാവ് കൂടിയായ പത്മരാജന്‍ എന്ന പപ്പന്‍ സ്വന്തം സ്‌കൂളിലെ ക്ലാസ് മുറിയിലും ശുചിമുറിയിലുംവച്ച് നിരവധി തവണ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ലൈംഗികാതിക്രമം നടത്തി പീഡിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് പാനൂര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് ആരംഭത്തില്‍തന്നെ തേച്ചുമാച്ച് കളഞ്ഞുവോ ? ബലാത്സംഗവും പോക്‌സോ കുറ്റവും രജിസ്റ്റര്‍ ചെയ്ത കേസ് എങ്ങനെ ആ കുറ്റങ്ങള്‍ നീക്കം ചെയ്ത്, നിസാരമായ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വകുപ്പുകളും ഐ.പി.സിയിലെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളും ചേര്‍ത്തുള്ള കേസായി മാറി? കേസിന്റെ ആരംഭത്തില്‍തന്നെ, പൊലിസിന്റെ കുറ്റകരമായ അനാസ്ഥ വഴി പ്രതിക്ക് ജാമ്യം ലഭിക്കാനും അവസരമുണ്ടായി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉയര്‍ത്തിക്കാട്ടി അധികാരത്തില്‍ വന്ന ഒരു സര്‍ക്കാര്‍ ലോക്കല്‍ പൊലിസിന്റെ അന്വേഷണം ഫലപ്രദമല്ല എന്ന കാരണത്താല്‍ നിയമിക്കപ്പെട്ട ക്രൈംബ്രാഞ്ച് നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ദൗത്യം കേസ് തേച്ചുമായ്ച്ച്, പ്രതിക്ക് രക്ഷാകവചം സൃഷ്ടിക്കുകയെന്നതായിരുന്നുവോ? ലോക്കല്‍ പൊലിസ് പ്രാഥമിക റിപ്പോര്‍ട്ടില്‍ ചേര്‍ത്ത ബലാത്സംഗ കുറ്റവും പോക്‌സോ നിയമമനുസരിച്ച് കുറ്റവും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടായിട്ടും എങ്ങനെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ജുവനൈല്‍ കുറ്റവും കൈയേറ്റ കുറ്റവും മാത്രമായി മാറി?

പാലത്തായി ബലാത്സംഗ കേസിന്റെ ആരംഭത്തില്‍ തന്നെ പൊലിസ് സംശയത്തിന്റെ നിഴലിലായിരുന്നു. 2020 ജനുവരി 15ാം തിയതി പാനൂര്‍ പൊലിസ് പെണ്‍കുട്ടിയുടെ അധ്യാപകനെതിരേ ഇന്ത്യന്‍ പീനല്‍ കോഡിലെ 376 (2) (പൊതുസേവകന്റെ പദവി ദുരുപയോഗപ്പെടുത്തി തന്റെ അധീനതയിലെ ഇരയെ ബലാത്സംഗം), പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷന്‍ ഒഫന്‍സസ് ആക്ട് (പോക്‌സോ) 5(1) എഫ്, (12 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനത്തില്‍വച്ചുള്ള ഗുരുതരമായ ലൈംഗികാതിക്രമം) 5(1) (കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം) എന്നീ കുറ്റങ്ങള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയെ ബലപ്പെടുത്തുംവിധം പെണ്‍കുട്ടിയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് ഉണ്ടായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലിസ് അതീവ ഗുരുതര വീഴ്ചവരുത്തി. പൊലിസ് സ്റ്റേഷന് വിളിപ്പാടകലെ താമസിക്കുന്ന പ്രതിയെ ഒളിവില്‍പോയി എന്ന പേരില്‍ പൊലിസ് മൂന്ന് മാസക്കാലത്തോളം അറസ്റ്റ് ചെയ്തില്ല. ഒളിവില്‍ പോയതായി പൊലിസ് പറയുന്ന പ്രതിയെ കണ്ടെത്താന്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധന, മൊബൈല്‍ ഫോണ്‍ കോള്‍ വിവര ശേഖരണം, എ.ടി.എം കാര്‍ഡുപയോഗം എന്നീ നൂതന രീതി ഉപയോഗിച്ച് പ്രതിയെ കണ്ടെത്താനുള്ള യാതൊരു നടപടിയും പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് മൂന്ന് മാസം കഴിഞ്ഞ് അറസ്റ്റ് ചെയ്ത പ്രതിക്ക് തലശ്ശേരി പോക്‌സോ കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചത് പെണ്‍കുട്ടിയുടെ മൊഴിയും, മജിസ്‌ട്രേറ്റ് മുന്‍പാകെയുള്ള രഹസ്യ മൊഴിയും പെണ്‍കുട്ടിയുടെ ദേഹപരിശോധന റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍, പ്രതിക്കെതിരേ ഗുരുതരമായ ബലാത്സംഗ കുറ്റവും ഗുരുതര ലൈംഗികാതിക്രമവും പൊലിസ് രേഖകളുടെയും ജനങ്ങളുടെ മൊഴിയുടെ ബലത്തിലും പ്രഥമദൃഷ്ട്യാ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ആയതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാരണത്താലായിരുന്നു.

കേസന്വേഷണ വേളയില്‍ തന്നെ പെണ്‍കുട്ടിയെ പൊലിസ് എല്ലാ അര്‍ഥത്തിലും ഉപദ്രവിച്ചതായി പരാതിയുണ്ടായിരുന്നു. മൊഴി രേഖപ്പെടുത്താന്‍ ഇരയെ പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്താന്‍ പാടില്ലാത്ത പോക്‌സോ നിയമം 24(1) വകുപ്പനുസരിച്ച വ്യവസ്ഥ പാടെ ലംഘിച്ച് പെണ്‍കുട്ടിയെയും മാതാവിനെയും നിരവധി തവണ സ്റ്റേഷനിലും കോഴിക്കോട്ടും വിളിച്ചുവരുത്തിയിട്ടുണ്ടായിരുന്നു. ഇരയുടെ മൊഴി രേഖപ്പെടുത്തുമ്പോള്‍ പൊലിസ് യൂണിഫോമിലായിരിക്കരുതെന്ന നിയമ വ്യവസ്ഥയും പൊലിസ് പാടെ അവഗണിച്ചിട്ടുണ്ട്. മജിസ്‌ട്രേറ്റ് മുന്‍പാകെ രഹസ്യമൊഴി നല്‍കിയിരുന്നപ്പോഴും പൊലിസ് പെണ്‍കുട്ടിക്ക് യാതൊരു പരിരക്ഷയും നല്‍കിയിട്ടുണ്ടായിരുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു.
തികച്ചും മനുഷ്യത്വരഹിതമായ ലൈംഗികാതിക്രമമാണ് പാലത്തായി പെണ്‍കുട്ടി നേരിടേണ്ടി വന്നിരുന്നതെന്ന് സഹപാഠി ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. പപ്പന്‍ മാസ്റ്ററുടെ പേരുപോലും പെണ്‍കുട്ടി ഭയത്തോടുകൂടിയാണ് ഓര്‍മിക്കുന്നതെന്നും ക്ലാസ് മുറിയില്‍വച്ചും ശുചിമുറിയില്‍വച്ചും നിരന്തരമായി ലൈംഗികാതിക്രമത്തിനു വിധേയമാകേണ്ടിവന്ന പെണ്‍കുട്ടിയോട് വിവരം പുറത്ത് പറഞ്ഞാല്‍ മാതാവിനെ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പറഞ്ഞതായും സഹപാഠി വെളിപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളിലെ മറ്റു വിദ്യാര്‍ഥികളെയും പ്രതി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി സഹപാഠിയോട് പറഞ്ഞതായും വെളിപ്പെടുത്തിയിരുന്നു. പൊലിസന്വേഷണം ആ വഴിക്കൊന്നും നീങ്ങിയേയില്ല.

കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസും ജാമ്യഹരജി പരിഗണിച്ച പോക്‌സോ കോടതിയും ഹൈകോടതിയും കണ്ടെത്തിയ നിഗമനങ്ങളും രേഖാപരമായ തെളിവുകളും കേസന്വേഷണം നടത്തിയ ഐ.ജിയുടെ നേതൃത്വത്തിലെ പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണം പാടെ നിരാകരിച്ച്, കുട്ടികളോട് ക്രൂരത കാണിച്ചുവെന്നാരോപിച്ചുള്ള ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 ാം വകുപ്പനുസരിച്ചും പെണ്‍കുട്ടിയെ ദേഹോപദ്രവം ഏല്‍പിച്ചുവെന്നാരോപിച്ചുള്ള ഐ.പി.സി 323, 324 വകുപ്പുകള്‍ ചേര്‍ത്ത് നിസാരവല്‍കരിച്ചുള്ള അട്ടിമറി അതീവഗുരുതരമാണ്. ഐ.ജിയുടെ നേതൃത്വത്തിലെ പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ ദൗത്യം എന്തായിരുന്നു? ബലാത്സംഗത്തിനിരയായ വിദ്യാര്‍ഥിനിയുടെ കണ്ണീര്‍ കാണാന്‍ സാധിക്കാതെ പോയ പൊലിസ് കഴുകന്റെ രക്ഷകരായി മാറിയത് അതീവ ഗുരുതരമാണ്.

കാക്കിക്കുള്ളില്‍ മനുഷ്യത്വം മരവിച്ച പൊലിസ് പ്രതിയുടെ സംരക്ഷകരായി മാറുമ്പോള്‍ രക്ഷ നീതിപീഠം തന്നെയാണ്. യഥാര്‍ഥ പ്രതിയെ രക്ഷപ്പെടുത്താന്‍ പൊലിസിന് നിരവധി തന്ത്രങ്ങളുണ്ട്. അതിനായി പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥന്മാരും പൊലിസ് സേനയിലുണ്ടെന്നതാണ് ഏറെ ഖേദകരം. പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഉന്നതരായ സി.പി.എം നേതാക്കളെ കുറ്റകരമായ ഗൂഢാലോചനയില്‍നിന്ന് രക്ഷപ്പെടുത്തിയതും ഇതുപോലൊരു രീതിയില്‍ കൂടിയായിരുന്നു. ഇരട്ടക്കൊലപാതകം കഴിഞ്ഞ ഉടനെ പാര്‍ട്ടി ഗ്രാമത്തിലെത്തിയ പ്രതികളെ സ്വീകരിച്ച് പാര്‍ട്ടി ഓഫിസില്‍ കൊണ്ടുപോയ നേതാക്കന്മാര്‍ക്കെതിരേ കുറ്റകരമായ ഗൂഢാലോചന കുറ്റം ചുമത്തുന്നതിനു പകരം പ്രതികള്‍ക്ക് അഭയം നല്‍കിയെന്ന നിസ്സാര കുറ്റം ചുമത്തി സഹായിച്ച നടപടിയാണ് ഹൈക്കോടതിയുടെ ശാസന പൊലിസ് ഏറ്റുവാങ്ങേണ്ടിവന്നത്. ശുഹൈബ് വധക്കേസിലും ഇതുണ്ടായി.

ഇന്ത്യന്‍ പീനല്‍കോഡില്‍ 2013ല്‍ നടത്തിയ ഭേദഗതിയനുസരിച്ച് കേസന്വേഷണം അട്ടിമറിനടത്തുന്ന പൊലിസ് ഉദ്യോഗസ്ഥന്മാരെ പ്രോസിക്യൂട്ട് ചെയ്യാവുന്നതാണ്. സ്ത്രീ പീഡനം, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, മാനഭംഗപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചുള്ള പരാതി രേഖപ്പെടുത്തുന്നതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരുടെ നടപടി ആറ് മാസത്തില്‍ കുറയാത്തതും രണ്ട് വര്‍ഷത്തില്‍ കവിയാത്തതുമായ കുറ്റകൃത്യമാക്കിക്കൊണ്ട് ഇന്ത്യന്‍ പീനല്‍കോഡിന് പുതുതായി 166 എ വകുപ്പ് കൂട്ടിച്ചേര്‍ത്തുകൊണ്ട് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഗുജറാത്ത് കലാപത്തോടനുബന്ധിച്ച് കൗസര്‍ബാനു എന്ന സ്ത്രീ പൊലിസിന് നല്‍കിയ മൊഴി തെറ്റായി രേഖപ്പെടുത്തി കേസ് അട്ടിമറിച്ച പൊലിസുദ്യോഗസ്ഥര്‍ക്കെരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലിസുകാരെ കോടതി ശിക്ഷിച്ച സംഭവമുണ്ടായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി കേസില്‍ മുഴുവന്‍ പ്രതികളെയും ശിക്ഷിച്ച കീഴ്‌കോടതി വിധി പാടെ മാറ്റി മുഴുവന്‍ പ്രതികളെയും കുറ്റമുക്തമാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെ സുപ്രിംകോടതിയില്‍ ബോധിപ്പിച്ച അപ്പീല്‍ അനുവദിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ പുനര്‍വാദം നടത്തുകയും നാല് പ്രതികളൊഴികെ മുഴുവന്‍ പ്രതികളെയും ശിക്ഷിച്ചുകൊണ്ട് വിധിയുണ്ടായ ചരിത്രവും കേരളത്തിലുണ്ടായിട്ടുണ്ട്. മേല്‍ കാരണത്താല്‍ തന്നെ പാലത്തായി കേസില്‍ പൊലിസ് നടപടി ഇവിടെ അവസാനിക്കുന്നില്ല.

ക്രൈംബ്രാഞ്ച് തലശ്ശേരി പോക്‌സോ കോടതിയില്‍ ബോധിപ്പിച്ച കുറ്റപത്രം ഭാഗികമാണെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഏക പ്രതിയുള്ള ഒരു കേസില്‍ ലഭ്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍ കേസിനെ അട്ടിമറിച്ച് നിസാരവല്‍ക്കരിച്ച ക്രൈംബ്രാഞ്ച് നടപടി അപലപനീയമാണ്. ക്രിമിനല്‍ നിയമസംഹിതയില്‍ ഭാഗികമായ കുറ്റപത്രമെന്നൊന്നില്ല. ഉന്നത ഗൂഢാലോചന നടന്ന കേസില്‍ മറ്റു പ്രതികളെ കണ്ടെത്തേണ്ട കേസുകളില്‍ കുറ്റപത്രം ബോധിപ്പിച്ച് തുടരന്വേഷണം നടക്കുന്നുവെന്ന് പറയുന്നത് സാധാരണയാണ്. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലും ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലും പൊലിസ് കുറ്റപത്രം ബോധിപ്പിച്ചിട്ടും തുടരന്വേഷണം നടത്തിയിട്ടുണ്ടായിരുന്നു.
കേരളത്തില്‍ അടുത്തകാലത്തായി നടന്ന ഏറ്റവും ഹീനമായ ഒരു ബലാത്സംഗ കേസിനെ നിസാരവല്‍ക്കരിക്കാനും പ്രതിക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കാനും അവസരമൊരുക്കുമാറ് കേസന്വേഷണം അട്ടിമറിക്കാന്‍ പൊലിസുദ്യോഗസ്ഥര്‍ക്ക് ധൈര്യം നല്‍കുന്നത് രാഷ്ട്രീയ- ഭരണ നേതൃത്വം തന്നെയാണ്. കേസിനെ നിസാരവല്‍ക്കരിച്ച് കുറ്റപത്രം ബോധിപ്പിച്ച വിവരം മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ ഉന്നയിച്ചപ്പോള്‍ പരിശോധിക്കാമെന്ന പതിവ് മറുപടിയാണുണ്ടായതെന്നറിയുന്നു. സ്ത്രീ സുരക്ഷയെപ്പറ്റി സംസാരിക്കുമ്പോള്‍ വാചാലമാകുന്ന ആരോഗ്യമന്ത്രി, തന്റെ സ്വന്തം നിയോജക മണ്ഡലത്തില്‍ നടന്ന ഈ കേസ് അട്ടിമറിയെ സംബന്ധിച്ച് ശബ്ദിക്കാത്തത് ഖേദകരമാണ്.

 

(ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമാണു ലേഖകന്‍)

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.