2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഫലസ്തീനെതിരായ യുദ്ധകുറ്റങ്ങള്‍; ഇസ്രയേലിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നേരിടാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് മനുഷ്യാവകാശ സംഘടന

ലണ്ടന്‍: ഫലസ്തീന്‍ ജനതക്ക് മേല്‍ നടത്തുന്ന യുദ്ധകുറ്റങ്ങളുടെ പേരില്‍ ഇസ്രായേലിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നേരിടണമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിനോട് ഐ.സി.ജെ.പി (ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് ജസ്റ്റിസ് ഫോര്‍ ഫലസ്തീനിയന്‍സ്) ആവശ്യപ്പെട്ടു. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീനികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി പ്രയത്‌നിക്കുന്ന എന്‍.ജി.ഒയാണ് ഐ.സി.ജെ.പി.

ഉക്രൈനെതിരെ റഷ്യ മനുഷ്യാവകാശ ലംഘനങ്ങളും യുദ്ധകുറ്റങ്ങളും നടത്തുന്നു എന്നാരോപിച്ച് യു.കെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ റഷ്യക്കെതിരെ കക്ഷി ചേര്‍ന്നതോടെയാണ്, ഇസ്രാഈലിനെതിരെയും യുദ്ധകുറ്റങ്ങളുടെ പേരില്‍ കേസ് കൊടുക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് ഐ.സി.ജെ.പി ആവശ്യപ്പെട്ടത്. ‘ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് ഇവിടെ പ്രകടമാകുന്നത്.

ഒരു രാജ്യത്തിന്റെ തലവനെതിരെ യുദ്ധകുറ്റങ്ങള്‍ ആരോപിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമ നടപടികളിലേക്കും മറ്റ് പ്രതിഷേധമാര്‍ഗങ്ങളിലേക്കും കടക്കുമ്പോള്‍, ഇതേ രീതിയില്‍ കനത്ത മനുഷ്യാവകാശ ലംഘനങ്ങളും യുദ്ധ കുറ്റങ്ങളും നടത്തുന്ന മറ്റൊരു രാജ്യത്തെ അവര്‍ പിന്തുണക്കുകയും സൗഹാര്‍ദപരമായുള്ള ബന്ധം വെച്ച് പുലര്‍ത്തുകയുമാണ്,’ ഐ.സി.ജെ.പി യുടെ ഡയറക്ടര്‍ തയബ് അലി പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

‘ലോകത്തിന്റെ മറ്റേതൊരു പ്രവിശ്യയിലും ജീവിക്കുന്ന മനുഷ്യര്‍ക്ക് രാജ്യാന്തര നിയമം അനുസരിച്ച് ലഭ്യമാകേണ്ട അവകാശങ്ങളും സംരക്ഷണയും ഫലസ്തീനികള്‍ക്കും ബാധകമാണ്. ഫലസ്തീന്‍ ജനതക്ക് മേല്‍ യുദ്ധകുറ്റങ്ങളും മറ്റ് അതിക്രമങ്ങളും പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിനെ പിന്തുണക്കുന്നത് യു.കെക്ക് ഒട്ടും അഭികാമ്യമല്ല,’ തയബ് അലി കൂട്ടിച്ചേര്‍ത്തു. അതേസമയം ഫലസ്തീനോടുള്ള ഇസ്രാഈലിന്റെ സമീപനത്തെ വിവരിക്കാന്‍ ‘വര്‍ണ്ണ വിവേചനം’ എന്ന വാക്കുപയോഗിക്കുന്നതിനെ എതിര്‍ക്കണമെന്ന ഇസ്രാഈലിന്റെ ആവശ്യത്തെ യു.കെ അംഗീകരിച്ചിരുന്നു.

കൂടാതെ രാജ്യാന്തര വേദികളില്‍ ഇസ്രാഈല്‍ വിരുദ്ധവും പക്ഷപാതപരവുമായ കാര്യങ്ങളെ നേരിടുമെന്നും യു.കെ തീരുമാനമെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.