പാലക്കാട്: ഷൊര്‍ണൂര്‍ കവളപ്പാറയിലെ സഹോദരിമാര്‍ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കവര്‍ച്ച ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. വീട്ടില്‍ തീ ഉയര്‍ന്നതിനു പിന്നാലെ ഇറങ്ങിയോടിയ പട്ടാമ്പി സ്വദേശിയായ മണികണ്ഠനാണ് കൊലപാതകം നടത്തിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. നീലാമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരാണ് ഇന്നലെ ഉച്ചയോടെയാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍ തീ ഉയരുന്നത് കണ്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. അഗ്‌നിരക്ഷാസേനയെത്തി തീയണക്കാന്‍ ശ്രമിക്കുമ്പോഴാണ് ഒരാള്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങിപ്പോകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തീപ്പൊള്ളലേറ്റിട്ടില്ലെങ്കിലും ഇയാളുടെ മുഖമുള്‍പ്പെടെ മുറിവേറ്റ് രക്തം ഒഴുകുന്ന നിലയിലായിരുന്നു.
തുടര്‍ന്ന് ഇയാളെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സഹോദരിമാര്‍ ആത്മഹത്യാശ്രമം നടത്തുന്നത് കണ്ട് അത് തടയാനായി എത്തിയതാണ് എന്നാണ് ഇയാള്‍ പറഞ്ഞത്. സ്വദേശിയായ ഇയാളുടെ പേരില്‍ പട്ടാമ്പി, തൃത്താല പൊലീസ് സ്റ്റേഷനില്‍ കേസുള്ളതായും കണ്ടെത്തി.
സഹോദരിമാര്‍ക്ക് നാട്ടുകാരുമായോ സമീപവാസികളുമായോ അടുപ്പമില്ലായിരുന്നു എന്ന് നഗരസഭ കൗണ്‍സിലര്‍ പറയുന്നു. രണ്ട് വീട്ടിലും നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചാണ് ഇവര്‍ താമസിച്ചിരുന്നത്. സമീപത്ത് മറ്റ് വീടുകളില്ല. 20 വര്‍ഷംമുമ്പാണ് ഇവര്‍ കവളപ്പാറയിലെത്തിയതെന്ന് സമീപവാസികള്‍ പറഞ്ഞു.
Comments are closed for this post.