
പാലക്കാട്: പാലക്കാട് ജില്ലയില്‍ സി.പി.എം സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടിക പുറത്തുവന്നപ്പോള്‍ തൃത്താലയില്‍ മത്സരം തീപാറുമെന്നുറപ്പായി. കോണ്‍ഗ്രസിലെ യുവരക്തം വി.ടി ബല്‍റാമിനെ തളയ്ക്കാന്‍ മുന്‍ എം.പി എം.ബി രാജേഷിനെയാണ് സി.പി.എം രംഗത്തിറക്കുന്നത്. പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ വി.കെ ശ്രീകണ്ഠനോട് പരാജയപ്പെട്ട എം.ബി രാജേഷിനെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് സി.പി.എം കണക്കു കൂട്ടല്‍.
അതേ സമയം കാലടി സംസകൃസര്വകലാശാലയിലെ നിയമനവിവാദത്തില്‍ ആരോപണവിധേയയായത് എം.ബി. രാജേഷിന്റെ ഭാര്യയായിരുന്നു. ഈ ആരോപണത്തില്‍ വിദഗ്ധ സമിതിക്കെതിരേ രംഗത്തുവന്ന എം.ബി രാജേഷിനെ വെല്ലുവിളിച്ച് ഡോ. ഉമര്‍ തറമേല്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. ഇതിനോട് ഇതുവരേ പ്രതികരിക്കാന്‍ പോലും രാജേഷ് തയാറായിട്ടില്ല. ആ വിവാദം വീണ്ടും ആയുധമാക്കി മണ്ഡലം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം.
എം.ബി രാജേഷും, പി.പി സുമേദും, എ.പ്രഭാകരനും, പി.കെ ശശി, എ.കെ ബാലന്റെ ഭാര്യ ജമീലയുമാണ് പോലക്കാട് ജില്ലയില്‍ നിന്നുള്ള മറ്റു സ്ഥാനാര്‍ഥികള്‍. മലമ്പുഴയില്‍ എ.പ്രഭാകരന്, തൃത്താല എം.ബി രാജേഷ്, കോങ്ങാട് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി.പി സുമോദ്, തരൂരില്‍ ജമീല ബാലന് എന്നിവരുടെ പേരാണ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചത്.
മന്ത്രി എ.കെ ബാലന്റെ ഭാര്യയെ പരിഗണിക്കുന്നതില്‍ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തുവന്നെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല.
പാലക്കാട് മുന്‍ ഡി.സി.സി അധ്യക്ഷന്‍ എ.വി ഗോപിനാഥ് വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് വാര്‍ത്തകള്‍. അങ്ങനെയെങ്കില്‍ എല്‍.ഡി.എഫ് പിന്തുണച്ചേക്കും. വിജയസാധ്യത പരിഗണിച്ചാവും സ്ഥാനാര്‍ഥി നിര്‍ണയമെന്നും സാഹചര്യമനുസരിച്ച് തീരുമാനമുണ്ടാകുമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന് പറഞ്ഞു.