ലാഹോർ: ഏഷ്യാ കപ്പിൽ ഇന്ത്യ ചെയ്യുന്നതുപോലെ, ലോകകപ്പ് വരുമ്പോൾ പാക്കിസ്ഥാന്റെ കളികൾ ഇന്ത്യയ്ക്കു പുറത്തു നടത്തണമെന്ന ആവശ്യവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുൻ സിഇഒ വസീം ഖാൻ. ഇന്ത്യയിൽ ഈ വർഷം അവസാനം ഏകദിന ലോകകപ്പ് നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ കളികൾ മാത്രം മറ്റൊരു വേദിയിലേക്കു മാറ്റണമെന്ന് വസീം ഖാൻ നിലപാടെടുത്തത്.
ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങൾ പാക്കിസ്ഥാനിൽ നടത്തുമ്പോൾ ഇന്ത്യയുടെ കളികൾ മാത്രം മറ്റൊരു വേദിയിൽ നടത്തുന്ന രീതി ഏകദിന ലോകകപ്പിന്റെ കാര്യത്തിലും വേണമെന്നാണ് ആവശ്യം. ബംഗ്ലദേശിൽ ലോകകപ്പ് മത്സരങ്ങൾ നടത്തണമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടേക്കുമെന്ന് ഒരു സ്പോർട്സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഐസിസി ക്രിക്കറ്റ് ജനറൽ മാനേജർ കൂടിയായ വസീം ഖാൻ നിലപാടു വ്യക്തമാക്കിയത്.
അതേസമയം, സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ ഏഷ്യാ കപ്പ് കളിക്കാൻ പാക്കിസ്ഥാനിലേക്കു പോകില്ലെന്നതാണ് ഇന്ത്യയുടെ നിലപാട്. ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗത്തിലും ഇന്ത്യ തീരുമാനത്തിൽ ഉറച്ചുനിന്നു. തുടർന്ന് ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം മറ്റേതെങ്കിലും വേദിയിലേക്കു മാറ്റാന്‍ ധാരണയായി. ഇംഗ്ലണ്ട്, യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളെയാണ് ഇതിനായി പരിഗണിക്കുന്നത്.
Comments are closed for this post.