2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കശ്മിര്‍ വിഷയം: ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കേണ്ടത് ഇന്ത്യയെന്ന് പാകിസ്താന്‍

ഇസ്‌ലാമാബാദ്: കശ്മിര്‍ വിഷയത്തില്‍ ചര്‍ച്ച പുനരാരംഭിക്കണമെങ്കില്‍ മുന്‍കൈയെടുക്കേണ്ടത് ഇന്ത്യയാണെന്ന് പാകിസ്താന്‍. അല്‍ ജസീറയുമായുള്ള അഭിമുഖത്തിലാണ് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഇക്കാര്യം വ്യക്തമാക്കിയത്. കശ്മിരിലെ മനുഷ്യാവകാശ ധ്വംസനം അവസാനിപ്പിച്ചാലേ ഇരു രാജ്യങ്ങളും ഒരു മേശയ്ക്കിരുവശവും ചര്‍ച്ചയ്ക്കായി ഇരിക്കാനാവൂവെന്നും വ്യവസ്ഥവച്ചു. ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം മോശമായതിന് ഉത്തരവാദി ഇന്ത്യയാണ്. ഇനി ബന്ധം മെച്ചപ്പെടണമെങ്കില്‍ മുന്‍കൈയെടുക്കേണ്ടതും ഇന്ത്യ തന്നെയാണെന്നും കശ്മിരിനുള്ള പ്രത്യേക ഭരണഘടനാപരമായ അവകാശം എടുത്തുകളഞ്ഞതിനെ പരാമര്‍ശിച്ച് ഷാ പറഞ്ഞു.

2016 സെപ്റ്റംബറില്‍ ഇന്ത്യന്‍ സേന പാകിസ്താനില്‍ മിന്നലാക്രമണം നടത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷിബന്ധം വഷളായത്. 2018 ജൂലൈയില്‍ ഇമ്രാന്‍ഖാന്‍ അധികാരത്തിലേറിയതോടെ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യ വീണ്ടും പാക് അതിര്‍ത്തി കടന്ന് ആക്രമണം നടത്താന്‍ കോപ്പുകൂട്ടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് പാക് വിദേശകാര്യ മന്ത്രി ആരോപിച്ചിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹത്തിന് പങ്കുണ്ട്. കാരണം ദക്ഷിണേഷ്യയിലെ ആണവപരിതസ്ഥിതി അവര്‍ക്കറിയാം. കാര്യങ്ങള്‍ തെറ്റായ നിലയില്‍ പോയാല്‍, ഒരു യുദ്ധമുണ്ടാവുകയാണെങ്കില്‍ അത് ഭീകരമായിരിക്കും. അതിന്റെ പ്രത്യാഘാതങ്ങള്‍ മേഖലയ്ക്കു പുറത്തേക്കു പോകും- ഖുറേഷി ചൂണ്ടിക്കാട്ടി. അയല്‍രാജ്യമായ അഫ്ഗാനിലെ സംഘര്‍ഷാവസ്ഥ സംബന്ധിച്ച ചോദ്യത്തിന് പാകിസ്താന്‍ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ അതിനുള്ള ഉത്തരവാദിത്വം അഫ്ഗാന്‍ സര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.